ന്യൂഡൽഹി: ബി.എൻ.എസ്. വ്യവസ്ഥകൾപ്രകാരം ഗുരുതര കുറ്റകൃത്യങ്ങളിൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യുന്നതിൽ പോലീസ് വീഴ്ചവരുത്തിയാൽ മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കാവുന്നതാണെന്ന് സുപ്രീംകോടതി.

To advertise here,

പൊതുസേവകരോ ജഡ്ജിമാരോ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും മുൻകൂർ അനുമതിയില്ലാതെത്തന്നെ ജുഡീഷ്യൽ മജിസ്‌ട്രേറ്റിന് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യാൻ നിർദേശിക്കാവുന്നതാണെന്നും കോടതി വ്യക്തമാക്കി. ഡൽഹി കലാപവുമായി ബന്ധപ്പെട്ട് ബി.ജെ.പി. നേതാക്കളുടെപേരിൽ കേസെടുക്കണമെന്ന ആവശ്യം ഡൽഹി ഹൈക്കോടതി തള്ളിയതിനെതിരായ സി.പി.എം. നേതാവ് വൃന്ദാ കാരാട്ടിന്റെ ഹർജിയിലാണ് ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ചിന്റെ നിരീക്ഷണം.

സി.എ.എ. വിരുദ്ധ സമരം നടത്തിയവരെ നുഴഞ്ഞുകയറ്റക്കാരായി ചിത്രീകരിച്ചു നടത്തിയ പ്രസംഗം വിദ്വേഷം ജനിപ്പിക്കുന്നതാണന്നും കേസെടുക്കണമെന്നുമായിരുന്നു ഹർജിയിലെ ആവശ്യം. എന്നാൽ, മെറിറ്റ് പരിശോധിക്കുമ്പോൾ ഹൈക്കോടതി ഉത്തരവിൽ ഇടപെടുന്നില്ലെന്ന് സുപ്രീംകോടതിയും വ്യക്തമാക്കി. കേസെടുക്കാൻമാത്രം ഗൗരവതരമായ കുറ്റങ്ങൾ പ്രസംഗത്തിലില്ലെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്. അതേസമയം, കേസെടുക്കാനുള്ള മുൻകൂർ അനുമതിയെ സംബന്ധിച്ച് ഹൈക്കോടതി നടത്തിയ നിരീക്ഷണം സുപ്രീംകോടതി തിരുത്തുകയും ചെയ്തു.

വിദ്വേഷപ്രസംഗങ്ങൾ തടയാൻ മാർഗനിർദേശങ്ങളാവശ്യപ്പെട്ടുള്ള വിവിധ ഹർജികളോടൊപ്പമാണ് വൃന്ദാ കാരാട്ടിന്റെ ഹർജിയും പരിഗണിച്ചത്. വിദ്വേഷപ്രസംഗങ്ങളെ നേരിടാൻ നിലവിൽ നിയമങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കോടതി, വിദ്വേഷപ്രസംഗങ്ങളും കിംവദന്തികളും പ്രചരിപ്പിക്കുന്നത് സാഹോദര്യം, അന്തസ്സ്, ഭരണഘടനാക്രമം എന്നിവയെ നേരിട്ട് ബാധിക്കുന്നതാണെന്നും നിരീക്ഷിച്ചു.