അമരാവതി: ആന്ധ്രാപ്രദേശിലെ അനന്തപുർ ജില്ലയിൽ ക്ലാസ് മുറിക്കുള്ളിൽ രണ്ട് വിദ്യാർഥിനികളെ യന്ത്രവാൾ (ചെയിൻസോ) ഉപയോഗിച്ച് ആക്രമിച്ച സംഭവത്തിലെ പ്രതിയുടെ ഇടതുകാൽ മുറിച്ചുമാറ്റി. പോലീസിന്റെ വെടിവെപ്പിൽ പരിക്കേറ്റ പ്രതി 21-കാരനായ ഹേമന്തിന്റെ കാലാണ് മുറിച്ചുമാറ്റിയത്. രക്തക്കുഴലുകൾക്ക് ഗുരുതരമായ തകരാറുണ്ടായതിനെ തുടർന്നാണ് ശസ്ത്രക്രിയയിലൂടെ കാൽ മുറിച്ചുമാറ്റിയത്. രക്തയോട്ടം തടസ്സപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാൾക്ക് അടിയന്തര ചികിത്സ നൽകിയിരുന്നു. അതേസമയം വലതുകാലിലേക്കുള്ള രക്തയോട്ടവും കുറഞ്ഞതിനാൽ ഹേമന്തിന്റെ ആ കാലും അപകടാവസ്ഥയിലാണെന്നാണ് ഡോക്ടർമാർ പറയുന്നത്.

To advertise here,

ആത്മകുർ വനമേഖലയ്ക്ക് സമീപം പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ ഞായറാഴ്ചയാണ് പോലീസ് ഹേമന്തിനെ വെടിവെച്ച് വീഴ്ത്തിയത്. പിടികൂടുമെന്നായപ്പോൾ പ്രതി കത്തി ഉപയോഗിച്ച് സർക്കിൾ ഇൻസ്‌പെക്ടറെ ആക്രമിക്കുകയും ചെയ്‌തെന്നാണ് പോലീസ് പറയുന്നത്. സംഭവത്തിൽ ഉദ്യോഗസ്ഥനും പരിക്കേറ്റിട്ടുണ്ട്.

ആദ്യം മുന്നറിയിപ്പായി മറ്റൊരു ദിശയിലേക്ക് വെടിവെച്ച ശേഷം പിന്നീടാണ് പ്രതിയുടെ കാലുകൾക്ക് നേരെ വെടിയുതിർത്തതെന്ന് പോലീസ് വ്യക്തമാക്കി. വെടിവെപ്പിൽ കാലുകളിൽ ഒന്നിലധികം പരിക്കുകളുണ്ടായി. തുടർന്ന് ശസ്ത്രക്രിയ നടത്തിയെങ്കിലും പിന്നീട് നടത്തിയ പരിശോധനകളിൽ രണ്ടു കാലുകളിലെയും രക്തയോട്ടവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ കണ്ടെത്തുകയായിരുന്നു. അതേസമയം പ്രതി ബോധവാനാണെന്നും പ്രതികരിക്കുകയും ചികിത്സയോട് സഹകരിക്കുകയും ചെയ്യുന്നുണ്ടെന്നും ആശുപത്രി സൂപ്രണ്ട് ഡി. മല്ലേശ്വരി കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

വെള്ളിയാഴ്ചയാണ് അനന്തപുരം ജില്ലയിലെ റാപ്താട് മണ്ഡൽ ആസ്ഥാനത്തെ ജില്ലാ പരിഷത്ത് ഹൈസ്‌കൂളിൽ ഹേമന്ത് ആക്രമണം നടത്തിയത്. ക്ലാസ് മുറിക്കുള്ളിൽ വെച്ച് പത്താം ക്ലാസ് വിദ്യാർഥിനിയെ ഹേമന്ത് യന്ത്രവാൾ (ചെയിൻസോ) ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ ഉടൻ സമീപത്തെ ആശുപത്രിയിൽ എത്തിച്ചു. ആക്രമണം തടയാൻ ശ്രമിക്കുന്നതിനിടെ മറ്റൊരു വിദ്യാർഥിനിക്കും പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ മെച്ചപ്പെട്ട ചികിത്സയ്ക്കായി ബെംഗളൂരുവിലേക്ക് മാറ്റിയിരുന്നു. സംഭവത്തിന് പിന്നാലെ സ്‌കൂൾ ജീവനക്കാരും വിദ്യാർഥികളും പോലീസിനെ വിവരമറിയിച്ചു. ആക്രമണത്തിനു ശേഷം പ്രതി സ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു.