ന്യൂഡല്‍ഹി: പ്രതിപക്ഷ പ്രതിഷേധത്താല്‍ പ്രക്ഷുബ്ധമായി പാര്‍ലമെന്റ്. നീറ്റ് പരീക്ഷാ വിവാദം, പുതിയ ക്രിമിനല്‍ നിയമങ്ങള്‍ എന്നീ വിഷയങ്ങളാണ് പ്രതിപക്ഷം സഭയില്‍ ഉന്നയിച്ചത്. കേന്ദ്ര ഏജന്‍സികളുടെ ദുരുപയോഗത്തിനെതിരെ സമ്മേളനം ആരംഭിക്കുന്നതിന് മുമ്പ് പ്രതിപക്ഷം പാര്‍ലമെന്റിന് മുന്നില്‍ പ്രതിഷേധിച്ചു. 

To advertise here,

നീറ്റ് പരീക്ഷാ വിവാദം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് എം.പി. മാണിക്കം ടാഗോര്‍ അടിയന്തര പ്രമേയത്തിന് അനുമതി തേടി. നീറ്റ് വിഷയം പ്രാധാന്യത്തോടെയാണ് പാര്‍ലമെന്റ് നോക്കിക്കാണുന്നതെന്ന സന്ദേശം രാജ്യത്തെ വിദ്യാര്‍ഥികള്‍ക്ക് നല്‍കേണ്ടതുണ്ടെന്നും അതിനാല്‍ നീറ്റ് വിഷയം ഒരു ദിവസമെടുത്ത് പ്രത്യേകമായി ചര്‍ച്ചചെയ്യണമെന്നും പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.

എന്നാല്‍, രാഷ്ട്രപതിയുടെ പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചര്‍ച്ച ആദ്യം നടക്കട്ടെയെന്ന നിലപാടെടുത്ത സ്പീക്കര്‍, അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. ഇതോടെ പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി. 

രാജ്യസഭയിലും നീറ്റ് തന്നെയായിരുന്നു ചൂടുപിടിച്ച വിഷയം. വിഷയത്തില്‍ 22 നോട്ടീസുകളാണ് പ്രതിപക്ഷം കൊണ്ടുവന്നത്. എന്നാല്‍, ഉപരാഷ്ട്രപതിയും രാജ്യസഭാധ്യക്ഷനുമായ ജഗ്ധീപ് ധന്‍കര്‍ നോട്ടീസുകള്‍ തള്ളി. രാഷ്ട്രപതിയുടെ പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചര്‍ച്ച നടക്കുമ്പോള്‍ പ്രതിപക്ഷാംഗങ്ങള്‍ മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ചു. രാജ്യസഭയിലെ പ്രതിപക്ഷനേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗേയും സഭാധ്യക്ഷന്‍ ജഗ്ധീപ് ധന്‍കറും തമ്മിലുള്ള  ശക്തമായ വാക്‌പോരിനും രാജ്യസഭ സാക്ഷ്യംവഹിച്ചു. 

രാജ്യത്ത് നിലവില്‍വന്ന പുതിയ മൂന്ന് ക്രിമിനല്‍ നിയമങ്ങളിന്മേല്‍ ചര്‍ച്ചവേണമെന്ന ആവശ്യവും ലോക്‌സഭയില്‍ പ്രതിപക്ഷം ഉയര്‍ത്തി. കോണ്‍ഗ്രസ് എം.പി. മനീഷ് തിവാരി വിഷയത്തില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. പാര്‍ലമെന്റിലെ 146 ലോക്‌സഭാ, രാജ്യസഭാ എം.പിമാരെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ടാണ് പുതിയ ക്രിമിനല്‍ നിയമങ്ങള്‍ പാസാക്കിയതെന്ന് അദ്ദേഹം നോട്ടീസില്‍ ചൂണ്ടിക്കാട്ടി. സംയുക്ത പാര്‍ലമെന്ററി സമിതി നിയമങ്ങള്‍ പുനഃപരിശോധിക്കണമെന്നും അദ്ദേഹം നോട്ടീസില്‍ ആവശ്യപ്പെട്ടു. 

തിങ്കളാഴ്ചത്തെ പാര്‍ലമെന്റ് സമ്മേളനം ആരംഭിക്കുന്നതിന് മുമ്പാണ് ഇ.ഡിയും സി.ബി.ഐയും ഉള്‍പ്പെടെയുള്ള കേന്ദ്ര ഏജന്‍സികളുടെ ദുരുപയോഗത്തിനെതിരെ ഇരുസഭകളിലേയും ഇന്ത്യ മുന്നണി എം.പിമാര്‍ പാര്‍ലമെന്റിന് മുന്നില്‍ പ്രതിഷേധിച്ചത്. പ്ലക്കാര്‍ഡുകളേന്തിയായിരുന്നു പ്രതിപക്ഷാംഗങ്ങളുടെ പ്രതിഷേധം. കേന്ദ്ര ഏജന്‍സികളെ ദുരുപയോഗിക്കുന്നത് അവസാനിപ്പിക്കുക, പ്രതിപക്ഷത്തെ ബഹുമാനിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളാണ് പ്രതിപക്ഷം മുഴക്കിയത്. 

പുരുഷന്മാരുടെ ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പ് കിരീടം നേടിയ ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ചുകൊണ്ടാണ് സ്പീക്കര്‍ ഓം ബിര്‍ള ലോക്‌സഭാ നടപടിക്രമങ്ങള്‍ ആരംഭിച്ചത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ പേര് അദ്ദേഹം പ്രത്യേകം പരാമര്‍ശിച്ചു.