ചെന്നൈ: രാജ്യത്തെ വലിയ ദൃശ്യമാധ്യമ ഗ്രൂപ്പുകളിലൊന്നായ സൺടിവിയിൽ സ്വത്തുതർക്കം. മുൻ കേന്ദ്രമന്ത്രി മുരശൊലിമാരന്റെ മക്കളായ സൺഗ്രൂപ്പ് ഉടമ കലാനിധിമാരനും സഹോദരനും മുൻ കേന്ദ്രമന്ത്രിയും ഡിഎംകെ എംപിയുമായ ദയാനിധിമാരനും തമ്മിലുള്ള തർക്കം നിയമനടപടികളിലേക്കുനീങ്ങി.

To advertise here,

വഞ്ചന, കള്ളപ്പണം വെളുപ്പിക്കൽ എന്നിവയുൾപ്പെടെയുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെട്ടെന്നുകാട്ടി കലാനിധിമാരന്റെയും ഭാര്യ കാവേരിയുടെയും മറ്റ് ഏഴാളുടെയുംപേരിൽ ചെന്നൈയിലെ നിയമസ്ഥാപനംമുഖേന ദയാനിധി വക്കീൽ നോട്ടീസ് അയച്ചു. കലാനിധിയും ഭാര്യ കാവേരിയും കൂട്ടാളികളും വഞ്ചനയിലൂടെ സ്വത്ത് തട്ടിയെടുത്തെന്നാണ് പ്രധാന ആരോപണം.

മുരശൊലിമാരന്റെ ആരോഗ്യനില തീരേ വഷളായപ്പോഴാണ് കലാനിധി നിയമവിരുദ്ധപ്രവർത്തനം തുടങ്ങിയതെന്ന് നോട്ടീസിൽ പറയുന്നു. 2003-ൽ മുരശൊലിമാരന്റെ മരണശേഷം നിയമപരമായ രേഖകളില്ലാതെ ഓഹരികൾ അമ്മ മല്ലികാ മാരന് കൈമാറി. കലാനിധിക്ക് ഓഹരികൾ സ്വന്തമാക്കാനുള്ള എളുപ്പവഴിയായിരുന്നു ഇത്. 2003 സെപ്റ്റംബർ 15-ന് കലാനിധി സൺടിവി നെറ്റ്‌വർക്കിന്റെ 3500 കോടിരൂപ മതിക്കുന്ന ഓഹരികൾ സ്വന്തംപേരിലേക്ക് മാറ്റി. ഒറ്റ ഓഹരിപോലും ഇല്ലാതിരുന്ന കലാനിധി, മൂല്യനിർണയം നടത്താതെയും ഓഹരിയുടമകളുടെയും ബോർഡ് ഓഫ് ഡയറക്ടേഴ്‌സിന്റെയും അനുമതിയില്ലാതെയും തട്ടിപ്പിലൂടെയാണ് ഇതൊക്കെ സ്വന്തമാക്കിയത്. പണംതിരിമറി തടയൽ നിയമത്തിന്റെ (പിഎംഎൽഎ) ലംഘനമാണ് നടത്തിയിരിക്കുന്നത്. അതിനാൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ്(എസ്എഫ്ഐഒ) അന്വേഷണം ആവശ്യപ്പെടുമെന്നും നോട്ടീസിൽ മുന്നറിയിപ്പുനൽകി.

കരുണാനിധിയുടെയും മാരന്റെയും കുടുംബങ്ങൾതമ്മിലുള്ള മുൻ തർക്കത്തെക്കുറിച്ചും നോട്ടീസിൽ പരാമർശമുണ്ട്. 2005-ൽ മല്ലികാ മാരന് ലാഭവിഹിതമായി 10.64 കോടി രൂപ നൽകിയിട്ടുണ്ടെന്ന വിവരം തെറ്റാണെന്നും തുക നൽകിയിട്ടില്ലെന്നും നോട്ടീസിൽ പറയുന്നു. മുൻമുഖ്യമന്ത്രി എം. കരുണാനിധിയുടെ ഭാര്യ ദയാലു അമ്മാൾ, മുരശൊലിമാരന്റെ ഭാര്യ മല്ലിക എന്നിവരായിരുന്നു സൺടിവി നെറ്റ്‌വർക്കിന്റെ ആദ്യ മാതൃകമ്പനിയായ സുമംഗലി പബ്ലിക്കേഷൻസിന്റെ (1985) പ്രൊമോട്ടർമാർ. അതിൽ 50 ശതമാനം വീതമായിരുന്നു ഇരുവർക്കും ഓഹരി പങ്കാളിത്തം. 2003-ൽ ദയാലു അമ്മാളുടെ അനുമതിപോലും വാങ്ങാതെയായിരുന്നു കലാനിധിമാരൻ 60 ശതമാനം ഓഹരികൾ സ്വന്തം പേരിലേക്ക് മാറ്റിയതെന്നും ദയാനിധി ആരോപിച്ചു.

കലാനിധിമാരനും ഭാര്യ കാവേരിയും 2003 മുതൽ ഇന്നുവരെ നിയമവിരുദ്ധമായി കൈവശപ്പെടുത്തിയ മുഴുവൻ ആനുകൂല്യങ്ങളും ലാഭവിഹിതവും ആസ്തികളും എം.കെ. ദയാലു അമ്മാൾക്കും മാരന്റെ നിയമപരമായ അവകാശികൾക്കും നൽകണമെന്നും നോട്ടീസിൽ ആവശ്യപ്പെടുന്നു. ഇത് പാലിച്ചില്ലെങ്കിൽ നിയമനടപടികളിലേക്ക് കടക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. കരുണാനിധിയുടെ സഹോദരി ഷൺമുഖസുന്ദരാമ്മാളുടെ മകനാണ് മുരശൊലിമാരൻ. രാജ്യത്തെ ഏറ്റവും ധനികരായ ബിസിനസുകാരിൽ ഒരാളാണ് കലാനിധി മാരൻ.

നിഷേധിച്ച് സൺ ടിവി

ദയാനിധിമാരൻ വക്കീൽനോട്ടീസിലൂടെ ഉന്നയിച്ച ആരോപണങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നതും ഊഹാപോഹങ്ങൾക്ക് വഴിയൊരുക്കുന്നതാണെന്നും സൺ ടിവി നെറ്റ്‌വർക്ക് ലിമിറ്റഡ് വെള്ളിയാഴ്ച പ്രതികരിച്ചു. എല്ലാ പ്രവൃത്തികളും നിയമപരമായ ബാധ്യതകൾക്കനുസൃതമായാണ് നടത്തിയത്. കമ്പനിയുടെ ഓഹരിവിൽപ്പനയ്ക്കു മുൻപ് ഇവ കൃത്യമായി പരിശോധിച്ച് ഉറപ്പിച്ചിരുന്നു. ഒത്തുതീർപ്പിനായി കുടുംബത്തിൽ ചർച്ചകൾ നടത്തിയിട്ടില്ല. ആരോപണങ്ങൾ കമ്പനിയുടെ ബിസിനസ്സിനെയോ അതിന്റെ ദൈനംദിന പ്രവർത്തനങ്ങളെയോ ബാധിക്കുന്നില്ലെന്നും സ്ഥാപന ഉടമയുടെ കുടുംബകാര്യമായതിനാൽ അത് തികച്ചും വ്യക്തിപരമാണെന്നും സൺ ടിവി പ്രസ്താവനയിൽ വ്യക്തമാക്കി.