ന്യൂഡൽഹി: പശ്ചിമേഷ്യൻ യുദ്ധ സാഹചര്യത്തെ തുടർന്ന് ഹോർമുസ് കടലിടുക്ക് അടഞ്ഞത് ഇന്ത്യയുടെ ഊർജ്ജ സുരക്ഷയ്ക്ക് വലിയ ഭീഷണിയായിരുന്നു. എന്നാൽ ഈ പ്രതിസന്ധിക്കിടയിൽ റഷ്യൻ അസംസ്‌കൃത എണ്ണയുമായി ആദ്യത്തെ കപ്പൽ ശനിയാഴ്ച വൈകുന്നേരം ന്യൂ മംഗളൂരു തുറമുഖത്തെത്തി. 'അക്വാ ടൈറ്റൻ' എന്ന കപ്പലാണ് ഇന്ത്യൻ തീരം തൊട്ടത്. ചൈന ലക്ഷ്യമാക്കി നീങ്ങിയിരുന്ന ഈ കപ്പൽ, ഇന്ത്യയുടെ ഊർജ്ജ ആവശ്യങ്ങൾ മുൻനിർത്തി പാതിവഴിയിൽ യാത്ര തിരിച്ചുവിടുകയായിരുന്നു.

To advertise here,

ജനുവരി അവസാനത്തിൽ ബാൾട്ടിക് കടലിൽ നിന്ന് പുറപ്പെട്ട ഈ കപ്പൽ ചൈനയിലെ റിഷാവോ തുറമുഖത്തേക്കായിരുന്നു പോകേണ്ടിയിരുന്നത്.  റഷ്യൻ എണ്ണ വാങ്ങാൻ  ഇന്ത്യ തീരുമാനിച്ചതോടെ മാർച്ച് പകുതിയിൽ കപ്പൽ ഇന്ത്യയിലേക്ക് ദിശ മാറ്റി. ഇത്തരത്തിൽ ചൈനയിലേക്ക് പോകേണ്ടിയിരുന്ന ഏഴ് റഷ്യൻ എണ്ണക്കപ്പലുകളാണ് ഇപ്പോൾ ഇന്ത്യയിലേക്ക് വരുന്നത്. ഇത് രാജ്യത്തെ നിലവിലെ അസംസ്‌കൃത എണ്ണക്ഷാമം പരിഹരിക്കാൻ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഹോർമുസ് കടലിടുക്ക് അതീവ പ്രാധാന്യമുള്ളതാണ്. രാജ്യത്തെ അസംസ്‌കൃത എണ്ണ ഇറക്കുമതിയുടെ 40 മുതൽ 50 ശതമാനം വരെയും എൽഎൻജി, എൽപിജി ഇറക്കുമതിയുടെ വലിയൊരു ഭാഗവും ഈ പാതയിലൂടെയാണ് നടക്കുന്നത്. 'സൂയസ്മാക്സ് സുസു എൻ' എന്ന മറ്റൊരു കപ്പൽ മാർച്ച് 25-ഓടെ ഗുജറാത്തിലെ സിക്ക തുറമുഖത്തെത്തുമെന്നാണ് കരുതുന്നത്.

രാജ്യത്ത് നിലനിൽക്കുന്ന പാചകവാതക പ്രതിസന്ധിക്ക് പരിഹാരമായി അമേരിക്കയിലെ ടെക്സസിൽ നിന്നുള്ള വലിയൊരു എൽപിജി കപ്പലും മംഗളൂരുവിൽ എത്തിയിട്ടുണ്ട്. 'പിക്സിസ് പയനിയർ' എന്ന കപ്പലാണ് ഞായറാഴ്ച തുറമുഖത്ത് എത്തിയത്. ആവശ്യമായ സുരക്ഷാ പരിശോധനകൾക്ക് ശേഷം എൽപിജി ഇറക്കാനുള്ള നടപടികൾ തുറമുഖത്ത് ആരംഭിച്ചു.