
ന്യൂഡൽഹി: സിഖ് കൂട്ടക്കൊലക്കേസിൽ പ്രധാന പ്രതിയായി തിഹാർ ജയിലിൽ കഴിയവേ അന്തരിച്ച കോൺഗ്രസ് മുൻ എം.പി. സജ്ജൻകുമാറിന്റേത് അപരിഹാര്യമായ നഷ്ടമാണെന്ന് ഹരിയാണയിലെ കോൺഗ്രസ് എം.പി. ദീപേന്ദ്ര ഹൂഡ. ഇതിനെതിരേ സിഖുകാർ കൂട്ടത്തോടെ പ്രതിഷേധവുമായി തെരുവിലിറങ്ങിയതോടെ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തവേളയിൽ പഞ്ചാബിലെ കോൺഗ്രസ് വെട്ടിലായി.
രാഷ്ട്രീയപ്രതിസന്ധി മറികടക്കാൻ ഹൂഡയെ പഞ്ചാബിലെ പാർട്ടിനേതൃത്വം കൈയോടെ തള്ളിപ്പറഞ്ഞെങ്കിലും സിഖുകാർ രാജ്യതലസ്ഥാനത്ത് ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധിയുടെ വസതിക്കുമുന്നിലും പ്രതിഷേധവുമായി രംഗത്തിറങ്ങി. ഹരിയാണയിലെ റോഹ്തക് എം.പി.യായ ദീപേന്ദ്ര ഹൂഡ കഴിഞ്ഞദിവസം സജ്ജൻകുമാറിന്റെ നിര്യാണത്തിൽ അനുശോചിക്കവെയാണ് അദ്ദേഹത്തെ പ്രകീർത്തിച്ച് സംസാരിച്ചത്. ജനങ്ങളുടെ സന്തോഷത്തിലും ദുഃഖത്തിലും അദ്ദേഹം ഒപ്പംനിന്നെന്നും ഡൽഹിയുടെ വികസനത്തിൽ സ്തുത്യർഹമായ പങ്കുവഹിച്ചെന്നും ദീപേന്ദ്ര ഹൂഡ അഭിപ്രായപ്പെട്ടു.
ഹൂഡയുടേത് വ്യക്തിപരമായ അഭിപ്രായമാണെന്ന് പഞ്ചാബ് കോൺഗ്രസ് പ്രസിഡന്റുകൂടിയായ അമരിന്ദർ രാജ വാറിങ് എം.പി. പ്രതികരിച്ചു. 1984-ലെ സിഖ് വിരുദ്ധകലാപം വലിയ ദുരന്തമായിരുന്നെന്നും അതിന്റെ മുറിവുകൾ ഉണങ്ങിയിട്ടില്ലെന്നും വാറിങ് കൂട്ടിച്ചേർത്തു. സിഖ് സമുദായത്തിന്റെ കൊലയാളിയായ സജ്ജൻകുമാറിന്റെ പേര് ഉച്ചരിക്കുന്നതുപോലും പാപമാണെന്ന് പഞ്ചാബ് മുൻ മുഖ്യമന്ത്രി ചരൺജിത് സിങ് ഛന്നി അഭിപ്രായപ്പെട്ടു.
രാഹുലും കോൺഗ്രസും മാപ്പുപറയണമെന്ന് ആവശ്യം
സജ്ജൻ കുമാറിനെ വീരനായകനായി ചിത്രീകരിച്ചതിൽ മാപ്പുപറയണമെന്നാവശ്യപ്പെട്ട് രാഹുൽഗാന്ധിയുടെ വസതിക്കുമുന്നിൽ നടത്തിയ പ്രതിഷേധത്തിൽ സിഖ് വിരുദ്ധകലാപത്തിനിരയായവരുടെ പിൻതലമുറക്കാരും സിഖ് നേതാക്കളും പങ്കെടുത്തു. ഡൽഹി സിഖ് ഗുരുദ്വാര മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് ഹർമീത് സിങ് കൽക്ക, ജനറൽസെക്രട്ടറി ജഗ്ദീപ് സിങ് കഹ്ലോൺ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സുനേരിബാഗ് റോഡിലെ രാഹുലിന്റെ വസതിക്കുമുന്നിൽ പ്രതിഷേധിച്ചത്.
സജ്ജൻ കുമാറിനെ നായകനായി കണക്കാക്കുന്നുണ്ടോയെന്ന് കോൺഗ്രസ് വ്യക്തമാക്കണമെന്ന് സിഖ് ഗുരുദ്വാര മാനേജ്മെന്റ് കമ്മിറ്റി ആവശ്യപ്പെട്ടു. സിഖ് ജനതയ്ക്കേറ്റ മുറിവുകളെ 42 വർഷത്തിനുശേഷം വീണ്ടും കുത്തിനോവിച്ചിരിക്കുകയാണെന്നും ഇതു തിരിച്ചറിഞ്ഞ് രാഹുൽ ഗാന്ധിയും കോൺഗ്രസ് നേതാക്കളും മാപ്പുപറയണമെന്നും നേതാക്കൾ പറഞ്ഞു.
Content Highlights: Protest held outside Rahul Gandhi's residence on Sunehri Bagh Road., Led by Delhi Sikh Gurdwara Management Committee president Harmeet Singh Kalka and general secretary Jagdeep Singh Kahlon., Demanding an apology for portraying Sajjan Kumar as a hero., Participants included descendants of the 1984 anti-Sikh riots victims.
Published: 23 Aug 2026, 08:07 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented