കൊച്ചി: പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയുമ്പോൾ ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി ചികിത്സ തേടുകയും പുറത്തിറങ്ങിയപ്പോൾ വിദേശയാത്രയ്ക്ക് അനുമതി വേണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നതിലെ വൈരുധ്യം എങ്ങനെ ന്യായീകരിക്കാനാകുമെന്ന് മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരിയോട് ആരാഞ്ഞ് ഹൈക്കോടതി. ജസ്റ്റിസ് എ. ബദറുദ്ദീനാണ് ഈ നിരീക്ഷണം നടത്തിയത്.

To advertise here,

ദുബായിലെ ഒരു സ്ഥാപനത്തിൽ ജോലിയുണ്ടെന്നും അവിടെ മറ്റൊരു സ്ഥാപനവുമായി ബന്ധപ്പെട്ട് നിക്ഷേപമുണ്ടെന്നും കാണിച്ച് വിദേശയാത്രാ വിലക്ക് നീക്കാനായി തച്ചങ്കരി സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതിയുടെ വിമർശനം.

തച്ചങ്കരി ജയിലിൽ കഴിഞ്ഞ കാലയളവിൽ എത്രദിവസം സെല്ലിലും എത്രദിവസം ആശുപത്രിയിലും കഴിയേണ്ടിവന്നു, എന്തിനാണ് ചികിത്സ തേടിയത്, എന്താണ് അദ്ദേഹത്തിന്റെ അസുഖം തുടങ്ങിയ കാര്യങ്ങളിൽ വ്യക്തതവരുത്താൻ ജയിൽ സൂപ്രണ്ടിനോട് ഹൈക്കോടതി നിർദേശിച്ചു. ചികിത്സ സംബന്ധിച്ച വിവരങ്ങളും ആശുപത്രിയിൽ പ്രവേശിപ്പിച്ച ദിവസങ്ങളുടെ എണ്ണവും ഉൾപ്പെടുത്തി സമഗ്രമായ റിപ്പോർട്ട് സമർപ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇത്തരം കാര്യങ്ങൾ കാണുമ്പോൾ കോടതിയിലിരിക്കുന്നവർക്ക് ബുദ്ധിയില്ലെന്ന് ജനങ്ങൾ സംശയിക്കുമെന്നും കോടതിയിലുള്ളവരും ബുദ്ധിയുള്ളവരാണെന്നും ജസ്റ്റിസ് എ. ബദറുദ്ദീൻ വ്യക്തമാക്കി.

അനധികൃത സ്വത്തുസമ്പാദനക്കേസിൽ കഴിഞ്ഞ സെപ്റ്റംബർ 17-നാണ് കോട്ടയം വിജിലൻസ് കോടതി തച്ചങ്കരിക്ക് നാലുവർഷം കഠിനതടവും 30,84,892 രൂപ പിഴയും വിധിച്ചത്. സംസ്ഥാനത്ത് ആദ്യമായിട്ടാണ് ഒരു മുൻ ഡിജിപി അഴിമതിക്കേസിൽ ജയിലിലാകുന്നത്. തുടർന്ന് പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റിയ അദ്ദേഹം ഒരുമാസത്തോളം ശിക്ഷ അനുഭവിച്ചു. ഹൈക്കോടതി ശിക്ഷ മരവിപ്പിച്ചതിനെ തുടർന്ന് പുറത്തിറങ്ങിയെങ്കിലും അദ്ദേഹത്തിന്മേലുള്ള വിദേശയാത്രാവിലക്ക് നിലനിൽക്കുന്നുണ്ട്.