ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യുന്നതിനെ ചോദ്യംചെയ്ത് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി സുപ്രീംകോടതി തള്ളി. പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെക്കൊണ്ട് നടത്തിക്കണമെന്ന് ലോക്‌സഭാ സെക്രട്ടേറിയേറ്റിന് നിര്‍ദേശം നല്‍കാന്‍ ആവശ്യപ്പെട്ട് അഭിഭാഷകനായ ജസ്റ്റിസ് സി.ആര്‍. ജയസുകിന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
ജസ്റ്റിസുമാരായ ജെ.കെ. മഹേശ്വരി, പി.എസ്. നരസിംഹ എന്നിവരുടെ അവധിക്കാല ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ആര്‍ട്ടിക്കിള്‍ 32 പ്രകാരം ഇത്തരം ഹര്‍ജികളില്‍ ഇടപെടാന്‍ അധികാരമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഭരണഘടനപ്രകാരം രാഷ്ട്രപതിയാണ് ഉദ്ഘാടനം നടത്തേണ്ടതെന്ന ഹര്‍ജിക്കാരന്റെ വാദം കോടതി അംഗീകരിച്ചില്ല.
ഹര്‍ജി പിന്‍വലിക്കാന്‍ ഹര്‍ജിക്കാരന്‍ അനുമതി തേടിയെങ്കിലും കോടതി അനുവദിച്ചില്ല. ഹര്‍ജി പിന്‍വലിക്കാന്‍ അനുവദിച്ചാല്‍, ഹൈക്കോടതിയെ സമീപിക്കാന്‍ കഴിയുമെന്ന് ചൂണ്ടിക്കാട്ടിയാണ് അനുവാദം നല്‍കാതിരുന്നത്. പുതിയ പാര്‍ലമെന്റ് കെട്ടിടത്തിന്റെ ഉദ്ഘാടനത്തിന് രാഷ്ട്രപതിയെ ക്ഷണിക്കാത്ത ലോക്സഭാ സെക്രട്ടേറിയറ്റ് നടപടി ഭരണഘടനാ വിരുദ്ധമാണെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം.
ഭരണഘടനയുടെ 79-ാം വകുപ്പ് പ്രകാരം രാഷ്ട്രപതിയാണ് രാജ്യത്തെ പ്രഥമപൗരന്‍. പാര്‍ലമെന്റ് സമ്മേളനങ്ങള്‍ വിളിച്ചുചേര്‍ക്കാനും നിര്‍ത്തിവെക്കാനും അദ്ദേഹത്തിനാണ് അധികാരം. പ്രധാനമന്ത്രിയെയും മറ്റ് മന്ത്രിമാരെയും നിയമിക്കുന്നത് രാഷ്ട്രപതിയാണ്. എല്ലാ ഭരണനിര്‍വ്വഹണ നടപടികളും രാഷ്ട്രപതിയുടെ പേരിലാണ്. ചടങ്ങിലേക്ക് രാഷ്ട്രപതിയെ ക്ഷണിക്കാത്തത് അപമാനകരവും ഭരണഘടനാ ലംഘനവുമാണെന്ന വാദം നിലനില്‍ക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ലോക്സഭാ സെക്രട്ടേറിയറ്റ് പുറപ്പെടുവിച്ച പ്രസ്താവന ഏകപക്ഷീയമാണെന്നും ശരിയായ രീതിയിയുള്ളതല്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
Content Highlights: Supreme Court dismisses plea to have President Droupadi Murmu inaugurate new parliament building
Published: 26 May 2023, 01:09 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented