മുംബൈ: എൻ.സി.പി.(എസ്.പി.)യുടെ ഭാവി സംബന്ധിച്ച രാഷ്ട്രീയ നീക്കങ്ങൾ സജീവമാകുന്നതിനിടെ പാർട്ടിക്ക് മുന്നിലുള്ള രണ്ട് രാഷ്ട്രീയ വഴികളെക്കുറിച്ച് ചർച്ചകൾ ആരംഭിച്ച് ശരദ് പവാർ. കോൺഗ്രസുമായി ലയിക്കുകയോ അല്ലെങ്കിൽ ബി.ജെ.പി നയിക്കുന്ന എൻ.ഡി.എയിൽ ചേരുകയോ ചെയ്യുന്നതിനെക്കുറിച്ചാണ് പവാർ ആലോചിക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

To advertise here,

എൻ.സി.പി. (എസ്.പി.)ക്ക് എട്ട് ലോക്‌സഭാ എം.പിമാരും 10 എം.എൽ.എമാരുമാണുള്ളത്. ഇതിൽ അഞ്ച് എം.പിമാർ ഏക്‌നാഥ് ഷിൻഡെ പക്ഷത്തേക്ക് ചേരാൻ താത്പര്യപ്പെടുന്നുവെന്നാണ് വിവരം. ബാക്കിയുള്ളവർ ബി.ജെ.പി നയിക്കുന്ന എൻ.ഡി.എയുമായി സഹകരിച്ച് ഘടകകക്ഷിയായി നിൽക്കണമെന്ന അഭിപ്രായക്കാരാണ്‌. എം.എൽ.എമാരിലും ഭിന്നാഭിപ്രായങ്ങളുണ്ട്; ചിലർ കോൺഗ്രസുമായുള്ള ലയനത്തെ അനുകൂലിക്കുമ്പോൾ മറ്റുചിലർ ഭരണമുന്നണിയിൽ ചേരാനാണ് ആഗ്രഹിക്കുന്നത്.

കോൺഗ്രസിൽ നിന്ന് രാഷ്ട്രീയ ജീവിതം തുടങ്ങി, പിന്നീട് സ്വന്തമായി പാർട്ടി രൂപീകരിച്ച പവാർ, മകളും ലോക്‌സഭാ എം.പിയുമായ സുപ്രിയ സുലെയ്ക്കും വിശ്വസ്തർക്കും മികച്ച പരിഗണന ലഭിക്കുകയാണെങ്കിൽ പാർട്ടി കോൺഗ്രസിൽ ലയിപ്പിക്കാൻ തയ്യാറാണെന്ന് റിപ്പോർട്ടുകളുണ്ട്.

മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷസ്ഥാനത്ത് പവാറിന്റെ പക്ഷത്തുനിന്നുള്ള ഒരാളെ നിയമിക്കണമെന്നും, വൈസ് പ്രസിഡന്റായി മകളെ നിയമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പേര് വെളിപ്പെടുത്താത്ത ഒരു പാർട്ടി നേതാവിനെ ഉദ്ധരിച്ച് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. ഇതിനുപുറമെ കോൺഗ്രസ് പ്രവർത്തക സമിതിയിൽ അർഹമായ പ്രാതിനിധ്യവും ചോദിച്ചതായാണ്‌ റിപ്പോർട്ടുകൾ.

എന്നാൽ, എൻ.സി.പി.(എസ്.പി.)യിലെ ഒരു വലിയ വിഭാഗത്തിന് ഭരണപക്ഷത്ത് ചേരാനാണ് താത്പര്യം. അവർക്ക് കേന്ദ്രത്തിൽ എൻ.ഡി.എയുടെയും മഹാരാഷ്ട്രയിൽ മഹായുതി സഖ്യത്തിന്റെയും ഭാഗമാകണമെന്നും മറ്റൊരു മുതിർന്ന നേതാവ് വ്യക്തമാക്കി. നാഗ്പുർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു ബി.ജെ.പി നേതാവുമായി അനൗദ്യോഗിക ചർച്ചകൾ നടക്കുന്നതായാണ് വിവരം. സുപ്രിയ സുലെക്ക് കേന്ദ്ര മന്ത്രിസഭയിൽ സ്ഥാനവും പവാറിന്റെ വിശ്വസ്തരായ രണ്ട് മുതിർന്ന നേതാക്കൾക്ക് മന്ത്രിസ്ഥാനങ്ങളും പാർട്ടി ആവശ്യപ്പെട്ടിട്ടുണ്ടെന്നുമാണ് പുറത്തു വരുന്ന വാർത്തകൾ.

അതേസമയം, കോൺഗ്രസുമായുള്ള ലയനത്തെക്കുറിച്ച് സംസ്ഥാന തലത്തിൽ ചർച്ചകൾ നടന്നിട്ടില്ലെന്ന് മഹാരാഷ്ട്ര കോൺഗ്രസ് വ്യക്തമാക്കി. കേന്ദ്ര നേതൃത്വം എടുക്കുന്ന ഏത് തീരുമാനവും അംഗീകരിക്കുമെന്നും അവർ അറിയിച്ചു. പവാർ തന്റെ പാർട്ടി കോൺഗ്രസിൽ ലയിപ്പിക്കാൻ സാധ്യത കുറവാണെന്നും ബി.ജെ.പിയുമായുള്ള വിലപേശൽ ശേഷി വർധിപ്പിക്കാനാണ് അദ്ദേഹം ഇത്തരം ചർച്ചകൾ നടത്തുന്നതെന്നും ഒരു മുതിർന്ന കോൺഗ്രസ് നേതാവ് അഭിപ്രായപ്പെട്ടു.