ന്യൂഡല്‍ഹി: ഇന്ത്യക്കാരുടെ രക്തംകൊണ്ട് കളിച്ചാല്‍ പാകിസ്താന്‍ വലിയ വിലകൊടുക്കേണ്ടി വരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സിന്ദൂരം വെടിമരുന്ന് ആകുമ്പോള്‍ എന്ത് സംഭവിക്കുമെന്ന് ലോകവും രാജ്യത്തിന്റെ ശത്രുക്കളും ഇതിനോടകം കണ്ടുവെന്ന് പറഞ്ഞ പ്രധാനമന്ത്രി പാകിസ്താനെ മുട്ടുകുത്തിച്ചതിന് ഇന്ത്യന്‍ സായുധസേനയെ പ്രശംസിക്കുകയും ചെയ്തു. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷമുള്ള ആദ്യ പൊതുസമ്മേളനത്തില്‍ രാജസ്ഥാനിലെ ബിക്കാനേറില്‍ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'മോദിയുടെ സിരകളിലൂടെ ഒഴുകുന്നത് രക്തം മാത്രമല്ല, ചൂടുള്ള സിന്ദൂരവും കൂടിയാണ്. ഓരോ ഭീകരാക്രമണത്തിനും പാകിസ്താന്‍ വലിയ വില നല്‍കേണ്ടി വരും' പ്രധാനമന്ത്രി പ്രസംഗത്തിനിടെ പറഞ്ഞു.
ഭീകരാക്രമണത്തോടുള്ള ഇന്ത്യയുടെ പ്രതികരണം പ്രതികാരത്തിന്റെ കളിയല്ലെന്നും 'നീതിയുടെ പുതിയ രൂപമാണെന്നും' അദ്ദേഹം പറഞ്ഞു, പാകിസ്താനുമായി വ്യാപാരമോ ചര്‍ച്ചയോ ഉണ്ടാകില്ല, പാക് അധിനിവേശ കാശ്മീരിനെക്കുറിച്ച് മാത്രമേ സംസാരിക്കുകയുള്ളൂവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
ആണവ ഭീഷണികളില്‍ ഇന്ത്യ ഭയപ്പെടാന്‍ പോകുന്നില്ലെന്നും രാജ്യത്ത് ഒരു ഭീകരാക്രമണം ഉണ്ടായാല്‍ അതിന് തക്കതായ മറുപടി നല്‍കുമെന്നും പാകിസ്താനുള്ള സന്ദേശമായി മോദി പറഞ്ഞു.
'ഇന്ത്യയില്‍ ഒരു ഭീകരാക്രമണം ഉണ്ടായാല്‍ അതിന് തക്കതായ മറുപടി ലഭിക്കും. സമയവും രീതികളും നമ്മുടെ സൈന്യം തീരുമാനിക്കും, സാഹചര്യങ്ങളും നമ്മുടേതായിരിക്കും. അണുബോംബ് ഭീഷണിയില്‍ ഇന്ത്യ ഭയപ്പെടാന്‍ പോകുന്നില്ല. ഭീകര പ്രവര്‍ത്തകരെയും ഭീകരരെ സംരക്ഷിക്കുന്ന സര്‍ക്കാരിനെയും വേര്‍തിരിച്ച് കാണില്ല. അവരെ ഒന്നായി കണക്കാക്കും. ഓപ്പറേഷന്‍ സിന്ദൂറിലെ മൂന്ന് സൂത്രങ്ങളാണ് ഇവ' പ്രധാനമന്ത്രി പറഞ്ഞു.
സര്‍ക്കാര്‍ മൂന്ന് സേനാ വിഭാഗങ്ങള്‍ക്കും പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കി. അവര്‍ ഒരുമിച്ച് ചേര്‍ന്ന് പാകിസ്താനെ മുട്ടുകുത്തിക്കാന്‍ തക്ക കെണി ഒരുക്കി. ബിക്കാനേറിലെ നമ്മുടെ വ്യോമത്താവളം ലക്ഷ്യമിടാന്‍ പാകിസ്താന്‍ ശ്രമിച്ചിരുന്നുവെങ്കിലും ഒരു നാശനഷ്ടവും വരുത്താന്‍ കഴിഞ്ഞില്ലെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. അതേസമയം ഇന്ത്യന്‍ ആക്രമണത്തില്‍ തകര്‍ന്ന പാകിസ്താന്റെ വ്യോമത്താവളം എപ്പോഴാണ് തുറക്കുക എന്ന് ആര്‍ക്കും അറിയില്ല. അത് തീവ്രപരിചരണ വിഭാഗത്തിലാണെന്നും മോദി പറഞ്ഞു.
