പ്രധാന ഇടങ്ങളിൽ നിരീക്ഷണം നടത്തി ഇവർ വിവരങ്ങൾ കൈമാറി

ന്യൂഡൽഹി: ഇന്ത്യ തകർത്ത ഭീകര ശൃംഖല ഷെഹ്‌സാദ് ഭട്ടി നെറ്റ്‌വർക്കുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്ത്. പാകിസ്താൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഈ സംഘം, സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഇന്ത്യയിൽ വലിയ അട്ടിമറി പ്രവർത്തനങ്ങൾ നടത്താനായിരുന്നു പദ്ധതിയിട്ടത്. എന്നാൽ ഓഗസ്റ്റ് 12-ന് 14 സംസ്ഥാനങ്ങളിലായി നടന്ന ദൗത്യത്തിലൂടെ ഇന്ത്യൻ സൈന്യം പദ്ധതി തകർക്കുകയായിരുന്നു. ഐഎസ്‌ഐ പിന്തുണയോടെ പ്രവർത്തിക്കുന്ന ഷെഹ്‌സാദ് ഭട്ടി നെറ്റ്‌വർക്കിന്റെ ഭാഗമായ 200-ലധികം പേരെയാണ് സൈന്യം പിടികൂടിയത്.
ഇന്ത്യയിൽ നടത്താനുള്ള ആക്രമണങ്ങൾക്ക് അതിർത്തി കടന്നെത്തുന്ന ഭീകരരെ ആശ്രയിക്കാതെ ഇന്ത്യക്കാരെ തന്നെ ഉപയോഗിക്കുക എന്ന തന്ത്രമാണ് ഷെഹ്‌സാദ് ഭട്ടി നെറ്റ്‌വർക്ക് ആസൂത്രണം ചെയ്തത്. ഇതിനായി ഇന്ത്യക്കാരെ സംഘത്തിലേക്ക് റിക്രൂട്ട് ചെയ്തു. ഹിന്ദു, സിഖ് മതവിഭാഗങ്ങളിലുള്ളവരും സംഘത്തിൽ ഉൾപ്പെടുന്നു. ഗുണ്ടാ സംഘങ്ങളെയാണ് ഇവർ പ്രധാനമായി റിക്രൂട്ട് ചെയ്തത്. ഇതിനൊപ്പം സ്ത്രീകളേയും പ്രായപൂർത്തിയാകാത്തവരേയും സംഘം തങ്ങൾക്കൊപ്പം ചേർത്തു.
സൈനികതാവളങ്ങൾ, വ്യോമസേനാ കേന്ദ്രങ്ങൾ, ആശുപത്രികൾ, തിരക്കേറിയ പൊതുസ്ഥലങ്ങൾ തുടങ്ങിയ പ്രധാന ഇടങ്ങളിൽ ഇവർ നിരീക്ഷണം നടത്തിയിട്ടുണ്ട്. ഇവിടങ്ങളിൽ നിന്നുള്ള വിവരങ്ങൾ കൈമാറുന്നവർക്ക് 10,000 രൂപ മുതൽ 12,000 രൂപ വരെ പ്രതിഫലവും സംഘം നൽകിയിരുന്നു.
രഹസ്യാന്വേഷണ വിഭാഗങ്ങളുടെ മുന്നറിയിപ്പിനെത്തുടർന്ന്, രാജ്യത്തുടനീളം നടന്ന സംയുക്ത ഓപ്പറേഷനിൽ ഉത്തർപ്രദേശിൽ നിന്നാണ് ഏറ്റവും കൂടുതൽ പേർ (62 പേർ) പിടിയിലായത്. ഹരിയാണയിൽനിന്ന് 52 പേരും, ഡൽഹിയിൽനിന്ന് 51 പേരും, പഞ്ചാബിൽനിന്ന് 44 പേരും അറസ്റ്റിലായിട്ടുണ്ട്. കേരളത്തിൽനിന്ന് രണ്ട് പേരാണ് പിടിയിലായത്. ഇവരെക്കൂടാതെ രാജസ്ഥാൻ, മഹാരാഷ്ട്ര, ഉത്തരാഖണ്ഡ്, കർണാടക, ഗുജറാത്ത്, ബിഹാർ, തെലങ്കാന, ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ എന്നിവിടങ്ങളിൽനിന്നും ഭീകരവാദ ബന്ധമുള്ളവരെ പിടികൂടി.
രാജ്യത്തുടനീളം ഗ്രനേഡ് ആക്രമണങ്ങൾ, ഐ.ഇ.ഡി സ്‌ഫോടനങ്ങൾ, പെട്രോൾ ബോംബ് ആക്രമണങ്ങൾ, ടാർഗെറ്റഡ് കൊലപാതകങ്ങൾ എന്നിവ നടത്താൻ ഈ സംഘം ലക്ഷ്യമിട്ടിരുന്നതായി സർക്കാർ വ്യക്തമാക്കി. പോലീസ് സ്റ്റേഷനുകൾ, പ്രതിരോധ കേന്ദ്രങ്ങൾ, ആരാധനാലയങ്ങൾ എന്നിവ നിരീക്ഷിക്കുന്നതിനും സി.സി.ടി.വി ക്യാമറകൾ സ്ഥാപിച്ച് ചാരവൃത്തി നടത്തുന്നതിനും ഇവർ പ്രാദേശിക ഏജന്റുകളെ ഉപയോഗിച്ചിരുന്നു.
പിടിയിലായവരിൽനിന്ന് ഐ.ഇ.ഡികൾ, പാകിസ്താൻ ഓർഡിനൻസ് ഫാക്ടറിയുടെ മുദ്രയുള്ള ഗ്രനേഡുകൾ, പിസ്റ്റളുകൾ, വെടിയുണ്ടകൾ, ചാരവൃത്തിക്കായി ഉപയോഗിച്ച സി.സി.ടി.വി ക്യാമറകൾ എന്നിവ കണ്ടെടുത്തു. ഇവർക്കെതിരെ യു.എ.പി.എ, ആയുധ നിയമം, സ്‌ഫോടകവസ്തു നിയമം എന്നിവയുൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം എൺപതിലധികം എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഷഹസാദ് ഭട്ടിക്കെതിരെയുള്ള നിരവധി കേസുകളിൽ ദേശീയ അന്വേഷണ ഏജൻസി അന്വേഷണം നടത്തിവരികയാണെന്നും സർക്കാർ അറിയിച്ചു.
Content Highlights: Indian security forces dismantled the ISI-backed Shehzad Bhatti terror network on August 12, arresting over 200 operatives across 14 states, revealing that the Pakistan-based module recruited local Indian youths, women, and minors for surveillance and planned Independence Day strikes.
Published: 18 Aug 2026, 02:42 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented