ന്യൂഡല്‍ഹി : വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച ചടങ്ങില്‍ പങ്കെടുത്ത് കൊണ്ട് വിദ്വേഷ പ്രസംഗം നടത്തിയെന്ന ആരോപണം നേരിടുന്ന അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവിന് എതിരായ അന്വേഷണം സുപ്രീം കോടതി ഉപേക്ഷിച്ചതായി റിപ്പോര്‍ട്ട്. രാജ്യസഭാ സെക്രട്ടറിയറ്റില്‍ നിന്ന് ലഭിച്ച കത്തിന്റ അടിസ്ഥാനത്തില്‍ ആണ് അന്വേഷണം ഉപേക്ഷിച്ചത് എന്നാണ് സൂചന.

To advertise here,

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ എട്ടിന് വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച പരിപാടിയിലാണ് ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവ് വിദ്വേഷ പ്രസംഗം നടത്തിയത്. മുസ്ലിങ്ങള്‍ക്ക് എതിരെ ജസ്റ്റിസ് യാദവ് നടത്തിയ പരാമര്‍ശങ്ങള്‍ക്ക് എതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ നടപടി ആവശ്യപ്പെട്ടിരുന്നു. അക്കാലത്ത് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന സഞ്ജീവ് ഖന്ന, ജസ്റ്റിസ് യാദവിന്റെ പ്രസംഗം സംബന്ധിച്ച് അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനോട് റിപ്പോര്‍ട്ട് തേടിയിരുന്നു. റിപ്പോര്‍ട്ട് ജസ്റ്റിസ് യാദവിന് എതിരായിരുന്നതിനാല്‍ സുപ്രീം കോടതിയുടെ ആഭ്യന്തര അന്വേഷണത്തിന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന തീരുമാനിക്കുക ആയിരുന്നു.

എന്നാല്‍ ജഡ്ജിമാര്‍ക്ക് എതിരെ നടപടി എടുക്കാനുള്ള അധികാരം രാജ്യസഭാ ചെയര്‍മാനും, പാര്‍ലമെന്റിനും മാത്രമേ ഉള്ളു എന്ന് വ്യക്തമാക്കി രാജ്യസഭാ സെക്രട്ടറിയേറ്റ് സുപ്രീം കോടതിക്ക് കത്ത് നല്‍കിയിരുന്നു. മാര്‍ച്ച് മാസമാണ് ഈ കത്ത് സുപ്രീം കോടതി സെക്രട്ടറി ജനറലിന് ലഭിച്ചത്. തുടര്‍ന്നാണ് ജസ്റ്റിസ് ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവിന് എതിരായ ആഭ്യന്തര അന്വേഷണത്തിനുള്ള നടപടികള്‍ സുപ്രീം കോടതി ഉപേക്ഷിച്ചത്. ആഭ്യന്തര അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ ഇംപീച്‌മെന്റ് ഉള്‍പ്പടെയുള്ള നടപടിക്ക് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് ശുപാര്‍ശ നല്‍കാന്‍ കഴിയുകയുള്ളു. 

നേരത്തെ ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവിനെ നേരിട്ട് വിളിച്ച് വരുത്തി സുപ്രീം കോടതി കൊളീജിയം വിശദീകരണം തേടിയിരുന്നു. തുടര്‍ന്ന്  ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവിനെ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് താക്കീത് ചെയ്യുകയുംചെയ്തിരുന്നു.