'ഇന്ത്യയ്ക്കെതിരെ നേരിട്ടുള്ള പോരാട്ടത്തില്‍ ഒരിക്കലും പാകിസ്താന് വിജയിക്കാന്‍ കഴിയില്ല. നേരിട്ടുള്ള പോരാട്ടം ഉണ്ടാകുമ്പോഴെല്ലാം പാകിസ്താന്‍ വീണ്ടും വീണ്ടും പരാജയം നേരിടേണ്ടി വരും. അതുകൊണ്ടാണ് ഇന്ത്യയ്ക്കെതിരെ പോരാടാനുള്ള ആയുധമായി അവര്‍ ഭീകരതയെ ഉപയോഗിക്കുന്നത്' അദ്ദേഹം പറഞ്ഞു.
'ഇന്ന്, രാജസ്ഥാന്റെ മണ്ണില്‍ നിന്ന്, ഞാന്‍ എന്റെ സഹ പൗരന്മാരോട് പറയാന്‍ ആഗ്രഹിക്കുന്നു, സിന്ദൂരം മായ്ച്ചുകളയാന്‍ ഇറങ്ങിത്തിരിച്ചവര്‍ തുടച്ചുനീക്കപ്പെട്ടു. ഹിന്ദുസ്ഥാന്റെ രക്തം ചൊരിഞ്ഞവര്‍ അതിലെ ഓരോ തുള്ളിക്കും വില നല്‍കി. തങ്ങളുടെ ആയുധങ്ങളില്‍ അഭിമാനം കൊണ്ടവര്‍ ഇപ്പോള്‍ ആ അവശിഷ്ടങ്ങള്‍ക്കടിയില്‍ അടക്കം ചെയ്യപ്പെട്ടു. ഇതൊരു പ്രതികാരത്തിന്റെ കളിയല്ല, മറിച്ച് ഇത് നീതിയുടെ പുതിയ രൂപമാണ്, ഇതാണ് ഓപ്പറേഷന്‍ സിന്ദൂര്‍. പ്രാപ്തിയുള്ള ഇന്ത്യയുടെ ഉഗ്രരൂപമാണിത്. ഇതാണ് ഇന്ത്യയുടെ പുതിയ രൂപം' പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
പാകിസ്താന്‍ ഭീകരരെ കയറ്റി അയക്കുന്നത് തുടരുകയാണെങ്കില്‍, അവര്‍ക്ക് ഭിക്ഷ യാചിക്കേണ്ടി വരും. പാകിസ്താന് ഇന്ത്യയുടെ ന്യായമായ ജലവിഹിതം ലഭിക്കില്ല. ഇന്ത്യക്കാരുടെ രക്തം കൊണ്ട് കളിച്ചാല്‍ പാകിസ്താന്‍ വലിയ വില നല്‍കേണ്ടി വരും. ഇതാണ് ഇന്ത്യയുടെ ദൃഢനിശ്ചയം, ഈ ദൃഢനിശ്ചയത്തില്‍ നിന്ന് നമ്മെ ലോകത്തിലെ ഒരു ശക്തിക്കും പിന്തിരിപ്പിക്കാന്‍ കഴിയില്ലെന്നും മോദി വ്യക്തമാക്കി.
സത്യം വെളിപ്പെടുത്തുന്നതിനായി നമ്മുടെ സര്‍വ്വകക്ഷി പ്രതിനിധി സംഘങ്ങള്‍ ലോകമെമ്പാടും എത്തുന്നുണ്ട്. പാകിസ്താന്റെ യഥാര്‍ത്ഥ മുഖം ലോകത്തെ മുഴുവന്‍ കാണിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
Content Highlights: PM Modi warns Pakistan of dire consequences for using terrorism
Published: 22 May 2025, 04:52 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented