ന്യൂഡൽഹി: ആരോഗ്യനില വഷളായതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ആക്ടിവിസ്റ്റ് സോനം വാങ്‌ചുക്കിന്റെ മെഡിക്കൽ ബുള്ളറ്റിൻ പുറത്ത്. ഡൽഹിയിലെ ജന്തർ മന്തറിൽ 20 ദിവസമായി നിരാഹാര സമരം നടത്തുന്ന സോനം വാങ്‌ചുക്കിനെ ശനിയാഴ്ച പുലർച്ചെ 7:40 ഓടെ ഡൽഹി പോലീസാണ് അദ്ദേഹത്തെ വി.എം.എം.സി & സഫ്ദർജംഗ് ആശുപത്രിയിലേക്ക് മാറ്റിയത്. ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ അദ്ദേഹം ബോധാവസ്ഥയിലായിരുന്നു. ദീർഘനാളത്തെ നിരാഹാരം മൂലം ശാരീരികമായി അതീവ തളർച്ചയും നിർജ്ജലീകരണവും പ്രകടിപ്പിച്ചിരുന്നു. പരിശോധനയിൽ രക്തത്തിലെ പൊട്ടാസ്യത്തിന്റെ അളവ് കുറവാണെന്നും മൂത്രത്തിൽ കീറ്റോണുകളുടെ അളവ് അപകടകരമായ രീതിയിൽ വർദ്ധിച്ചതായും കണ്ടെത്തിയിട്ടുണ്ട്.

To advertise here,

ആരോഗ്യനില മോശമായിക്കൊണ്ടിരിക്കുകയാണെങ്കിലും ഡോക്ടർമാർ നിർദ്ദേശിക്കുന്ന വൈദ്യസഹായം സ്വീകരിക്കാൻ വാങ്‌ചുക് തയ്യാറാകുന്നില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. ഐ.വി ഫ്ലൂയിഡുകൾ, ഒ.ആർ.എസ് ലായനി, മറ്റ് മരുന്നുകൾ എന്നിവ അദ്ദേഹം കർശനമായി നിരസിച്ചതായി ആശുപത്രി പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കുന്നു. അദ്ദേഹത്തെ നിരന്തരം നിരീക്ഷിച്ചുവരികയാണെന്നും ചികിത്സ സ്വീകരിക്കുന്നതിനായി ഡോക്ടർമാർ കൗൺസിലിങ് നൽകുന്നുണ്ടെന്നും അധികൃതർ അറിയിച്ചു. അതിനിടെ, തന്റെ അനുമതിയില്ലാതെ വാങ്‌ചുക്കിന് യാതൊരു ചികിത്സയും നൽകരുതെന്നും അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്യണമെന്നും ആവശ്യപ്പെട്ട് ഭാര്യ ഗീതാഞ്ജലി ജെ ആംഗ്മോ രംഗത്തെത്തി. ചികിത്സയിൽ സുതാര്യത കുറവാണെന്നും അവർ ആരോപിച്ചു.

അതേസമയം, ജന്തർ മന്തറിൽ സമാധാനപരമായി നിരാഹാര സമരം നടത്തിവന്ന സോനം വാങ്‌ചുക്കിനെ അവിടെ നിന്ന് നീക്കം ചെയ്ത നടപടി തെറ്റാണെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു. മോദി സർക്കാരിന്റെ പ്രധാന നയങ്ങൾ അസത്യവും ഹിംസയുമാണെന്ന് അദ്ദേഹം വിമർശിച്ചു. ചോദ്യപേപ്പർ ചോർച്ച, വിദ്യാഭ്യാസ ചിലവിലെ വർദ്ധനവ്, വിദ്യാർഥികളുടെ ആത്മഹത്യ എന്നിവ രാജ്യം നേരിടുന്ന അതീവ ഗൗരവകരമായ വിഷയങ്ങളാണെന്നും ഇത്തരം പ്രശ്നങ്ങൾ ഉന്നയിക്കുന്നതിൽ നിന്ന് ഇന്ത്യൻ വിദ്യാർഥികളെ പിന്തിരിപ്പിക്കാൻ ഒരു ശക്തിക്കും കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനിന്റെ രാജി ആവശ്യപ്പെട്ടാണ് 59-കാരനായ സോനം വാങ്‌ചുക് നിരാഹാര സമരം നടത്തുന്നത്. 20 ദിവസം പിന്നിട്ട സമരത്തിനിടയിൽ അദ്ദേഹത്തിന് 9 കിലോയോളം ഭാരം കുറഞ്ഞതായും പ്രധാന ആന്തരിക അവയവങ്ങളുടെ പ്രവർത്തനത്തെ ബാധിക്കാൻ സാധ്യതയുണ്ടെന്നും ഡോക്ടർമാർ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. വാങ്‌ചുക്കിന്റെ ജീവൻ രക്ഷിക്കാൻ ആവശ്യമായതെല്ലാം ചെയ്യാൻ ഡൽഹി ഹൈക്കോടതി കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് നിർദ്ദേശം നൽകിയതിന് പിന്നാലെയാണ് പോലീസിന്റെ അടിയന്തര നീക്കം ഉണ്ടായത്.

ജന്തർ മന്തറിലെ സമരവേദിയിൽ നിന്ന് ശനിയാഴ്ച രാവിലെ അപ്രതീക്ഷിതമായ ഓപ്പറേഷനിലൂടെയാണ് പോലീസ് വാങ്‌ചുക്കിനെ മാറ്റിയത്. ഹൈക്കോടതി നിർദ്ദേശവും വൈദ്യോപദേശവും കണക്കിലെടുത്താണ് ഇത്തരമൊരു നടപടിയെന്ന് പോലീസ് വിശദീകരിച്ചു. സമരക്കാരനെ ബലമായി മാറ്റിയതിൽ പ്രതിഷേധം ഉയരുന്നുണ്ടെങ്കിലും, അദ്ദേഹത്തിന്റെ ജീവൻ നിലനിർത്തുന്നതിനാണ് മുൻഗണന നൽകുന്നതെന്ന് അധികൃതർ വ്യക്തമാക്കി. നിലവിൽ സഫ്ദർജങ് ആശുപത്രിയിൽ ഡോക്ടർമാരുടെ പ്രത്യേക സംഘം അദ്ദേഹത്തിന്റെ ആരോഗ്യനില സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.