മോസ്‌കോ: യുക്രൈൻ നടത്തിയ ഡ്രോൺ ആക്രമണങ്ങളെത്തുടർന്നുണ്ടായ ആഭ്യന്തര ഇന്ധനക്ഷാമം പരിഹരിക്കാനായി ഇന്ത്യയിൽ നിന്ന് പെട്രോൾ ഇറക്കുമതി ചെയ്യാൻ ആരംഭിച്ച് റഷ്യ.  ഊർജ്ജ പശ്ചാത്തല സൗകര്യങ്ങൾക്കും എണ്ണ ശുദ്ധീകരണ ശാലകൾക്കും നേരെ യുക്രൈൻ നടത്തിയ ഡ്രോൺ ആക്രമണങ്ങളാണ് അവരുടെ പ്രതിസന്ധിക്ക് കാരണം. റഷ്യയിലുടനീളം ഇന്ധനക്ഷാമം നേരിടുന്നുണ്ട്. ഇതേത്തുടർന്ന് ഭക്ഷ്യവസ്തുക്കൾക്ക് നിയന്ത്രണങ്ങളേർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

To advertise here,

പ്രതിസന്ധിയേത്തുടർന്ന് പെട്രോൾ പമ്പുകളിൽ നീണ്ട ക്യൂവിനും പെട്രോൾ വിലയുടെ റെക്കോർഡ് വർദ്ധനവിനും കാരണമായിട്ടുണ്ടെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. റഷ്യക്ക് താങ്ങാവുന്ന വിലയിൽ ഇന്ധനം ഇറക്കുമതി ചെയ്യുന്നതിനെക്കുറിച്ച് മറ്റ് രാജ്യങ്ങളുമായി ചർച്ച ചെയ്തുവെന്ന് ക്രെംലിൻ പറഞ്ഞതായും റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

ഇന്ത്യ ഇതിനകം തന്നെ കുറഞ്ഞത് 60,000 മെട്രിക് ടൺ പെട്രോൾ റഷ്യയിലേക്ക് അയച്ചുകഴിഞ്ഞു. രണ്ട് കപ്പലുകളിലായാണ് ഈ ഇന്ധനം കൈമാറിയത്. കൂടാതെ, ഇന്ത്യൻ നിരക്കുകൾക്ക് അനുസൃതമായി ഇന്ധന ഇറക്കുമതിക്ക് സബ്സിഡി നൽകുന്നതിനായി റഷ്യ അവരുടെ നികുതി നിയമങ്ങളിൽ ഭേദഗതി വരുത്തുകയും ചെയ്തിട്ടുണ്ടെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

ഇന്ത്യയെ കൂടാതെ അയൽരാജ്യമായ ബെലാറസിൽ നിന്നുള്ളതും ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്ന് പ്രതിമാസം 400,000 ടൺ പെട്രോൾ ഇറക്കുമതി ചെയ്യാനാണ് റഷ്യ ലക്ഷ്യമിടുന്നത്. വേനൽക്കാലത്ത് റഷ്യയിലെ പെട്രോൾ ഉപഭോഗം വളരെ കൂടുതലാണ്.

റഷ്യയിലേക്ക് ശുദ്ധീകരിച്ച പെട്രോൾ കയറ്റുമതി ചെയ്യുന്നതിനൊപ്പം തന്നെ, ഇന്ത്യ റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി റെക്കോർഡ് അളവിലേക്ക് വർദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

ജൂൺ മാസത്തിൽ പ്രതിദിനം ഏകദേശം 2.70 ദശലക്ഷം ബാരൽ റഷ്യൻ എണ്ണയാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്.ജൂൺ മാസത്തിൽ ഇന്ത്യയുടെ ആകെ എണ്ണ ഇറക്കുമതിയുടെ പകുതിയിലധികവുംറഷ്യയിൽ നിന്നാണ്. മെയ് മാസത്തിൽ അത് 36.5 ശതമാനമായിരുന്നു.

ഹോർമുസ് കടലിടുക്ക് (അടച്ചതിനെത്തുടർന്നുണ്ടായ വിതരണ തടസ്സങ്ങൾ കുറയ്ക്കാൻ ഇന്ത്യൻ കമ്പനികൾ റഷ്യൻ എണ്ണയെ കൂടുതൽ ആശ്രയിച്ചിരുന്നു. ഇതാണ് ഈ വർധനയ്ക്ക് കാരണമായത്.