
ന്യൂഡൽഹി: കേരള ഹൈക്കോടതിയിൽ സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരാകുന്ന അഡ്വക്കേറ്റ് ജനറൽ മുതൽ ഗവൺമെന്റ് പ്ലീഡർമാർ വരെയുള്ള സർക്കാർ അഭിഭാഷകരുടെ ശമ്പളം വർധിപ്പിക്കാൻ ധാരണയായി. ശമ്പള വർധനവിന് സംസ്ഥാന മന്ത്രിസഭാ യോഗം വൈകാതെ അംഗീകാരം നൽകും. എന്നാൽ, വർധനവ് മുൻകാല പ്രാബല്യത്തോടെ നൽകുന്നത് സംബന്ധിച്ച അവ്യക്തത ഇപ്പോഴും തുടരുകയാണ്.
അഡ്വക്കേറ്റ് ജനറലിന് പുറമെ, അഡീഷണൽ അഡ്വക്കേറ്റ് ജനറൽമാർ, സ്റ്റേറ്റ് അറ്റോർണി, ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യുഷൻ, അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യുഷൻ, അഡ്മിനിസ്ട്രേറ്റർ ജനറൽ & ഒഫീഷ്യൽ ട്രസ്റ്റി, സ്പെഷ്യൽ ഗവൺമെന്റ് പ്ലീഡർമാർ, സീനിയർ ഗവൺമെന്റ് പ്ലീഡർമാർ, ഗവൺമെന്റ് പ്ലീഡർമാർ, എന്നിവരുടെ ശമ്പളം വർധിപ്പിക്കാനാണ് ധാരണയായിരിക്കുന്നത്. വിവിധ തസ്തികകളിൽ പ്രതിമാസം ഇരുപതിനായിരം മുതൽ അമ്പതിനായിരം രൂപ വരെ വർധനവ് വരുത്താനാണ് ധാരണ.
മുൻകാല പ്രാബല്യത്തോടെ വർധനവ്; ധനവകുപ്പിനും ചീഫ് സെക്രട്ടറിക്കും എതിർപ്പ്
ഹൈക്കോടതിയിലെ സർക്കാർ അഭിഭാഷകരുടെ ശമ്പള വർധനവ് മുൻകാല പ്രാബല്യത്തോടെ നടപ്പാക്കണമെന്ന ശുപാർശയാണ് നിയമവകുപ്പ് കൈമാറിയത്. 2022 മുതൽ മുൻകാല പ്രാബല്യത്തോടെ ശമ്പള വർധനവ് നടപ്പാക്കാനാണ് ശുപാർശയിൽ രേഖപ്പെടുത്തിയിരുന്നത്. എന്നാൽ, നിർദേശത്തോട് ധനകാര്യ വകുപ്പിനും ചീഫ് സെക്രട്ടറിക്കും എതിർപ്പുണ്ടെന്നാണ് സൂചന. സംസ്ഥാന സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുമ്പോൾ മുൻകാല പ്രാബല്യത്തോടെ വർധനവ് നൽകുന്നത് ഖജനാവിന് ബാധ്യതയുണ്ടാക്കുമെന്നാണ് ധനകാര്യ വകുപ്പിന്റെ നിലപാട്. മുഴുവൻ പേർക്കും മുൻകാല പ്രാബല്യത്തോടെ കുടിശിക നൽകാൻ ഇരുപത് കോടിയിലധികം ചെലവാണ് ധനവകുപ്പ് പ്രതീക്ഷിക്കുന്നത്.
അതേസമയം, ശമ്പള വർധനവ് നടപ്പാക്കണമെന്ന ഉറച്ച നിലപാടിലാണ് ഭരണ നേതൃത്വം. ശമ്പള വർധനവ് ഹൈക്കോടതിയിലെ എല്ലാ നിയമ ഉദ്യോഗസ്ഥർക്കും ബാധകമാകുമെങ്കിലും സ്പെഷ്യൽ ഗവൺമെന്റ് പ്ലീഡർമാർ, സീനിയർ ഗവൺമെന്റ് പ്ലീഡർമാർ, ഗവൺമെന്റ് പ്ലീഡർമാർ എന്നിവർക്ക് മാത്രം മുൻകാല പ്രാബല്യത്തോടെ വർധനവ് നടപ്പാക്കാമെന്ന ശുപാർശയും മന്ത്രിസഭാ യോഗം പരിഗണിക്കും. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ നിലപാട് നിർണായകമാകും.
അഡ്വക്കേറ്റ് ജനറലിന്റെ ശമ്പളം ഒടുവിൽ പുതുക്കിയത് 2015-ൽ, ഗവൺമെന്റ് പ്ലീഡർമാരുടേത് 2019-ൽ
ഹൈക്കോടതിയിൽ ഹാജരാകുന്ന കേസുകൾക്കായി രണ്ട് ലക്ഷം രൂപയാണ് അഡ്വക്കേറ്റ് ജനറലിന് പ്രതിമാസം ലഭിക്കുന്ന റീറ്റെയ്നർ ഫീസ്. ഇതിന് പുറമെ കേസുകളിൽ ഹാജരാകുന്ന ദിവസം പ്രത്യേക ഫീസും ലഭിക്കും. സുപ്രീം കോടതിയിലെ കേസുകൾക്ക് ഓരോ തവണ ഹാജർ ആകുമ്പോഴും അഡ്വക്കേറ്റ് ജനറലിന് നാൽപതിനായിരം രൂപയാണ് ലഭിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം അഡ്വക്കേറ്റ് ജനറലിന് നൽകുന്ന തുക വളരെ കുറവാണെന്ന അഭിപ്രായമാണ് നിയമവകുപ്പിനുള്ളത്.
2019 ജനുവരിയിലാണ് സ്പെഷ്യൽ ഗവൺമെന്റ് പ്ലീഡർമാർ, സീനിയർ ഗവൺമെന്റ് പ്ലീഡർമാർ, ഗവൺമെന്റ് പ്ലീഡർമാർ എന്നിവരുടെ ശമ്പളം അവസാനമായി പുതുക്കിയത്. നിലവിൽ സ്പെഷ്യൽ ഗവൺമെന്റ് പ്ലീഡർക്ക് 1,20,000 രൂപയും, സീനിയർ ഗവൺമെൻറ് പ്ലീഡർക്ക് 1,10,000 രൂപയും, ഗവൺമെന്റ് പ്ലീഡർക്ക് 1,00,000 രൂപയുമാണ് ശമ്പളം.
Content Highlights: salaries of Advocate General to Government Pleaders are increasing, Decision Soon
Published: 24 Dec 2024, 06:28 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented