ന്യൂഡൽഹി: സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ കറുത്ത അധ്യായങ്ങളിലൊന്നായ 1975-ലെ ദേശീയ അടിയന്തരാവസ്ഥ ഇനി ഒൻപതാം ക്ലാസിലെ സ്കൂൾ കുട്ടികളും പഠിക്കും. ചരിത്രത്തിലാദ്യമായാണ് ഒൻപതാം ക്ലാസിലെ സോഷ്യൽ സയൻസ് പാഠപുസ്തകത്തിൽ പ്രത്യേക പാഠഭാഗമായിട്ടാണ്‌ എൻ.സി.ആർ.ടി അടിയന്തരാവസ്ഥ ഉൾപ്പെടുത്തുന്നത്. Understanding Society: India and Beyond എന്ന പുതുക്കിയ പാഠപുസ്തകത്തിലാണ് ജനാധിപത്യം നേരിട്ട വൻ പ്രതിസന്ധിയായി അടിയന്തരാവസ്ഥയെ ചിത്രീകരിച്ചിരിക്കുന്നത്.

To advertise here,

ഒൻപതാം ക്ലാസ് സിലബസിൽ ഇതിന് മുൻപ് ഇത്തരമൊരു ഭാഗം ഉണ്ടായിരുന്നില്ലെന്ന് എൻസിഇആർടി അധികൃതർ വ്യക്തമാക്കി.

1970-കളുടെ തുടക്കത്തിൽ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ഭരണത്തിനെതിരെ രാജ്യത്തുണ്ടായ ശക്തമായ ജനവികാരമാണ് അടിയന്തരാവസ്ഥയ്ക്ക് ആധാരമായി പുസ്തകം ചൂണ്ടിക്കാണിക്കുന്നത്.  പണപ്പെരുപ്പം, തൊഴിലില്ലായ്മ, അഴിമതി ആരോപണങ്ങൾ എന്നിവയെത്തുടർന്ന് രാജ്യം വലിയ പ്രക്ഷോഭങ്ങൾക്ക് സാക്ഷ്യം വഹിച്ചെന്നും ഒടുവിൽ 1975 ജൂണിൽ ആഭ്യന്തര അസ്വസ്ഥതകൾ മുൻനിർത്തി രാജ്യം അടിയന്തരാവസ്ഥയിലേക്ക് തള്ളപ്പെടുകയായിരുന്നെന്നും പ്രതിപാദിക്കുന്നുണ്ട്.

പൗരന്മാരുടെ മൗലികാവകാശങ്ങൾ റദ്ദാക്കപ്പെട്ടതും മാധ്യമങ്ങൾക്ക് കടുത്ത സെൻസർഷിപ്പ് ഏർപ്പെടുത്തിയതും പ്രതിപക്ഷ നേതാക്കളെ കൂട്ടത്തോടെ ജയിലിലടച്ചതും വഴി രാജ്യത്തെ ജനാധിപത്യ സംവിധാനങ്ങൾ എങ്ങനെ തകർച്ചയുടെ അരികിലെത്തി എന്ന് പുസ്തകം വിശദീകരിക്കുന്നുണ്ട്. 

അടിയന്തരാവസ്ഥയ്‌ക്കെതിരായ പോരാട്ടത്തിൽ ലോക് നായക്' ജയപ്രകാശ് നാരായണൻ വഹിച്ച പങ്കിന് പാഠപുസ്തകത്തിൽ വലിയ പ്രാധാന്യമാണ് നൽകിയിരിക്കുന്നത്. ബിഹാറിലും ഗുജറാത്തിലും വിദ്യാർത്ഥികളെയും സാധാരണക്കാരെയും അണിനിരത്തി അദ്ദേഹം നയിച്ച ജനകീയ മുന്നേറ്റം ജനാധിപത്യത്തിന്റെ തിരിച്ചുവരവിന് കാരണമായെന്ന് പറയുന്നുണ്ട്. 1977-ൽ അടിയന്തരാവസ്ഥ പിൻവലിച്ചതിന് ശേഷം നടന്ന പൊതുതിരഞ്ഞെടുപ്പിൽ ഭരണകക്ഷി പരാജയപ്പെട്ടത്, ഏകാധിപത്യത്തിനെതിരെയുള്ള ഇന്ത്യൻ ജനതയുടെയും ജനാധിപത്യത്തിന്റെയും വിജയമാണെന്ന് പുസ്തകം സമർത്ഥിക്കുന്നു.

അടിയന്തരാവസ്ഥയ്ക്ക് പുറമെ, ആധുനിക കാലഘട്ടത്തിൽ ഇന്ത്യൻ ജനാധിപത്യം നേരിടുന്ന മറ്റ് ചില സമകാലിക വെല്ലുവിളികളും പുതിയ പുസ്തകത്തിൽ ചർച്ചയാകുന്നുണ്ട്:

സാമൂഹിക മാധ്യമങ്ങൾ വഴിയുള്ള വ്യാജപ്രചാരണങ്ങൾ ജനാധിപത്യത്തിന് ഭീഷണിയാകുന്നതെങ്ങനെ എന്ന് പുസ്തകം വിശകലനം ചെയ്യുന്നു.

ദാരിദ്ര്യം, പ്രാദേശികവാദം, ലിംഗ അസമത്വം എന്നിവയും പാഠഭാഗങ്ങളിൽ ഇടംപിടിച്ചിട്ടുണ്ട്.

വിദ്യാർത്ഥികളിൽ പൗരബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ Democracy and You എന്നൊരു പ്രത്യേക ഉപവിഭാഗവും ഇതിലുണ്ട്. മാധ്യമങ്ങളെ ജനാധിപത്യത്തിന്റെ നാലാം തൂണായി വിശേഷിപ്പിക്കുന്ന പുസ്തകം, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സ്ത്രീ സംവരണം, വോട്ടിങ് രീതികൾ എന്നിവയെക്കുറിച്ചും കുട്ടികളിൽ അവബോധമുണ്ടാക്കാൻ ശ്രമിക്കുന്നുണ്ട്.

ശരിയായ തീരുമാനമെന്ന് പ്രധാൻ; വിഭജനരാഷ്ട്രീയമെന്ന് വേണുഗോപാൽ

എൻ.സി.ഇ.ആർ.ടി. ചെയ്തത് ശരിയായ കാര്യമാണെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ ഭാവിതലമുറകൾ അടിയന്തരാവസ്ഥപോലുള്ള ഇരുണ്ട സംഭവങ്ങളെക്കുറിച്ച് അറിയുകയും വായിക്കുകയും മനസ്സിലാക്കുകയും വേണം. ഇത്തരമൊരു സാഹചര്യം ഇനി ഒരിക്കലും ഉണ്ടാകരുത്. അതുകൊണ്ടാണ് ഇത് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് പ്രധാൻ പറഞ്ഞു. ജനാധിപത്യത്തിലെ ഇരുണ്ട കാലഘട്ടത്തെക്കുറിച്ച് മനസ്സിലാക്കാൻ വിദ്യാർഥികൾക്ക് ഇത് സഹായകരമാകുമെന്ന് ബി.ജെ.പി. ദേശീയ വക്താവ് ഷെഹ്‌സാദ് പൂനവാല പറഞ്ഞു. അതേസമയം, എൻ.സി.ഇ.ആർ.ടി. വിഭജനരാഷ്ട്രീയം കളിക്കുകയാണെന്ന് എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പറഞ്ഞു. ബി.ജെ.പിക്ക് ഇത്തരം വിഭജനരാഷ്ട്രീയത്തിൽ മാത്രമാണ് താത്‌പര്യം. അവർ ഇന്ത്യൻ ചരിത്രം വളച്ചൊടിക്കാനും പാഠ്യപദ്ധതി മാറ്റാനും ശ്രമിക്കുകയാണ്. ഇത് ഭരണഘടനയ്ക്കുനേരേയുള്ള ആക്രമണമാണ്. ഇതിനോട്‌ കോൺഗ്രസ് പോരാടുമെന്ന് വേണുഗോപാൽ പറഞ്ഞു.