ലുധിയാന: പഞ്ചാബിലെ ജലന്ധറിലുള്ള ലവ്‌ലി പ്രൊഫഷണൽ യൂണിവേഴ്‌സിറ്റിയിൽ (എൽ.പി.യു.) വിദ്യാർഥികൾ നടത്തിയ പ്രതിഷേധവുമായി ബന്ധപ്പെട്ട് ഒരു മലയാളി വിദ്യാർഥി അറസ്റ്റിലായതായി വിവരം. വാഹനങ്ങൾ കത്തിച്ചതുമായി ബന്ധപ്പെട്ടാണ് അറസ്റ്റ് എന്നാണ് വിവരം. എന്നാൽ ഇതിനെ സ്ഥിരീകരിക്കുന്ന ഔദ്യോഗിക വിവരങ്ങളൊന്നും ഇതുവരെയും ലഭ്യമായിട്ടില്ല. വിദ്യാർഥി അറസറ്റിലായോ എന്നത് സ്ഥിരീകരിക്കാൻ ശ്രമം നടക്കുന്നതായും കാമ്പസിൽ കുടുങ്ങിയിട്ടുള്ള മലയാളി വിദ്യാർഥികളെ നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുന്നതായും പഞ്ചാബിലെ ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ (എഐഎംഎ) പ്രതിനിധി അറിയിച്ചു.

To advertise here,

സംഘർഷത്തിനിടെ പരിക്കേറ്റ മലയാളി വിദ്യാർഥികൾക്ക് ആവശ്യമായ ചികിത്സയും സുരക്ഷയും ഉറപ്പാക്കാൻ എഐഎംഎ സജീവമായി ഇടപെടുന്നുണ്ടെന്ന് അസോസിയേഷന്റെ പഞ്ചാബിലെ പ്രതിനിധി അലക്‌സ് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. സംഘർഷത്തിനിടെ പരിക്കേറ്റ മലപ്പുറം സ്വദേശിയായ വിദ്യാർത്ഥിയെ ലുധിയാന ക്രിസ്ത്യൻ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം നാട്ടിലേക്ക് അയച്ചിട്ടുണ്ട്. നൂറുകണക്കിന് വിദ്യാർത്ഥികളെ സുരക്ഷിതമായി നാട്ടിലെത്തിക്കാനുള്ള ക്രമീകരണങ്ങൾ നടന്നുവരികയാണ്.

ഹോസ്റ്റലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ ചില്ലുകൾ പൊട്ടിയും അടുക്കള ഭാഗത്ത് തീപിടിച്ചും മറ്റു ചില വിദ്യാർഥികൾക്കും പരിക്കേറ്റിട്ടുണ്ട്. ഇവർക്ക് ജലന്ധറിൽ പ്രാഥമിക ശുശ്രൂഷ നൽകാനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ക്യാമ്പസിൽ കുടുങ്ങിയ 700-ഓളം വിദ്യാർത്ഥികളെ ബസുകളിലും മറ്റു വാഹനങ്ങളിലുമായി ചണ്ഡീഗഡ്, ഡൽഹി എന്നിവിടങ്ങളിലേക്ക് മാറ്റാനുള്ള ശ്രമങ്ങൾ എഐഎംഎ പ്രവർത്തകരുടെ നേതൃത്വത്തിൽ നടന്നു വരികയാണ് എന്നും അലക്‌സ് വ്യക്തമാക്കി.

അതേസമയം, പോലീസ് വാഹനത്തിന് തീയിട്ടെന്ന ആരോപണത്തിൽ ഒരു മലയാളി വിദ്യാർഥി അറസ്റ്റിലായതായി സൂചനയുണ്ടെന്നും അദ്ദേഹം പറഞ്ഞു. പോലീസിന്റെ വാഹനത്തിന് തീയിട്ടു എന്ന ആരോപണത്തിൽ ഒരു മലയാളി വിദ്യാർത്ഥിയെ അറസ്റ്റ് ചെയ്തതായി സൂചനയുണ്ടെങ്കിലും ഇതിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. വിദ്യാർഥികളിൽ നിന്ന് കിട്ടിയ വിവരമാണ് ഇതെന്നും അറസ്റ്റ് സ്ഥിരീകരിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കുട്ടി സംഭവത്തിൽ ഉൾപ്പെട്ടിട്ടില്ലെന്നും നിരപരാധിയാണെന്നുമാണ് സഹവിദ്യാർഥികൾ വ്യക്തമാക്കുന്നത്.

ഇത്തരത്തിൽ നിരവധി വിദ്യാർഥികളെ ക്യാമ്പസിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ ഇതിനെക്കുറിച്ച് പോലീസിന്റെ ഭാഗത്തുനിന്നോ സർക്കാരിന്റെ ഭാഗത്തുനിന്നോ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. സംഘർഷത്തെ തുടർന്ന് സർവ്വകലാശാല നിലവിൽ ദീർഘകാല അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിലൂടെ വിദ്യാർഥികള ക്യാമ്പസിൽ നിന്ന് ഒഴിപ്പിക്കാനാണ് അധികൃതരുടെ തീരുമാനം. നിലവിൽ കാമ്പസ് പൂർണമായും പോലീസിന്റെ നിയന്ത്രണത്തിലാണ്.

ഏതാണ്ട് രണ്ടായിരത്തോളം പോലീസുകാരെയാണ് സർവ്വകലാശാലയ്ക്കുള്ളിൽ വിന്യസിച്ചിരിക്കുന്നത്. കാമ്പസിൽ നിന്ന് വാക്കിടോക്കി ഉൾപ്പെടെയുള്ള ഉപകരണങ്ങൾ പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഈ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ അക്രമത്തിന് പിന്നിൽ മറ്റേതെങ്കിലും ബാഹ്യശക്തികളുടെ ഇടപെടലോ ഗൂഢാലോചനയോ ഉണ്ടോ എന്ന കാര്യവും പോലീസ് ഗൗരവമായി അന്വേഷിക്കുന്നുണ്ട്. വരാനിരിക്കുന്ന പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ എന്തെങ്കിലും ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നാണ് സംശയം.

നേരത്തെ, ബംഗാൾ തിരഞ്ഞെടുപ്പിന്റെ സമയത്ത് ഉയർന്നുവന്ന ആർജികർ പീഡനക്കേസ് സംസ്ഥാനത്ത് വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. പിന്നാലെ നടന്ന തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന് അധികാരം നഷ്ടമായിരുന്നു. ഇതിന് സമാനമായി, പഞ്ചാബിലും തിരഞ്ഞെടുപ്പിന് മുമ്പായി അത്തരമൊരു പ്രശ്‌നം ഉയർത്തിക്കൊണ്ടുവന്ന് മനപൂർവം വിദ്യാർഥി പ്രക്ഷോഭം നടത്താനുള്ള ശ്രമം നടന്നിരുന്നോ എന്നാണ് പോലീസ് സംശയിക്കുന്നത്.

സാമൂഹികമാധ്യമങ്ങൾ വഴി വ്യാജ പ്രചാരണങ്ങൾ നടത്തി മനപൂർവം സംഘർഷം ഉണ്ടാക്കിയതാണോ എന്നും പോലീസ് അന്വേഷിച്ചുവരികയാണ്. സർവകലാശാലയിൽ ഒരു പെൺകുട്ടി ബലാത്സംഗത്തിന് ഇരയായെന്ന് വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് ശനിയാഴ്ച രാത്രി കാമ്പസിൽ പ്രതിഷേധം ആരംഭിച്ചത്. ഇത് പിന്നീട് വലിയ അക്രമത്തിലേക്ക് വഴിമാറുകയായിരുന്നു. ഹോസ്റ്റലിൽ താമസിക്കുന്ന പെൺകുട്ടിയാണ് ബലാത്സംഗത്തിന് ഇരയായതെന്നും വിവരമറിയിച്ചിട്ടും ഹോസ്റ്റൽ വാർഡൻ നടപടിയെടുത്തില്ല എന്നും ആരോപിച്ചാണ് വിദ്യാർഥികൾ പ്രതിഷേധം ആരംഭിച്ചത്.

ഹോസ്റ്റലുകളിൽ വനിതാ ജീവനക്കാരെ മാത്രം നിയമിക്കുക, ബലാത്സംഗക്കേസിൽ അടിയന്തര നടപടികൾ സ്വീകരിക്കുക തുടങ്ങി വിദ്യാർഥികൾ ഉന്നയില്ല ആവശ്യങ്ങളിൽ പോലീസും സർവകലാശാല അധികൃതരും ചർച്ച നടത്തിയിരുന്നു. കേസിൽ, പെൺകുട്ടിയുടെ പരാതിയിൽ പോലീസ് ബലാത്സംഗത്തിന് കേസെടുക്കുകയും അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ, സംഭവം സ്ഥിരീകരിക്കുന്ന തരത്തിലുള്ള തെളിവുകളൊന്നും ലഭിച്ചിട്ടില്ല എന്നാണ് പോലീസ് പറയുന്നത്.