മുംബൈ: കോണ്‍ഗ്രസ് ദേശീയനേതാക്കളായ സോണിയാ ഗാന്ധിയ്ക്കും രാഹുല്‍ ഗാന്ധിയ്ക്കും 2019-ല്‍ അവിഭക്ത ശിവസേനയുമായി സഖ്യത്തിലേര്‍പ്പെടാന്‍ താത്പര്യമുണ്ടായിരുന്നില്ലെന്ന് എന്‍.സി.പി. (അജിത് പവാര്‍ വിഭാഗം) നേതാവ് പ്രഫുല്‍ പട്ടേല്‍. അന്ന് എന്‍.സി.പിയുടെ നേതാവായിരുന്ന ശരദ് പവാറാണ് ഇരുവരേയും അനുനയിപ്പിച്ച് സഖ്യം യാഥാര്‍ഥ്യമാക്കിയതെന്നും അദ്ദേഹം പറഞ്ഞു. ഒരു ദേശീയമാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പ്രഫുല്‍ പട്ടേല്‍. 

To advertise here,

'2019 നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ബി.ജെ.പി. നേതാവ് ദേവേന്ദ്ര ഫഡ്‌നവിസ് പുലര്‍ച്ചെ സത്യപ്രതിജ്ഞ ചെയ്തപ്പോള്‍, ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ അജിത് പവാറിനെയാണ് അന്ന് ആദ്യം ശരദ് പവാര്‍ പിന്തുണച്ചത്.  എന്നാല്‍ 80 മണിക്കൂറിന് ശേഷം അജിത് പവാര്‍ ഉപമുഖ്യമന്ത്രി സ്ഥാനം രാജി വെക്കുകയായിരുന്നു.' -പട്ടേല്‍ പറഞ്ഞു. 

'ഇതിന് ശേഷമാണ് കോണ്‍ഗ്രസും ശിവസേനയും എന്‍.സി.പിയും ചേര്‍ന്ന് മഹാവികാസ് അഗാഡി രൂപവത്കരിക്കുകയും മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കുകയും ചെയ്തത്. എന്നാല്‍ ഈ സഖ്യത്തോട് സോണിയാ ഗാന്ധിയ്ക്കും രാഹുല്‍ ഗാന്ധിയ്ക്കും താത്പര്യമുണ്ടായിരുന്നില്ല. ഉദ്ധവ് താക്കറേയുടെ ഹിന്ദുത്വ പ്രത്യയശാസ്ത്രം ബി.ജെ.പിയുടേതിനേക്കാള്‍ തീവ്രമാണെന്നാണ് ഇതിന് കാരണമായി അവര്‍ പറഞ്ഞത്. ശരദ് പവാറാണ് അവരെ പറഞ്ഞുമനസിലാക്കി സഖ്യം സാധ്യമാക്കി സര്‍ക്കാര്‍ രൂപീകരണത്തിലേക്ക് നയിച്ചത്.' -അദ്ദേഹം തുടര്‍ന്നു.

ശരദ് പവാറിന്റെ തീരുമാനത്തെ താനും അജിത് പവാറും എതിര്‍ത്തിരുന്നു. ഉദ്ധവ് താക്കറേയുടെ ഹിന്ദുത്വം ബി.ജെ.പിയുടേതിനേക്കാള്‍ തീവ്രമാണെന്നതിനാലാണ് താന്‍ സഖ്യത്തെ എതിര്‍ത്തത്. എന്നാല്‍ ശരദ് പവാര്‍ ഇതൊന്നും ചെവിക്കൊള്ളാതെ സര്‍ക്കാര്‍ രൂപീകരിച്ചു. രണ്ടര വര്‍ഷം ഉദ്ധവും അതിന് ശേഷം എന്‍.സി.പിയും മുഖ്യമന്ത്രി സ്ഥാനം പങ്കിടുകയുമാണ് നല്ലതെന്നായിരുന്നു തന്റെ വിശ്വാസം. എന്നാല്‍ ഉദ്ധവ് താക്കറേ അതിന് തയ്യാറായിരുന്നില്ലെന്നും പ്രഫുല്‍ പട്ടേല്‍ പറഞ്ഞു. 

2014, 2017, 2019 വര്‍ഷങ്ങളിലെ തിരഞ്ഞെടുപ്പുകള്‍ക്ക് ശേഷം ബി.ജെ.പിയുമായി ചേര്‍ന്ന്‌ സര്‍ക്കാരുണ്ടാക്കാന്‍ എന്‍.സി.പി. ശ്രമിച്ചിരുന്നുവെന്നും പ്രഫുല്‍ പട്ടേല്‍ പറഞ്ഞു. എന്നാല്‍ അത് യാഥാര്‍ഥ്യമായില്ല. ദേവേന്ദ്ര ഫഡ്‌നവിസും 2019-ല്‍  സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ അതിന് ശരദ് പവാറിന്റെ ആശീര്‍വാദമുണ്ടായിരുന്നു. എന്നാല്‍ പിന്നീട് അദ്ദേഹം പിന്‍വാങ്ങുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.