ന്യൂഡല്‍ഹി: രാജ്യത്ത് നൂറുശതമാനം സാക്ഷരതയുള്ള സംസ്ഥാനമായ കേരളം സര്‍ക്കാര്‍ സ്‌കൂള്‍ സ്ഥാപിക്കുന്നതിനെ എന്തിന് എതിര്‍ക്കണമെന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് സംസ്ഥാന സര്‍ക്കാരിനോട് ഈ ചോദ്യം ഉന്നയിച്ചത്. 100 ശതമാനം സാക്ഷരത കരസ്ഥമാക്കിയത് വിദ്യാഭ്യാസത്തില്‍ പണം ചെലവിട്ടതുകൊണ്ടാണെന്നും സംസ്ഥാന സര്‍ക്കാരിനെ കോടതി ഓര്‍മ്മിപ്പിച്ചു. മഞ്ചേരിയിലെ എളാമ്പ്രയില്‍ അടിയന്തരമായി എല്‍പി സ്‌കൂള്‍ സ്ഥാപിക്കാന്‍ സുപ്രീം കോടതി സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കി.

To advertise here,

എളാമ്പ്രയില്‍ സര്‍ക്കാര്‍ എല്‍പി സ്‌കൂള്‍ ആരംഭിക്കാന്‍ മഞ്ചേരി മുന്‍സിപ്പാലിറ്റി സംസ്ഥാന വിദ്യാഭ്യാസ വകുപ്പിനെ സമീപിച്ചിരുന്നു. എന്നാല്‍, മുനിസിപ്പാലിറ്റിയുടെ ആവശ്യം വിദ്യാഭ്യാസ വകുപ്പ് നിരാകരിച്ചു. ഇതിനെതിരെ പ്രദേശവാസികള്‍ ഹൈക്കോടതിയെ സമീപിക്കുകയും ഹൈക്കോടതി സ്‌കൂള്‍ സ്ഥാപിക്കാന്‍ ഉത്തരവിറക്കുകയും ചെയ്തു. ഇതിനെതിരെ സംസ്ഥാന സര്‍ക്കാരാണ് സുപ്രീം കോടതിയെ സമീപിച്ചത്. എളാമ്പ്ര മേഖലയില്‍ നടത്തിയ ശാസ്ത്രീയ പരിശോധനയില്‍ വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസത്തിന് ആവശ്യമായ സൗകര്യങ്ങള്‍ ഉണ്ടെന്നും അതിനാല്‍ പുതിയ സ്‌കൂള്‍ ആവശ്യമില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.

വിദ്യാര്‍ഥികള്‍ക്ക് മറ്റ് സ്ഥലങ്ങളില്‍ പോയി പഠിക്കണമെങ്കില്‍ അതിനുള്ള സൗകര്യം ഒരുക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. എന്നാല്‍, സര്‍ക്കാരിന്റെ ഈ നിലപാടിനെ ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ് മാല ബാഗ്ചി എന്നിവര്‍ അടങ്ങിയ ബെഞ്ച് വിമര്‍ശിച്ചു. പുലര്‍ച്ചെ അഞ്ചുമണിക്ക് ബസ് കയറിപ്പോകുന്ന വിദ്യാര്‍ഥികള്‍ മടങ്ങിവരിക രാത്രി വൈകി ആയിരിക്കുമെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഇതിനിടയില്‍ അവര്‍ക്ക് പഠിക്കാനോ വിശ്രമിക്കാനോ സമയം കിട്ടുമോ എന്നും കോടതി ചോദിച്ചു.

മഞ്ചേരിയിലെ എളാമ്പ്രയില്‍ മൂന്ന് മാസത്തിനുള്ളില്‍ എല്‍പി സ്‌കൂൾ  സ്ഥാപിക്കാന്‍ സുപ്രീം ഉത്തരവിട്ടു. സര്‍ക്കാരിന് സ്വന്തം കെട്ടിടം ഇല്ലെങ്കില്‍ വാടകയ്ക്ക് കെട്ടിടമെടുത്ത് സ്‌കൂള്‍ പ്രവര്‍ത്തിക്കണം. സ്ഥിരം അധ്യാപകര്‍ ഇല്ലെങ്കിൽ കരാര്‍ അടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കാനും സുപ്രീം കോടതി നിര്‍ദേശിച്ചു. എളാമ്പ്ര നിവാസികള്‍ക്കുവേണ്ടി സീനിയര്‍ അഭിഭാഷകന്‍ പി.വി. ദിനേശ്, അഭിഭാഷകന്‍ സുല്‍ഫിക്കര്‍ അലി എന്നിവരാണ് ഹാജരായത്. സംസ്ഥാന സര്‍ക്കാരിനുവേണ്ടി സ്റ്റാന്റിങ് കോണ്‍സല്‍ സി.കെ. ശശി, അഭിഭാഷക മീന കെ. പൗലോസ് എന്നിവര്‍ ഹാജരായി.