ന്യൂഡൽഹി: സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം 33-ൽ നിന്ന് 37 ആയി വർദ്ധിപ്പിക്കാനുള്ള സുപ്രധാന നിർദ്ദേശത്തിന് കേന്ദ്ര സർക്കാർ അംഗീകാരം നൽകി. ചീഫ് ജസ്റ്റിസ് ഉൾപ്പെടാതെ ഇതോടെ ജഡ്ജിമാരുടെ എണ്ണം 37 ആകും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്. ആറ് വർഷത്തിന് ശേഷമാണ് സുപ്രീം കോടതിയുടെ അംഗബലം വർദ്ധിപ്പിക്കാനുള്ള നടപടി കേന്ദ്രം സ്വീകരിക്കുന്നത്. കെട്ടിക്കിടക്കുന്ന കേസുകൾ വേഗത്തിൽ തീർപ്പാക്കുകയും നീതിന്യായ വ്യവസ്ഥയുടെ കാര്യക്ഷമത വർദ്ധിപ്പിക്കുകയുമാണ് ഈ നീക്കത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.
നിലവിൽ സുപ്രീം കോടതിയിൽ 92,000-ത്തിലധികം കേസുകൾ വിധി കാത്തുനിൽക്കുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഈ പ്രതിസന്ധി പരിഹരിക്കുന്നതിനായി 'സുപ്രീം കോടതി (ജഡ്ജിമാരുടെ എണ്ണം) ഭേദഗതി ബിൽ, 2026' പാർലമെന്റിൽ അവതരിപ്പിക്കാൻ മന്ത്രിസഭ അനുമതി നൽകി. ഭരണഘടനയുടെ ആർട്ടിക്കിൾ 124(1) പ്രകാരം, പാർലമെന്റിന് നിയമനിർമ്മാണത്തിലൂടെ സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം നിശ്ചയിക്കാൻ അധികാരമുണ്ട്. 1956-ലെ സുപ്രീം കോടതി (ജഡ്ജിമാരുടെ എണ്ണം) നിയമത്തിൽ ഭേദഗതി വരുത്തിക്കൊണ്ടാണ് പുതിയ അംഗബലം പ്രാബല്യത്തിൽ വരിക.
സുപ്രീം കോടതിയിൽ കാലാനുസൃതമായി ജഡ്ജിമാരുടെ എണ്ണത്തിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. 1956-ൽ നിയമം നടപ്പിലാക്കുമ്പോൾ ചീഫ് ജസ്റ്റിസിനെ കൂടാതെ 10 ജഡ്ജിമാരായിരുന്നു ഉണ്ടായിരുന്നത്. ഇത് പിന്നീട് 1960-ൽ 13 ആയും, 1977-ൽ 17 ആയും വർദ്ധിപ്പിച്ചു. 1986-ൽ അംഗബലം 25 ആയും, 2008-ൽ 30 ആയും ഉയർത്തുകയുണ്ടായി. ഏറ്റവും ഒടുവിലായി 2019-ലാണ് സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം 30-ൽ നിന്ന് 33 ആയി പാർലമെന്റ് വർദ്ധിപ്പിച്ചത്. കേസുകളുടെ എണ്ണത്തിലുണ്ടാകുന്ന വർദ്ധനവിനനുസരിച്ച് നീതിന്യായ വ്യവസ്ഥയെ സജ്ജമാക്കാൻ ഓരോ കാലഘട്ടത്തിലും സർക്കാരുകൾ ഇത്തരം നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
Content Highlights: The Centre approves increasing Supreme Court judge strength to 37 to tackle 92,000 pending cases.
Published: 05 May 2026, 08:18 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented