ന്യൂഡൽഹി: ലോക്സഭയിൽ വനിതാ സംവരണ ബില്ലിനെക്കുറിച്ചുള്ള ചർച്ചയ്ക്കിടെ ബിജെപിയ്ക്കെതിരെ രൂക്ഷവിമർശനമുന്നയിച്ച് സമാജ്‌വാദി പാർട്ടി (എസ്പി) അധ്യക്ഷൻ അഖിലേഷ് യാദവ്. വനിതാശാക്തീകരണത്തിലേക്കുള്ള യഥാർഥ ചുവടുവെപ്പിനേക്കാൾ ഒരു രാഷ്ട്രീയ ഉപകരണം മാത്രമാണ് ഈ നിയമനിർമ്മാണമെന്ന് അഖിലേഷ് യാദവ് ആരോപിച്ചു. വനിതാ സംവരണ ബില്ലിന്റെ മറവിൽ വോട്ട് നേടാനാണ് ബിജെപി ശ്രമിക്കുന്നതെന്നും തിരഞ്ഞെടുപ്പ് പിന്തുണയിലെ തകർച്ചയ്ക്ക് പരിഹാരം കാണാൻ ഭരണകക്ഷി ശ്രമിക്കുകയാണെന്നും അഖിലേഷ് ആരോപിച്ചു. ചർച്ചയ്ക്കിടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും അഖിലേഷ് യാദവും തമ്മിൽ മുസ്ലിം വനിതകൾക്കുള്ള സംവരണത്തെച്ചൊല്ലി രൂക്ഷമായ വാദപ്രതിവാദവും നടന്നു.

To advertise here,

വനിതാ സംവരണ ബിൽ പാസാക്കിയ ശേഷം മുസ്ലിം വനിതകൾക്ക് പ്രത്യേക സംവരണം ലഭിക്കണമെന്ന് അഖിലേഷ് യാദവ് ആവശ്യപ്പെട്ടു. സെൻസസ് കഴിയാൻ സർക്കാർ എന്തുകൊണ്ട് കാത്തുനിൽക്കുന്നില്ല എന്നും അദ്ദേഹം ചോദിച്ചു. അദ്ദേഹത്തിന്റെ പാർട്ടി ജാതി സെൻസസിന് ആവശ്യപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിന് മറുപടിയായി അമിത് ഷാ പറഞ്ഞത്, സെൻസസ് നടപടിക്രമങ്ങൾ ഇതിനകം ആരംഭിച്ചിട്ടുണ്ടെന്നും സർക്കാർ ജാതി സെൻസസ് നടത്താൻ തീരുമാനിച്ചിട്ടുണ്ടെന്നുമാണ്. വീടുകൾ കണക്കാക്കുന്ന ജോലി നിലവിൽ നടക്കുകയാണെന്നും സെൻസസ് നടക്കുമ്പോൾ ജാതി കോളം ഉൾപ്പെടുത്തുമെന്ന് അമിത് ഷാ സ്ഥിരീകരിച്ചു.

മതത്തെ അടിസ്ഥാനമാക്കിയുള്ള സംവരണത്തിന്റെ ആശയം അമിത് ഷാ ശക്തമായി തള്ളിക്കളഞ്ഞു. മതപരമായ സംവരണം അംഗീകരിക്കാനാവില്ലെന്നും മതപരമായ കാരണങ്ങളാൽ മുസ്ലിങ്ങൾക്ക് സംവരണം നൽകുന്നത് ഭരണഘടനാവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. അഖിലേഷ് യാദവിന് എല്ലാ പാർട്ടി ടിക്കറ്റുകളും മുസ്ലിം വനിതകൾക്ക് നൽകാം എന്നും അദ്ദേഹത്തിന്റെ പാർട്ടിക്ക് ഇതിലെന്താണ് പ്രശ്നമെന്നും ചോദിച്ചു. "എസ്പിക്ക് എല്ലാ ടിക്കറ്റുകളും മുസ്ലീം വനിതകൾക്ക് നൽകാം, ഞങ്ങൾക്ക് എതിർപ്പില്ല," അമിത് ഷാ പറഞ്ഞു. ആഭ്യന്തരമന്ത്രിയുടെ പ്രസ്താവനകളെ ജനാധിപത്യ വിരുദ്ധമെന്ന് വിശേഷിപ്പിച്ച് അഖിലേഷ് യാദവ് തിരിച്ചടിച്ചു. മുസ്ലിം വനിതകൾ ജനസംഖ്യയുടെ ഭാഗമല്ലേ എന്ന് അദ്ദേഹം ചോദിച്ചു.

ജാതി അടിസ്ഥാനമാക്കിയുള്ള സെൻസസ് ഒഴിവാക്കാനുള്ള ഉദ്ദേശ്യത്തോടെ ബിൽ തിടുക്കത്തിൽ മുന്നോട്ട് കൊണ്ടുപോകുകയാണെന്നും അഖിലേഷ് യാദവ് പറഞ്ഞു. തന്റെ പാർട്ടി വനിതാ സംവരണമെന്ന ആശയത്തെ പിന്തുണയ്ക്കുന്നുണ്ടെന്ന് വ്യക്തമാക്കിയ അഖിലേഷ് ബില്ലിന്റെ നടപ്പാക്കലിനെയും ഉദ്ദേശ്യത്തെയും കുറിച്ച് ആശങ്കകൾ പ്രകടിപ്പിക്കുകയും ചെയ്തു. പിന്നാക്ക, പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളിലെ സ്ത്രീകളെ അവഗണിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. "വനിതാ സംവരണത്തെ സമാജ്‌വാദി പാർട്ടി പിന്തുണയ്ക്കുന്നു. വനിതാ ശാക്തീകരണത്തിനായി എപ്പോഴും പ്രവർത്തിക്കുന്നതിന്റെ ചരിത്രം സമാജ്‌വാദി പാർട്ടിക്കുണ്ട്. ഞങ്ങൾ പിന്തുടരുന്ന നേതാവ്, ഡോ. രാം മനോഹർ ലോഹ്യ, എപ്പോഴും ലിംഗനീതിയെയും സാമൂഹികനീതിയെയും കുറിച്ച് സംസാരിച്ചിരുന്നു," അദ്ദേഹം പറഞ്ഞു.

വനിതാ സംവരണ ക്വാട്ട നടപ്പാക്കുന്നതിനായി ലക്ഷ്യമിട്ടുള്ള മൂന്ന് പ്രധാന നിയമനിർമ്മാണങ്ങളാണ് കേന്ദ്ര സർക്കാർ വ്യാഴാഴ്ച ലോക്സഭയിൽ അവതരിപ്പിച്ചത്- ഭരണഘടനാ (131-ാം ഭേദഗതി) ബിൽ, കേന്ദ്രഭരണ പ്രദേശങ്ങളിലെ നിയമങ്ങൾ (ഭേദഗതി) ബിൽ, മണ്ഡല പുനർനിർണയ ബിൽ.

കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ രണ്ട് ബില്ലുകളും ആഭ്യന്തരമന്ത്രി അമിത് ഷാ മൂന്നാമത്തെ ബില്ലും അവതരിപ്പിച്ചു. ഭരണകക്ഷിയും പ്രതിപക്ഷവും തമ്മിൽ ശക്തമായ വാദപ്രതിവാദങ്ങളോടെ സഭയിൽ ചൂടേറിയ ചർച്ച നടന്നു. വരുന്ന മൂന്ന് ദിവസങ്ങളിൽ ഇന്ത്യൻ പാർലമെന്റിൽ മൂന്ന് പ്രധാന ബില്ലുകൾ ചർച്ചയ്ക്ക് വരും. ഇതിലൂടെ 33 ശതമാനം വനിതാ സംവരണം നടപ്പാക്കുമെന്നാണ് സർക്കാർ അവകാശപ്പെടുന്നത്.