ന്യൂഡൽഹി: എൻ.സി.പി (എസ്പി) അധ്യക്ഷൻ ശരദ് പവാറും മകളും എംപിയുമായ സുപ്രിയസുലെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ശരദ് പവാറിന്റെ പാർട്ടി എൻഡിഎയിലേക്ക് പോകുകയാണെന്ന അഭ്യൂഹങ്ങൾക്കും പാർലമെന്റിലും പുറത്തും സർക്കാരിനെതിരെ പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധങ്ങൾക്കും ഇടയിലാണ് ഈ കൂടിക്കാഴ്ച.

To advertise here,

രാജ്യത്തെ കർഷകർ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചും ജലസേചനവുമായി ബന്ധപ്പെട്ട വിഷയങ്ങളെക്കുറിച്ചും ശരദ് പവാർ പ്രധാനമന്ത്രിക്ക് ഒരു നിവേദനം നൽകിയെന്നാണ് ഔദ്യോഗിക വിവരം. നീറ്റ്-യു.ജി ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട ജന്തർ മന്തറിലെ വിദ്യാർത്ഥി പ്രതിഷേധങ്ങളിൽ പങ്കെടുത്ത് സംസാരിച്ചതിന് തൊട്ടുപിന്നാലെയാണ് ശരദ് പവാറും സുപ്രിയ സുലെയും പ്രധാനമന്ത്രിയെ കണ്ടത്. വിദ്യാർത്ഥികളുടെ ആവശ്യങ്ങളോട് സർക്കാർ സംവേദനക്ഷമതയോടെ പ്രതികരിക്കണമെന്നും ഉചിതമായ നടപടിയെടുക്കണമെന്നും ശരദ് പവാർ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.

അതേസമയം ശരദ് പവാറിന്റെ കൂടിക്കാഴ്ചയ്ക്ക് ചില രാഷ്ട്രീയ മാനങ്ങൾകൂടി ഉയർന്നിട്ടുണ്ട്. എൻ.സി.പി (എസ്.പി) നേതാവ് ജയന്ത് പാട്ടീൽ, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ ശരദ് പവാറിന്റെ പാർട്ടി ബി.ജെ.പി നയിക്കുന്ന എൻ.ഡി.എ സഖ്യത്തിൽ ചേരുകയോ അജിത് പവാർ പക്ഷവുമായി ലയിക്കുകയോ ചെയ്‌തേക്കാമെന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നു. പാർലമെന്റിൽ വനിതാ സംവരണ ബില്ലും മണ്ഡല പുനഃക്രമീകരണ ബില്ലും വീണ്ടുംകൊണ്ടുവരുന്നതിനായി ബിജെപി രാഷ്ട്രീയ നീക്കങ്ങൾ നടത്തിവരുന്ന പശ്ചാത്തലത്തിലാണിത്.

ഭരണഘടനാ ഭേദഗതി ബില്ലുകൾ പാസാക്കാൻ മൂന്നിൽ രണ്ട് ഭൂരിപക്ഷം ആവശ്യമാണെന്നിരിക്കെ എൻഡിഎയ്ക്ക് പുറത്തുള്ള കക്ഷിളെ അടുപ്പിക്കാനുള്ള ശ്രമത്തിലാണ് ബിജെപി.

അതേസമയം എൻഡിഎയിൽ ചേരുന്നതിനെക്കുറിച്ചോ എൻസിപിയിൽ ലയിക്കുന്നതിനെക്കുറിച്ചോ ഉള്ള അഭ്യൂഹങ്ങൾ കഴിഞ്ഞയാഴ്ച എൻസിപി (എസ്സിപി) വർക്കിംഗ് പ്രസിഡന്റ് സുപ്രിയ സുലേ നിഷേധിച്ചിരുന്നു.