ന്യൂഡൽഹി: കോൺഗ്രസ് നേതൃത്വവുമായുള്ള അതൃപ്തിയെ തുടർന്നുണ്ടായ അഭ്യൂഹങ്ങളിൽ പ്രതികരണവുമായി ശശി തരൂർ എംപി. പാർട്ടി നേതൃത്വത്തോട് തനിക്ക് പറയാനുള്ള കാര്യങ്ങൾ പറയുമെന്ന് തരൂർ പറഞ്ഞു. 'ഞാൻ പറയാനുള്ള വിഷയങ്ങളൊക്കെ പാർട്ടി നേതൃത്തോട് മാത്രമേ പറയുകയുള്ളൂ. അതിന് അവസരം വരുമെന്നതിൽ എനിക്ക് സംശയമില്ല.' തരൂർ പറഞ്ഞു.
ദുബായിൽനിന്ന് ഡൽഹിയിലെത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു തരൂർ. ദുബായ് യാത്രയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ കൂടുതൽ പ്രതികരണം നടത്തിയില്ല. തരൂരിന്റെ ദുബായ് യാത്ര സിപിഎമ്മിൽ ചേരുന്നതിനുള്ള ചർച്ചകൾക്ക് വേണ്ടിയാണെന്ന പ്രചാരണങ്ങൾ ഉണ്ടായിരുന്നു. ഇത് മാധ്യമ സൃഷ്ടി മാത്രമാണെന്നാണ് തരൂർ പറയുന്നത്.
ഇന്ന് ഡൽഹിയിൽ സോണിയ ഗാന്ധിയുടെ വസതിയിൽ ചേർന്ന നയരൂപീകരണ യോഗത്തിലും തരൂരിന് പങ്കെടുക്കാൻ സാധിച്ചിരുന്നില്ല. ഈ യോഗത്തിലേക്ക് എത്താത്തത് ക്ഷണം വൈകിയത് കൊണ്ടാണെന്നും തരൂർ വ്യക്തമാക്കി. 'അവർ എന്നെ ക്ഷണിക്കുന്നത് ഇന്നലെയോ മിനിഞ്ഞാന്നോ ആയിരുന്നു. അപ്പോഴേക്കും നാട്ടിലേക്ക് തിരിക്കാനുള്ള ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു.' തരൂർ പറഞ്ഞു.
കോൺഗ്രസ് ദേശീയ-സംസ്ഥാന നേതൃത്വവുമായി ഏറെക്കാലമായി തരൂർ അകൽച്ചയിലാണ്. എന്നാൽ, തരൂരിനെതിരേ നടപടിയെടുക്കാനോ അദ്ദേഹത്തിന് ഏതെങ്കിലും രീതിയിലുള്ള വിലക്കിടാനോ കോൺഗ്രസ് ശ്രമിച്ചിട്ടില്ല. പാർട്ടി നടപടി നേരിട്ട് രക്തസാക്ഷി പരിവേഷം തരൂരിന് ഉണ്ടാക്കേണ്ടതില്ലെന്നതാണ് ഇതിനു കാരണം.
തദ്ദേശതിരഞ്ഞെടുപ്പിൽ ജയിച്ച ജനപ്രതിനിധികളെ ഉൾപ്പെടുത്തി കോൺഗ്രസ് കൊച്ചിയിൽ സംഘടിപ്പിച്ച മഹാപഞ്ചായത്തിൽ അവഗണന നേരിട്ടു എന്നതാണ് തരൂരിന്റെ ഒടുവിലത്തെ പരാതി. രാഹുൽ പങ്കെടുത്ത പരിപാടിയിൽ വേദിയിലുണ്ടായിരുന്നിട്ടും തരൂരിന്റെ പേരുപോലും പരാമർശിച്ചില്ലെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. വരുന്ന വാർത്തകളിൽ തെറ്റും ശരിയുമുണ്ടാകാമെന്നും തനിക്ക് പറയാനുള്ളത് പാർട്ടി വേദിയിൽ പറയുമെന്നുമായിരുന്നു ഇതേക്കുറിച്ച് തരൂരിന്റെ പ്രതികരണം. ഇതിന് പിന്നാലെയാണ് തരൂർ സിപിഎമ്മിലേക്കെന്ന പ്രചാരണം ഉണ്ടായത്.
Content Highlights: Shashi Tharoor Addresses Congress Leadership Dissatisfaction: "Will Convey My Views Directly
Published: 27 Jan 2026, 09:08 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented