ന്യൂഡൽഹി: ഗുരുവായൂർ ദേവസ്വം ബോർഡിലെ വിവിധ തസ്തികകളിലേക്ക് ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് നടത്തുന്ന റിക്രൂട്ട്‌മെന്റ് നിർത്തിവെക്കാൻ സുപ്രീം കോടതി നിർദേശം. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് നിർദേശം നൽകിയത്. ഇതേത്തുടർന്ന് നിയമന നടപടികൾ നിർത്തിവെയ്ക്കുമെന്ന് ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് സുപ്രീം കോടതിയെ അറിയിച്ചു.

To advertise here,

ഗുരുവായൂർ ദേവസ്വം ബോർഡിലെ വിവിധ തസ്തികകളിലേക്കുള്ള നിയമനത്തിന് ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന് അധികാരമില്ലെന്ന ഹൈക്കോടതി വിധി നേരത്തെ സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു. സ്റ്റേയുടെ അടിസ്ഥാനത്തിൽ നിയമന നടപടികളുമായി മുന്നോട്ട് പോകരുതെന്നാണ് സുപ്രീം കോടതി ഇന്ന് നിർദേശം നൽകിയത്. ഹൈക്കോടതി വിധിക്ക് എതിരായ അപ്പീലുകളിൽ തീർപ്പാകുന്നതുവരെ നിയമന നടപടികൾ നിർത്തിവെക്കാനാണ് നിർദേശം

കേസിൽ മാർച്ച് പത്തിന് വിശദമായ വാദം കേൾക്കാൻ സുപ്രീം കോടതി തീരുമാനിച്ചു. ഹൈക്കോടതി വിധിക്കെതിരെ ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ്, സംസ്ഥാന സർക്കാർ ഉൾപ്പെടെയാണ് അപ്പീൽ നൽകിയിരിക്കുന്നത്. റിക്രൂട്ട്മെന്റ് ബോർഡിനുവേണ്ടി സീനിയർ അഭിഭാഷകൻ വി. ഗിരി, അഭിഭാഷകൻ ജി. പ്രകാശ് എന്നിവർ ഹാജരായി. സംസ്ഥാന സർക്കാരിനുവേണ്ടി സീനിയർ അഭിഭാഷകൻ പി.വി. സുരേന്ദ്ര നാഥ്, സ്റ്റാന്റിങ് കോൺസൽ സി.കെ. ശശി എന്നിവർ ഹാജരായി. കേസിലെ എതിർ കക്ഷികൾക്കുവേണ്ടി സീനിയർ അഭിഭാഷകൻ നിഖിൽ ഗോയൽ, അഭിഭാഷകൻ റോയ് എബ്രഹാം എന്നിവരാണ് ഹാജരായത്.

ഗുരുവായൂർ ദേവസ്വം ബോർഡിനുവേണ്ടി അഭിഭാഷകൻ എം.എൽ. ജിഷ്ണു, തടസ്സ ഹർജി ഫയൽ ചെയ്തവർക്ക് വേണ്ടി സീനിയർ അഭിഭാഷകൻ സുധാൻഷു ചതുർവേദി, അഭിഭാഷക എം.കെ. അശ്വതി എന്നിവർ ഹാജരായി. ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് പരീക്ഷ എഴുതിയവർക്കായി അഭിഭാഷ്കൻ മുകുന്ദ് പി. ഉണ്ണി ഹാജരായി.