ന്യൂഡൽഹി: പാർലമെന്റിൽ നടക്കുന്ന ഓപ്പറേഷൻ സിന്ദൂർ സംബന്ധിച്ച ചർച്ചയിൽ സംസാരിക്കാൻ താത്പര്യമില്ലെന്ന് ശശി തരൂർ പാർട്ടിയെ അറിയിച്ചതായി വിവരം. ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് നടക്കുന്ന ചർച്ചയിൽ സംസാരിക്കാൻ തയ്യാറുള്ള കോൺഗ്രസ് എംപിമാരുടെ പട്ടിക തയ്യാറാക്കുന്ന ഘട്ടത്തിൽ ശശി തരൂരിനേയും പാർട്ടി സമീപിച്ചിരുന്നു. എന്നാൽ തനിക്ക് സംസാരിക്കാൻ താത്പര്യമില്ല എന്ന് തരൂർ അറിയിച്ചതായി അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

To advertise here,

പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നിർദേശപ്രകാരം കോൺഗ്രസ് ലോക്സഭാ ഉപനേതാവ് ഗൗരവ് ഗൊഗോയ് ശശി തരൂരുമായി സംസാരിച്ചു. എന്നാൽ ചർച്ചയിൽ പങ്കെടുക്കാൻ താത്പര്യമില്ലെന്ന് അദ്ദേഹം അറിയിച്ചുവെന്ന് അടുത്തവൃത്തങ്ങൾ അറിയിച്ചു. 

പഹൽഗാമിലെ ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ നയം വ്യക്തമാക്കാൻ ഭരണ - പ്രതിപക്ഷത്തുള്ള പ്രതിനിധി സംഘം വിദേശ യാത്ര നടത്തിയിരുന്നു. വിദേശയാത്രയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവർത്തനങ്ങളെ പുകഴ്ത്തിയ ശശി തരൂർ എംപി പാർട്ടിക്കുള്ളിൽ തന്നെ വൻതോതിൽ വിമർശങ്ങൾ ഏറ്റുവാങ്ങിയിരുന്നു. വിദേശ പ്രതിനിധി സംഘത്തിൽ ഉൾപ്പെടുന്നതിന് മുമ്പ് പാർട്ടിയുടെ അനുമതി തേടാത്തതും വൻതോതിൽ വിമർശനത്തിനിടയാക്കിയിരുന്നു.

പഹൽഗാം ഭീകരാക്രമണം, ഓപ്പറേഷൻ സിന്ദൂർ വിഷയങ്ങളിൽ പാർലമെന്റിൽ ഇന്ന് ചർച്ച ആരംഭിക്കും. വർഷകാല സമ്മേളനത്തിന്റെ ആദ്യ ആഴ്ച പൂർണമായി തടസ്സപ്പെട്ടശേഷം തിങ്കളാഴ്ച സഭ ചേരുമ്പോൾ ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട ഈ വിഷയങ്ങളിൽ നടക്കാൻ പോകുന്ന ചർച്ച ഭരണപ്രതിപക്ഷങ്ങൾ തമ്മിലുള്ള കൊമ്പുകോർക്കലിന് വേദിയായേക്കും. പ്രധാന നേതാക്കളെ അണിനിരത്തി ചർച്ചയിൽ മേൽക്കൈനേടാനാണ് ഭരണ പക്ഷമായ എൻഡിഎയും പ്രതിപക്ഷ ഇന്ത്യസഖ്യവും തയ്യാറെടുത്തിരിക്കുന്നത്. ലോക്‌സഭയിൽ തിങ്കളാഴ്ചയാണ് ചർച്ച. രാജ്യസഭയിൽ ചൊവ്വാഴ്ചയും.