ന്യൂഡൽഹി: ട്രാഫിക് നിയമലംഘനവുമായി ബന്ധപ്പെട്ട പിഴത്തുക ഈടാക്കുന്നതിനുള്ള മാർഗമായി വൈദ്യുതി ബില്ലുകളെ ഉപയോഗപ്പെടുത്തുന്ന കാര്യം പരിഗണിക്കണമെന്ന് സുപ്രീംകോടതി സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദേശം നൽകി.
ഗതാഗത നിയമലംഘനങ്ങളിൽ അടയ്ക്കാത്ത ഇ-ചലാൻ പിഴകൾ ഈടാക്കുന്നതു സംബന്ധിച്ച ഹർജി പരിഗണിക്കുന്നതിനിടെ ജസ്റ്റിസ് ജെ.ബി. പാർദിവാല, ജസ്റ്റിസ് കെ.വി. വിശ്വനാഥൻ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഈ നിർദേശം മുന്നോട്ടുവെച്ചത്.
ഇ-ചലാനുകൾ നൽകുന്നതിൽമാത്രം ഒതുങ്ങാതെ അധികാരികൾ പിഴ ഈടാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ജസ്റ്റിസ് പർദിവാല ആവശ്യപ്പെട്ടു. 'ഇ-ചലാനുകൾ നൽകിക്കൊണ്ടിരുന്നാൽമാത്രം പോരാ. പോലീസ് ആയിരക്കണക്കിനും ലക്ഷക്കണക്കിനും ഇ-ചലാനുകൾ നൽകിയേക്കാം. എന്നാൽ ഇ-ചലാനുകൾ വഴി ചുമത്തുന്ന പിഴ എങ്ങനെ ഈടാക്കും എന്നതാണ് ചോദ്യം', ജസ്റ്റിസ് പർദിവാല പറഞ്ഞു.
തുടർന്ന്, അടയ്ക്കാത്ത ട്രാഫിക് പിഴകൾ വൈദ്യുതി ബില്ലുകളിലേക്ക് ചേർക്കാമെന്നും, അതുവഴി പിഴയൊടുക്കാൻ വീഴ്ച വരുത്തുന്നവർ അത് അടച്ചുതീർക്കാൻ നിർബന്ധിതരായിത്തീരുമെന്നും കോടതി നിർദേശിച്ചു.
'ആളുകൾ ട്രാഫിക് ചലാൻ തുക അടയ്ക്കുന്നില്ലെങ്കിൽ, അത് അവരുടെ വൈദ്യുതി കുടിശ്ശിക ബില്ലിൽ ചേർക്കുക. അവർക്ക് വൈദ്യുതി ബിൽ അടച്ചേ തീരൂ, അല്ലാത്തപക്ഷം വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെടും. ഇതിനൊരു പരിഹാരം കണ്ടെത്തുക. ഈ രാജ്യത്ത് നിങ്ങൾ അതിനുള്ള വഴികൾ കണ്ടെത്തിയേ തീരൂ', കോടതി പറഞ്ഞു.
ഇ-ചലാനുകൾ വഴി 45000 കോടി രൂപ ഈടാക്കാനുണ്ടെന്നും ഇതുവരെ 25000 കോടി രൂപ മാത്രമാണ് പിരിച്ചെടുക്കാനായതെന്നും സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും അറിയിച്ചതിനെ തുടർന്നാണ് കോടതി ഈ നിർദേശം മുന്നോട്ടുവെച്ചത്.
കുടിശ്ശികയുള്ള എല്ലാ ചലാനുകളും തീർപ്പാക്കുന്നതുവരെ വാഹനങ്ങളുടെ രജിസ്ട്രേഷൻ സർറ്റിഫിക്കറ്റ് പുതുക്കുന്നത് തടയുക, ഡ്യൂപ്ലിക്കേറ്റ് സർറ്റിഫിക്കറ്റുകൾ നൽകുന്നത് ഒഴിവാക്കുക, ഉടമസ്ഥാവകാശ വിവരങ്ങളിലെ മാറ്റങ്ങൾ തടയുക എന്നീ മാർഗങ്ങളും കോടതിയിൽ ചർച്ചയായി.
പരിവാഹൻ പോർട്ടലിൽ കുടിശ്ശികയുള്ള വാഹനങ്ങൾ കരിമ്പട്ടികയിൽ ഉൾപ്പെടുത്താനും ഉടമസ്ഥാവകാശ കൈമാറ്റം തടയാനും കോടതി നിർദേശിച്ചു. കൂടാതെ, അത്തരം വാഹനങ്ങളുടെ ഫിറ്റ്നസ്, പൊല്യൂഷൻ സർറ്റിഫിക്കറ്റുകൾ തടഞ്ഞുവെക്കുന്നതിനെക്കുറിച്ചും, ഡ്രൈവിംഗ് ലൈസൻസുകൾ പുതുക്കുന്നത് തടയുന്നതിനെയും നിലവിലുള്ള ലൈസൻസുകൾ റദ്ദാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിനെക്കുറിച്ചും കോടതി ചർച്ചചെയ്തു. ഈ നടപടികൾ താഴെത്തട്ടിൽ ഫലപ്രദമായി നടപ്പാക്കണമെന്നും ജസ്റ്റിസ് പർദിവാല പറഞ്ഞു.
മിന്നൽ പരിശോധനകൾ നടത്തി ഇ-ചലാൻ തുക അടച്ചിട്ടില്ലെന്ന് കണ്ടെത്തിയാൽ വാഹനം പിടിച്ചെടുക്കുന്നതിനുള്ള ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും കോടതി പറഞ്ഞു.
കോയമ്പത്തൂർ കേന്ദ്രീകരിച്ചുള്ള ഓർത്തോപീഡിക് സർജൻ എസ് രാജശേഖരൻ 2012-ൽ റോഡ് സുരക്ഷയ്ക്കായി സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജിയുടെ ഭാഗമായാണ് ഈ അപേക്ഷ കോടതി പരിഗണിച്ചത്. റോഡ് അപകടങ്ങൾ കുറയ്ക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങളും അപകടാനന്തര പരിചരണവും മെച്ചപ്പെടുത്തുന്നതിനുമുള്ള ഏകോപിതമായ നടപടികളും ആവശ്യപ്പെട്ടാണ് ഹർജി.
Content Highlights: Supreme Court suggests linking unpaid traffic e-challan fines to electricity bills to ensure collection., Authorities are advised to find strict ways to recover pending fines amounting to thousands of crores., Vehicles with pending challans may face restrictions on RC renewal, fitness certificates, and transfer of ownership., Court discussed blacklisting defaulter vehicles on the Parivahan portal and seizing vehicles during flash inspections.
Published: 28 Sept 2026, 05:12 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented