ന്യൂഡൽഹി: പശുക്കടത്താരോപിച്ച് ആൾക്കൂട്ടക്കൊല നടത്തിയ ഗോസംരക്ഷകർക്ക് ശിക്ഷ വിധിച്ച മധ്യപ്രദേശിലെ വനിതാ ജഡ്ജിക്കെതിരേ സാമൂഹികമാധ്യമങ്ങളിൽ ഭീഷണിയും വിദ്വേഷ പ്രചാരണവും നടത്തുന്നതിനെ സുപ്രീംകോടതിയിലെ അഡ്വക്കേറ്റ്‌സ് ഓൺ റെക്കോഡ്‌സ്‌ അസോസിയേഷൻ (സ്‌കോറ) അപലപിച്ചു.

To advertise here,

ഉത്തരവുകൾ മേൽക്കോടതികളിൽ ചോദ്യംചെയ്യുന്നതിനുപകരം ജഡ്ജിയെ അപകീർത്തിപ്പെടുത്തുന്നത് അംഗീകരിക്കാനാവില്ലെന്നും രാജ്യത്തെ നിയമവാഴ്ചക്കും ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിനും എതിരാണിതെന്നും സ്‌കോറ ചൂണ്ടിക്കാട്ടി.

ആൾക്കൂട്ടക്കൊല കേസിൽ ഏഴ് ഗോസംരക്ഷകർക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച അഡീഷണൽ സെഷൻസ് ജഡ്ജി തബാസ്സും ഖാനാണ് ഭീഷണി നേരിടുന്നത്. 2022 ഓഗസ്റ്റ് രണ്ടിന് രാത്രി കന്നുകാലികളുമായി മഹാരാഷ്ട്രയ്ക്ക് പോവുകയായിരുന്ന ട്രക്ക് ഒരുസംഘമാളുകൾ തടഞ്ഞുനിർത്തി യാത്രക്കാരെ ആയുധങ്ങൾകൊണ്ട് ആക്രമിച്ച കേസിലാണ് ശിക്ഷ വിധിച്ചത്. സംഭവത്തിൽ നസീർ അഹമ്മദ് എന്നയാൾ കൊല്ലപ്പെടുകയും ട്രക്ക് ഡ്രൈവർ ഷെയ്ഖ് ലാല, സയ്യദ് മുഷ്താഖ് എന്നിവർക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തിരുന്നു.