ഭദ്രക്: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബി‌ഐ) ശാഖയുടെ പടികളും മുൻഭാഗവും പൊളിച്ചുമാറ്റിയതോടെ ബാങ്കിലെത്താൻ ഗോവണിയെ ആശ്രയിച്ച് ജനങ്ങൾ. ഒഡീഷയിലെ ഭദ്രക് ജില്ലയിൽനിന്നുള്ള ഈ സംഭവത്തിന്‍റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായി. ഭൂമി കൈയ്യേറി നിർമിച്ച കെട്ടിടഭാഗങ്ങൾ പൊള്ളിച്ചുകളയുന്നതിന്‍റെ ഭാഗമായാണ് ബാങ്ക് കെട്ടിടത്തിന്‍റെ ഗോവണിയും മുൻഭാഗവും അധികൃതർ നീക്കംചെയ്തത്.

To advertise here,

നവംബർ 20, 21 തീയതികളിലാണ് ചരമ്പ മാർക്കറ്റിൽനിന്ന് ഭദ്രക് റെയിൽവേ സ്റ്റേഷനിലേക്കുള്ള വഴിയെ അനധികൃത നിർമാണങ്ങൾ പൊളിച്ചത്. ഇതിൻ്റെ ഭാഗമായാണ് എസ്‌ബി‌ഐ കെട്ടിടത്തിന്റെ മുൻഭാഗവും പടികളും ഉൾപ്പെടെ പൊളിച്ചുമാറ്റിയത്. തെരുവിലെ കടകൾ, വീടുകൾ, വാണിജ്യ സ്ഥാപനങ്ങൾ എന്നിവയും കൈയേറ്റ ഭൂമിയിലാണെന്ന് ചൂണ്ടിക്കാട്ടി അധികൃതർ പൊളിച്ചുമാറ്റി.

 

ഇതോടെ അവശ്യ ഇടപാടുകൾ നടത്താൻ എത്തിയവർക്ക് ബാങ്കിനുള്ളിലേയ്ക്ക് കയറാനാവാത്ത സ്ഥിതിയായി. തുടർന്നാണ് താൽക്കാലിക ഗോവണി സ്ഥാപിച്ചത്. വൃദ്ധരും രോഗികളുമായ ഉപഭോക്താക്കൾ ഏണി കയറാൻ നിർബന്ധിതരായതോടെ പ്രതിഷേധമുയർന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ വൻ പ്രതിഷേധമാണ് ബാങ്കിനുനേരെ ഉയരുന്നത്.

റവന്യൂ നടപടി സംബന്ധിച്ച് അറിയിപ്പുകൾ നൽകിയിരുന്നതായും കൈയേറ്റക്കാർക്ക് ഒഴിയാൻ രണ്ട് ദിവസത്തെ സമയം നൽകിയിരുന്ന്തായും ഉദ്യോഗസ്ഥർ പറഞ്ഞു. കൈയേറ്റം സംബന്ധിച്ച് ബാങ്കിനും കെട്ടിട ഉടമയ്ക്കും നോട്ടീസുകൾ നൽകിയെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. സബ്-കളക്ടർ, തഹസിൽദാർ, മറ്റ് എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർ എന്നിവരുടെ മേൽനോട്ടത്തിലാണ് പൊളിച്ചുനീക്കൽ നടത്തിയത്.

പൊതുജനങ്ങളുടെ പ്രതിഷേധത്തെത്തുടർന്ന്, തിങ്കളാഴ്ച ബാങ്ക് ജീവനക്കാർക്കും ഉപഭോക്താക്കൾക്കുമായി ഗോവണി സ്ഥാപിച്ചിട്ടുണ്ട്. അടിയന്തര ബാങ്കിങ് സേവനങ്ങൾ ആവശ്യമുള്ള ഉപഭോക്താക്കൾക്ക് ഗോവണി ഉപയോഗപ്പെടുത്താമെന്ന് ബാങ്ക് അധികൃതർ അറിയിച്ചു.