ന്യൂഡൽഹി: മണ്ഡലപുനർവിഭജനവുമായി ബന്ധപ്പെടുത്തി വനിതാസംവരണം നടപ്പാക്കാനുള്ള ഭരണഘടനാ ഭേദഗതിബിൽ പാസാക്കാൻ പാർലമെന്റിന്റെ പ്രത്യേകസമ്മേളനം സെപ്റ്റംബർ മൂന്നാംവാരത്തിൽ വിളിച്ചുചേർക്കാൻ നീക്കം. സമ്മേളനത്തിൽ ഈ ഭരണഘടനാഭേദഗതിബില്ലും അനുബന്ധബില്ലുകളും മാത്രമാകും പരിഗണിക്കുക. അതിനുമുൻപ് മൂന്നിൽരണ്ട് ഭൂരിപക്ഷം ഉറപ്പാക്കാനുള്ള ശ്രമം ബി.ജെ.പി. ഊർജിതമാക്കി.
സമ്മേളനത്തിനുമുൻപ് കേന്ദ്രസർക്കാർ സർവകക്ഷിയോഗവും വിളിച്ചേക്കും. വനിതാസംവരണവിഷയത്തിൽ സർവകക്ഷിയോഗം വിളിക്കണമെന്നാവശ്യപ്പെട്ട് മല്ലികാർജുൻ ഖാർഗെ മന്ത്രി കിരൺ റിജിജുവിന് കത്തുനൽകിയ സാഹചര്യത്തിലാണിത്. വർഷകാലസമ്മേളനത്തിനുശേഷം സഭ പിരിഞ്ഞെങ്കിലും അതിന്റെ വിജ്ഞാപനമിറങ്ങാത്തത് പഴുതാക്കിയാണ് പ്രത്യേകസമ്മേളനം ചേരാനുള്ള നീക്കം. ഏപ്രിലിൽ മൂന്നുദിവസത്തെ പ്രത്യേകസമ്മേളനം ചേർന്ന് ഭരണഘടനാഭേദഗതിബിൽ പാസാക്കാൻ നീക്കം നടത്തിയെങ്കിലും പ്രതിപക്ഷ എതിർപ്പിൽ മൂന്നിൽരണ്ട് ഭൂരിപക്ഷം നേടാനാവാതെ പരാജയപ്പെട്ടു.
എന്നാൽ, പശ്ചിമബംഗാളിലെയും തമിഴ്‌നാട്ടിലെയും തിരഞ്ഞെടുപ്പിനുശേഷം രാഷ്ട്രീയസ്ഥിതിയിൽ മാറ്റംവന്നു. തൃണമൂൽ കോൺഗ്രസ് അംഗങ്ങളിൽ 20 പേരെ അടർത്തിമാറ്റുന്നതിൽ ബി.ജെ.പി. വിജയിച്ചു. തമിഴ്‌നാട്ടിൽ ഡി.എം.കെ. ഇന്ത്യസഖ്യം വിട്ട് ഒറ്റയ്ക്കാണ് നിൽപ്പ്. അവരുടെ പിന്തുണ നേടാനാണ് ബി.ജെ.പി.യുടെ ശ്രമം. മഹാരാഷ്ട്രയിലെ ശിവസേന ഉദ്ദവ് താക്കറെ വിഭാഗത്തിലെ ആറുപേരും എൻ.ഡി.എ. പക്ഷത്താണ്. എൻ.സി.പി. ശരദ്പവാർ വിഭാഗത്തെയും എൻ.ഡി.എ.യിലേക്ക് അടർത്തിയെടുക്കാനാണ് ബി.ജെ.പി. ശ്രമം. ഈ നീക്കങ്ങളെല്ലാം വിജയിച്ചാലേ പ്രത്യേകസമ്മേളനത്തിലേക്ക് കടക്കൂവെന്നാണ് എൻ.ഡി.എ. വൃത്തങ്ങൾ പറയുന്നത്. വിജയിച്ചില്ലെങ്കിൽ വർഷകാലസമ്മേളനം പിരിഞ്ഞുകൊണ്ടുള്ള വിജ്ഞാപനമിറക്കാനാണ് ധാരണ.
ലോക്‌സഭയിൽ മൂന്നിൽരണ്ട് ഭൂരിപക്ഷം ഇപ്പോഴും കടമ്പ
എൻ.ഡി.എ.യ്ക്ക് ലോക്‌സഭയിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം തികയ്ക്കാൻ കടമ്പകളേറെ. ലോക്‌സഭയിലെ മൊത്തം അംഗസംഖ്യ 540. മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിന് 360 പേരുടെ പിന്തുണ വേണം. 2024-ലെ ലോക്‌സഭാതിരഞ്ഞെടുപ്പിന് ശേഷമുള്ള അംഗബലമനുസരിച്ച് എൻ.ഡി.എ.യ്ക്ക് 293 പേരാണുള്ളത്. ഏപ്രിലിലെ പ്രത്യേക സമ്മേളനത്തിൽ പ്രതിപക്ഷത്തെ പിന്തുണച്ച അഞ്ച് സ്വതന്ത്ര എം.പി.മാർ എൻ.ഡി.എ.യ്ക്കൊപ്പം നിന്നതിനാൽ 298 പേരുടെ പിന്തുണ കിട്ടി. ഇവരും തൃണമൂൽ കോൺഗ്രസ് പിളർന്ന് എൻ.സി.പി.ഐ.യിൽ ലയിച്ച 20 പേരും ശിവസേന ഉദ്ധവ് വിഭാഗത്തിൽനിന്ന് പിളർന്നുപോയ ആറുപേരും ചേർത്താൽ അംഗബലം 324.
ബില്ലിനെ ഡി.എം.കെ. പുറത്തുനിന്ന് പിന്തുണയ്ക്കാൻ തീരുമാനിച്ചാൽ 346. എൻ.സി.പി. ശരദ് പവാർ പക്ഷത്തെ എട്ടുപേർ പിന്തുണച്ചാൽ (ബില്ലിനെ അനുകൂലിച്ച് സുപ്രിയ സുലെ നേരത്തേ വന്നിരുന്നു) അംഗബലം 354. അപ്പോഴും ആറുപേരുടെ പിന്തുണ കുറവ്. ഡി.എം.കെ. പിന്തുണയ്ക്കാതെ ഇറങ്ങിപ്പോയാലും സ്ഥിതി സമാനം.
245 അംഗ രാജ്യസഭയിൽ നിലവിൽ 244 പേർ. മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിന് 164. എൻ.ഡി.എ.യ്ക്ക് നിലവിൽ 152 പേർ. എൻ.സി.പി.-എസ്.പി.ക്ക് 5, വൈ.എസ്.ആർ.കോൺഗ്രസിന് 4, ബിജു ജനതാദളിന് 5, ഡി.എം.കെ.യ്ക്ക് 8 എന്നിങ്ങനെ അംഗങ്ങൾ. ഒരു സ്വതന്ത്ര എം.പി.യുടെ പിന്തുണ ബി.ജെ.പി. ഉറപ്പാക്കി. ബിജു ജനതാദളും ഡി.എം.കെ.യും പിന്തുണച്ചാൽ നല്ല ഭൂരിപക്ഷം കിട്ടും. ഇരുകൂട്ടരും വിട്ടുനിന്നാലും അതിനനുസരിച്ചുള്ള മൊത്തം അംഗസംഖ്യയുടെ അടിസ്ഥാനത്തിൽ ഭൂരിപക്ഷമുറപ്പിക്കാം.
Content Highlights: Centre plans a special Parliament session in September third week to pass the Women's Reservation Bill linked with delimitation.
Published: 30 Aug 2026, 04:18 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented