ന്യൂഡൽഹി: ബി.ആർ. അംബേദ്കറിന്റെ പ്രതിമയിൽ പുഷ്പ്പാർച്ചന നടത്താനായി മീററ്റിലേക്ക് പോകുന്നതിനിടെ ഉത്തർപ്രദേശ് അതിർത്തിയിൽ തടഞ്ഞെന്ന് സി.ജെ.പി. സഹ കൺവീനർ സൗരവ് ദാസ്. ഭരണഘടനാ ദിനത്തിലാണ് സംഭവം. ഉത്തർപ്രദേശിലേക്ക് കടക്കാൻ സമ്മതിച്ചില്ലെന്ന് അദ്ദേഹം എക്സിൽ കുറിച്ചു.

To advertise here,

'ഭരണഘടനാ ദിനത്തിൽ ബാബാസാഹേബ് അംബേദ്കറിന് ആദരാഞ്ജലി അർപ്പിക്കാൻ മീററ്റിലേക്ക് പോകുകയായിരുന്നു. എന്നാൽ, അതിർത്തിയിൽ എന്നെ തടയുകയും യാത്രതുടരാൻ അനുവദിക്കാതിരിക്കുകയും ചെയ്തു. ബാബാസാഹേബിന് പുഷ്പങ്ങൾ അർപ്പിക്കുന്നത് ഇന്ന് ഉത്തർപ്രദേശിൽ കുറ്റമാണോ?', എന്നായിരുന്നു എക്സിൽ സൗരവ് ദാസിന്റെ പ്രതികരണം.

ഡൽഹി വിമാനത്താവളത്തിലെ ഇമിഗ്രേഷൻ കൗണ്ടറിലും സൗരവ് ദാസിനെ തടഞ്ഞിരുന്നു. ഓക്സ്ഫഡ് സർവകലാശാലയിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ സൗരവിന് ക്ഷണം ലഭിച്ചിരുന്നു. എന്നാൽ, പാസ്പോർട്ടിൽ അപാകതയുണ്ടെന്ന് ചൂണ്ടിക്കാട്ടി അധികൃതർ യാത്ര വിലക്കി. ഇതിനെതിരേ അദ്ദേഹം ഡൽഹി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

മുംബൈ പോലീസ് നവംബർ 23-ന് സൗരവ് ദാസിനെതിരെ ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ടെന്ന് കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചു. കോടതി കേസ് ഡിസംബർ ഒൻപതിന് പരിഗണിക്കും.