ന്യൂഡൽഹി: 2023-ൽ പാർലമെന്റിൽ സുരക്ഷാ ലംഘനം നടത്തിയ കേസിലെ പ്രതികളായ മനോരഞ്ചൻ ഡി., സാഗർ ശർമ എന്നിവരുടെ ജാമ്യാപേക്ഷ തള്ളി ഡൽഹി സ്പെഷ്യൽ കോടതി. ഇരുവരും സമർപ്പിച്ച രണ്ടാമത്തെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. പ്രതികൾക്കെതിരായ യുഎപിഎ കുറ്റങ്ങൾ പ്രഥമദൃഷ്ട്യാ നിലനിൽക്കുന്നതാണെന്ന് നിരീക്ഷിച്ചാണ് സ്പെഷ്യൽ എൻഐഎ കോടതി ജഡ്ജി കിരൺ ബൻസാലിന്റെ നടപടി.

To advertise here,

2023 ഡിസംബർ 13-നാണ് പാർലമെന്റിലെ സന്ദർശക ഗാലറിയിൽനിന്ന് ലോക്‌സഭാ ചേംബറിലേക്ക് ചാടിവീണ് ഷൂസിനുള്ളിൽ ഒളിപ്പിച്ചിരുന്ന നിറമുള്ള പുക ക്യാനിസ്റ്ററുകൾ തുറന്നുവിട്ട് പ്രതികൾ പരിഭ്രാന്തി സൃഷ്ടിച്ചത്.

2001-ലെ പാർലമെന്റ് ആക്രമണത്തിന്റെ വാർഷികദിനത്തിൽ പാർലമെന്റ് നടപടികൾ തടസ്സപ്പെടുത്താനും ഭീകരാന്തരീക്ഷം സൃഷ്ടിക്കാനും പ്രതികൾ പദ്ധതിയിട്ടിരുന്നതായി കോടതി നിരീക്ഷിച്ചു. പ്രതികളുടെ പ്രവൃത്തി പാർലമെന്റ് പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തിയതിനൊപ്പം രാജ്യത്തിന്റെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും ഭീഷണിയുയർത്തിയെന്നും കോടതി ചൂണ്ടിക്കാട്ടി.

2023 ഡിസംബർ 14 മുതൽ തങ്ങൾ കസ്റ്റഡിയിലാണെന്നും പ്രധാന കുറ്റപത്രവും നാല് അനുബന്ധ കുറ്റപത്രങ്ങളും സമർപ്പിച്ചതോടെ അന്വേഷണം പൂർത്തിയായെന്നും പ്രതിഭാഗം കോടതിയിൽ വാദിച്ചു. പുക ക്യാനിസ്റ്ററുകൾ ഉപയോഗിച്ചതിനെ യുഎപിഎ പ്രകാരമുള്ള ഭീകരപ്രവർത്തനമായി കണക്കാക്കാനാവില്ലെന്നും വിചാരണ നീണ്ടുപോകാൻ സാധ്യതയുണ്ടെന്നും പ്രതികൾ ചൂണ്ടിക്കാട്ടി.

എന്നാൽ, യുഎപിഎയിലെ 43ഡി(5) വകുപ്പ് പ്രകാരം പ്രതികൾക്കെതിരായ ആരോപണങ്ങൾ പ്രഥമദൃഷ്ട്യാ ശരിയാണെന്ന് കോടതിക്ക് ബോധ്യപ്പെട്ടതാണെന്നും അതിനാൽ ജാമ്യം അനുവദിക്കുന്നതിന് നിയമപരമായ തടസ്സമുണ്ടെന്നും ജഡ്ജി വ്യക്തമാക്കി. വിചാരണ വൈകുന്നുവെന്ന കാരണത്താൽമാത്രം ഈ നിയന്ത്രണം മറികടന്ന് ജാമ്യം അനുവദിക്കാനാവില്ലെന്നും കോടതി നിരീക്ഷിച്ചു.