
മുംബൈ: ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന (യു.ബി.ടി.) വീണ്ടുമൊരു പിളർപ്പിലേക്ക് നീങ്ങുന്നതായി സൂചന. പതിനാറോളം എം.എൽ.എ.മാരും ഏഴ് എം.പി.മാരും പാർട്ടി വിടാൻ ഒരുങ്ങുകയാണെന്നാണ് റിപ്പോർട്ടുകൾ. വരും ദിവസങ്ങളിൽത്തന്നെ പുതിയ വിഭാഗം രൂപപ്പെട്ടേക്കുമെന്നാണ് ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നത്. 2022-ലെ വിമതനീക്കത്തിന് ശേഷം ഉദ്ധവിന് ഏൽക്കുന്ന വലിയ തിരിച്ചടിയാകും ഇത്.
ശിവസേന (യു.ബി.ടി.)യുടെ ചില എം.പി.മാർ ഏകനാഥ് ഷിന്ദേയുടെ ശിവസേനയിലേക്ക് ചേക്കേറിയേക്കുമെന്നാണ് സൂചന. ഇതേത്തുടർന്ന് ഉദ്ധവ് താക്കറെ പാർട്ടിയിലെ ഒൻപത് ലോക്സഭാ എം.പി.മാരുടെ യോഗം മുംബൈയിലെ അദ്ദേഹത്തിന്റെ വസതിയിൽ അടിയന്തരമായി വിളിച്ചുചേർത്തു. പിളർപ്പ് വാർത്തകൾ ചെറുക്കാനായിരുന്നു യോഗം. എങ്കിലും ഈ കൂടിക്കാഴ്ച വലിയ ചർച്ചയായി.
പിന്നാലെ പാർട്ടി വിട്ടുപോകാൻ ആഗ്രഹിക്കുന്ന ആരെയും നിർബന്ധിച്ച് കൂടെ നിർത്തില്ലെന്ന് ഉദ്ധവ് താക്കറെ പ്രതികരിച്ചു. പാർട്ടി വിട്ടുപോകാൻ മനസ്സുകൊണ്ട് തീരുമാനിച്ച ഒരാളെ നിർബന്ധിച്ച് കൂടെ നിർത്തുന്നതിൽ എന്താണ് അർത്ഥമുള്ളത്? ആർക്കെങ്കിലും പോകണമെന്നുണ്ടെങ്കിൽ അവർക്ക് പോകാം. അവർക്ക് നല്ലതുവരട്ടെ എന്ന് മാത്രമേ ഞാൻ ആശംസിക്കൂ”- ഉദ്ധവ് പറഞ്ഞു.
ഇതിനിടെ കഴിഞ്ഞ ആഴ്ചകളിൽ ഡൽഹിയിൽ ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നതായാണ് വിവരം. ശിവസേന (യു.ബി.ടി.) എം.പി.മാരെല്ലാം ഏകനാഥ് ഷിന്ദേയുമായി സമ്പർക്കത്തിലാണെന്ന് കേന്ദ്രമന്ത്രിയും ശിവസേന നേതാവുമായ പ്രതാപ് ജാദവ് അവകാശപ്പെട്ടതോടെയാണ് അഭ്യൂഹങ്ങൾക്ക് കരുത്തേറിയത്. താക്കറെ പക്ഷത്തെ ചില എം.പി.മാർ രഹസ്യ യോഗങ്ങൾ ചേർന്നതായും റിപ്പോർട്ടുകളുണ്ട്.
പ്രചാരണങ്ങൾ ശക്തമാണെങ്കിലും മറ്റ് പാർട്ടികളെ പിളർത്താൻ തങ്ങൾ ശ്രമിക്കുന്നില്ലെന്നാണ് ഏകനാഥ് ഷിന്ദേയുടെ നേതൃത്വത്തിലുള്ള ശിവസേന വ്യക്തമാക്കുന്നത്. മറ്റ് രാഷ്ട്രീയ സംഘടനകളെ തകർക്കാൻ തങ്ങൾക്ക് താത്പര്യമില്ലെന്ന് ശിവസേന നേതാവ് ഷൈന എൻ.സി. പറഞ്ഞു.
തൃണമൂൽ കോൺഗ്രസിൽ പിളർപ്പുണ്ടായി വലിയൊരു വിഭാഗം എംഎൽഎമാരും എംപിമാരും പാർട്ടി വിട്ടതിന്റെ അലയൊലികൾ അടങ്ങുന്നതിന് മുമ്പേയാണ് മഹാരാഷ്ട്രയിലും മറ്റൊരു രാഷ്ട്രീയ നാടകം അരങ്ങേറുന്നത്. ഷിന്ദേ നേതൃത്വം നൽകുന്ന ശിവസേന മഹാരാഷ്ട്രയിലെ ഭരണസഖ്യമായ മഹായുതിയുടെ ഭാഗമാണ്. കേന്ദ്രത്തിൽ എൻഡിഎയുടെ ഭാഗമാണ് ഇവർ. തൃണമൂൽ വിമതർ എൻഡിഎയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
മുമ്പ് ആവശ്യത്തിന് ഭൂരിപക്ഷമില്ലാതെ മണ്ഡല പുനർനിർണയ ബിൽ പാർലമെന്റിൽ പരാജയപ്പെട്ടിരുന്നു. ഇത് വീണ്ടും അവതരിപ്പിക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് പുതിയ രാഷ്ട്രീയ നാടകങ്ങൾ അരങ്ങേറുന്നത്.
Content Highlights: The Uddhav Thackeray-led Shiv Sena (UBT) is reportedly facing another major split as 16 MLAs and 7 MPs are rumored to be in contact with the Eknath Shinde faction, prompting Thackeray to call an emergency meeting.
Published: 16 Jun 2026, 05:51 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented