ന്യൂഡൽഹി: വി.ഡി. സവർക്കറെക്കുറിച്ച് നടത്തിയ പരാമർശങ്ങളുടെ പേരിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരായ കേസ് സുപ്രീംകോടതി റദ്ദാക്കി. സ്വകാര്യ ക്രിമിനൽ പരാതിയുടെ അടിസ്ഥാനത്തിൽ ഉത്തർപ്രദേശിൽ നിലനിന്നിരുന്ന കേസാണ് സുപ്രീംകോടതി റദ്ദാക്കിയത്. രാഹുലിനെതിരേ പ്രോസിക്യൂഷൻ അനുമതി നൽകിയിട്ടില്ലെന്ന് ഉത്തർപ്രദേശ് സർക്കാർ സുപ്രീംകോടതിയിൽ വ്യക്തമാക്കി. ഇതേത്തുടർന്നാണ് കേസും അതിന്റെയടിസ്ഥാനത്തിൽ ലഖ്‌നൗ കോടതി പുറപ്പടുവിച്ച സമൻസും സുപ്രീംകോടതി റദ്ദാക്കിയത്.
ജസ്റ്റിസുമാരായ ദീപാങ്കർ ദത്ത, ഷീൽ നാഗു എന്നിവരടങ്ങിയ ബെഞ്ചാണ് രാഹുൽ വിദ്വേഷപ്രസംഗം നടത്തിയെന്നാരോപിച്ച് നൽകിയ കേസ് റദ്ദാക്കിയത്. വിവിധ വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തിയെന്നാരോപിച്ച് ഇന്ത്യൻ ശിക്ഷാനിയമത്തിലെ 153-എ, 505 വകുപ്പുകൾ പ്രകാരം വിചാരണ നേരിടാൻ ലഖ്‌നൗവിലെ വിചാരണ കോടതി പുറപ്പെടുവിച്ച സമൻസ് ചോദ്യംചെയ്താണ് രാഹുൽ സുപ്രീംകോടതിയെ സമീപിച്ചത്. നേരത്തേ വിഷയത്തിൽ ഇടപെടാൻ അലഹാബാദ് ഹൈക്കോടതി വിസമ്മതിച്ചിരുന്നു.
ഇന്ന് കേസ് വാദത്തിനെടുത്തപ്പോൾ സംസ്ഥാന സർക്കാർ പ്രോസിക്യൂഷന് അനുമതി നൽകിയിട്ടുണ്ടോയെന്ന് ജസ്റ്റിസ് ദീപാങ്കർ ദത്ത ചോദിച്ചു. സംസ്ഥാനത്തിനുവേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ കെ.എം. നടരാജ് അനുമതി നൽകിയിട്ടില്ലെന്ന് വ്യക്തമാക്കി. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 153-എ പ്രകാരമുള്ള കേസുകളിൽ സംസ്ഥാന സർക്കാരിന്റെ അനുമതി നിർബന്ധമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഭാരത് ജോഡോ യാത്രയ്ക്കിടെ 2022 നവംബർ 17-ന് നടത്തിയ പ്രസംഗത്തിലാണ് സവർക്കറെ ബ്രിട്ടീഷുകാരുടെ സഹായിയെന്ന് രാഹുൽഗാന്ധി വിശേഷിപ്പിച്ചത്. സവർക്കർ ബ്രിട്ടീഷ് ഭരണകൂടത്തിൽനിന്ന് പെൻഷൻ വാങ്ങിയിരുന്നെന്നും രാഹുൽ ആരോപിച്ചിരുന്നു. ഇതിനെതിരേ അഭിഭാഷകൻ നൃപേന്ദ്ര പാണ്ഡെയാണ് ലഖ്‌നൗവിലെ വിചാരണ കോടതിയിൽ ക്രിമിനൽ പരാതി നൽകിയത്. പരാമർശം സമൂഹത്തിൽ വിദ്വേഷവും അസ്വാരസ്യവും സൃഷ്ടിക്കാൻ ഉദ്ദേശിച്ചുള്ളതാണെന്നായിരുന്നു പരാതിക്കാരന്റെ ആരോപണം. ആദ്യം പരാതി തള്ളിയെങ്കിലും പിന്നീട് സെഷൻസ് കോടതി ഇടപെട്ടതിനെത്തുടർന്ന് വിഷയം വീണ്ടും പരിഗണിക്കുകയായിരുന്നു. തുടർന്ന് ലഖ്‌നൗ മജിസ്ട്രേറ്റ് രാഹുൽ ഗാന്ധിക്കെതിരേ സമൻസ് പുറപ്പെടുവിച്ചു.
2025 ഏപ്രിലിൽ കേസ് പരിഗണിച്ച ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് സമൻസ് നടപടികൾ സ്റ്റേ ചെയ്തിരുന്നു. എന്നാൽ, സവർക്കറെക്കുറിച്ചുള്ള രാഹുൽഗാന്ധിയുടെ പരാമർശങ്ങളിൽ കോടതി അതൃപ്തി രേഖപ്പെടുത്തുകയും ഇത്തരം പരാമർശങ്ങൾ ആവർത്തിച്ചാൽ സ്വമേധയാ കോടതിയലക്ഷ്യ നടപടികൾ സ്വീകരിക്കേണ്ടിവരുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. രാഹുലിന്റെ മുത്തശ്ശിയും മുൻ പ്രധാനമന്ത്രിയുമായ ഇന്ദിരാഗാന്ധി സവർക്കറെ പ്രശംസിച്ച് കത്തെഴുതിയിരുന്ന കാര്യവും അന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
Content Highlights: Supreme Court quashes the criminal case and summons against Rahul Gandhi in UP., State government confirms that no prosecution sanction was granted under Section 153A IPC., The case originated from a 2022 Bharat Jodo Yatra speech regarding V.D. Savarkar.
Published: 14 Aug 2026, 12:54 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented