
രോഹിണി ആചാര്യ, റമീസ് ഖാനും തേജസ്വി യാദവും | Photo: ANI & x.com/deep1972_
പട്‌ന: ബിഹാറിലെ കനത്ത തോല്‍വിയെത്തുടര്‍ന്ന് രാഷ്ട്രീയം ഉപേക്ഷിക്കുകയാണെന്നും കുടുംബവുമായുള്ള ബന്ധം അവസാനിപ്പിക്കുകയാണെന്നും രോഹിണി ആചാര്യ പ്രഖ്യാപിച്ചതിന് പിന്നാലെ ചര്‍ച്ചയായി റമീസ് നിഹ്‌മത്ത് ഖാന്‍ എന്ന പേരും. ആര്‍ജെഡി എംപി സഞ്ജയ് യാദവിന്റെയും റമീസിന്റെയും ആവശ്യപ്രകാരമാണ് താന്‍ രാഷ്ട്രീയം ഉപേക്ഷിക്കുന്നതെന്നും കുടുംബവുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതെന്നുമാണ് ആര്‍ജെഡി അധ്യക്ഷന്‍ ലാലുപ്രസാദ് യാദവിന്റെ മകള്‍ രോഹിണി പറഞ്ഞത്. ഇതിനുപിന്നാലെയാണ് ആരാണ് റമീസ് ഖാന്‍ എന്ന ചോദ്യവും ഉയരുന്നത്.
തന്റെ തീരുമാനത്തിന് കാരണം സഞ്ജയ് യാദവും റമീസ് ഖാനും ആണെന്നാണ് രോഹിണി കഴിഞ്ഞദിവസം പറഞ്ഞത്. സഞ്ജയ് യാദവ് ആര്‍ജെഡിയുടെ രാജ്യസഭ എംപിയാണ്. തേജസ്വി യാദവിന്റെ അടുത്തയാളും വിശ്വസ്തനുമാണ്. എന്നാല്‍, റമീസ് ഖാന്‍ എന്ന പേര് ഇതിന് മുന്‍പ് ബിഹാര്‍ രാഷ്ട്രീയത്തിൽ അത്ര പരിചിതമായിരുന്നില്ല. കഴിഞ്ഞദിവസം രോഹിണിയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് റമീസ് ഖാനെക്കുറിച്ചുള്ള കൂടുതല്‍വിവരങ്ങളും പുറത്തുവന്നത്.
ആര്‍ജെഡി നേതാവ് തേജസ്വി യാദവിന്റെ ഏറെക്കാലമായുള്ള സുഹൃത്താണ് റമീസ് ഖാന്‍. ക്രിക്കറ്റ് ഗ്രൗണ്ടില്‍നിന്ന് ഉടലെടുത്ത ഇരുവരുടെയും സൗഹൃദം പിന്നീട് രാഷ്ട്രീയത്തിലേക്കും നീണ്ടു. നിലവില്‍ തേജസ്വി യാദവിന്റെ കോര്‍ ടീമിന്റെ ഭാഗമാണ് റമീസ് ഖാനെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ചെയ്യുന്നു.
1986-ലാണ് റമീസ് ഖാന്റെ ജനനം. പിതാവ് നിഹ്‌മത്തുള്ള ഖാന്‍ ജാമിയ മിലിയ സര്‍വകലാശാലയിലെ പ്രൊഫസറാണ്. മഥുരറോഡിലെ ഡല്‍ഹി പബ്ലിക് സ്‌കൂളിലായിരുന്നു റമീസ് ഖാന്റെ സ്‌കൂള്‍ വിദ്യാഭ്യാസം. ശേഷം ജാമിയ മിലിയ സര്‍വകലാശാലയില്‍നിന്ന് ബിഎയും എംബിഎയും നേടി.
കുട്ടിക്കാലം മുതല്‍ ക്രിക്കറ്റില്‍ സജീവമായിരുന്ന റമീസ് ഖാന്‍, ഡല്‍ഹിയെയും ഝാര്‍ഖണ്ഡിനെയും പ്രതിനിധീകരിച്ച് വിവിധ മത്സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. ഝാര്‍ഖണ്ഡിന്റെ 22 വയസ്സില്‍ താഴെയുള്ളവരുടെ ക്രിക്കറ്റ് ടീം ക്യാപ്റ്റനുമായിരുന്നു. ഈ സമയത്താണ് റമീസ് ഖാന്‍ തേജസ്വി യാദവുമായി സൗഹൃദത്തിലാകുന്നത്. തുടര്‍ന്ന് തേജസ്വിക്കൊപ്പം രാഷ്ട്രീയരംഗത്തേക്കുമെത്തി. 2016-ല്‍ ആര്‍ജെഡിയില്‍ ചേര്‍ന്ന റമീസ് ഖാന്‍ തേജസ്വിയുടെ കോര്‍ ടീമിലെ പ്രധാന അംഗമാണ്.
തേജസ്വി യാദവിന്റെയും ആര്‍ജെഡിയുടെയും സാമൂഹികമാധ്യമ പ്രചാരണങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത് റമീസ് ഖാന്‍ ആണെന്നാണ് പാര്‍ട്ടിവൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ചെയ്യുന്നത്. ഉത്തര്‍പ്രദേശ് നിവാസിയായ റമീസ് ഖാന്‍, ഉത്തര്‍പ്രദേശില്‍നിന്നുള്ള മുന്‍ എംപി റിസ്‌വാന്‍ സഹീറിന്റെ മരുമകനാണെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
സമാജ് വാദി പാര്‍ട്ടിയിലും ബിഎസ്പിയിലും അംഗമായിരുന്ന റിസ്‌വാന്‍ സഹീര്‍ രണ്ടുതവണ എംപിയായിരുന്നു. ഒരിക്കല്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായും മത്സരിച്ചിട്ടുണ്ട്. ഒരുകാലത്ത് ഉത്തര്‍പ്രദേശിലെ ഏറ്റവും പ്രായംകുറഞ്ഞ എംഎല്‍എയെന്ന ഖ്യാതിയും റിസ്‌വാന്‍ സഹീറിനായിരുന്നു.
റിസ്‌വാന്‍ സഹീറിന്റെ മകളും റമീസ് ഖാന്റെ ഭാര്യയുമായ സെബ റിസ്‌വാനും തിരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ തുല്‍സിപുര്‍ നിയോജമണ്ഡലത്തില്‍നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായും മറ്റൊരിക്കല്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയുമായാണ് സെബ മത്സരിച്ചിരുന്നത്. രണ്ടുതവണയും പരാജയപ്പെട്ടു. ജയിലില്‍ കഴിയുന്നതിനിടെയാണ് സെബ സ്വതന്ത്രസ്ഥാനാര്‍ഥിയായി ജനവിധി തേടിയതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
2021-ലെ തുല്‍സിപുര്‍ ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തില്‍ റമീസ് ഖാന്റെ പേരില്‍ ഒരു കേസുണ്ടായിരുന്നതായും വിവരമുണ്ട്. കോണ്‍ഗ്രസ് നേതാവിനെയും കൂട്ടാളികളെയും ആക്രമിച്ചതിനാണ് അന്ന് കേസെടുത്തിരുന്നത്.
2022-ല്‍ റമീസ് ഖാനും ഭാര്യയും ഭാര്യാപിതാവായ റിസ്‌വാന്‍ സഹീറും ഒരു കൊലക്കേസില്‍ അറസ്റ്റിലായിരുന്നു. തുല്‍സിപുരിലെ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ഫിറോസ് പാപ്പുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലാണ് മൂവരും അറസ്റ്റിലായത്. പിന്നീട് ഇവര്‍ക്ക് ജാമ്യം ലഭിച്ചു. അതേസമയം, റമീസ് ഖാനെതിരേ ഇപ്പോഴും പല കേസുകളും നിലവിലുണ്ടെന്നും റിപ്പോര്‍ട്ടുകളിലുണ്ട്.
2023-ല്‍ പ്രതാപ്ഘട്ടിലെ കരാറുകാരനായ ഷക്കീല്‍ ഖാനെ കൊലപ്പെടുത്തിയ കേസിലും റമീസ് ഖാന്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഖുഷിനഗറിലെ റെയില്‍വേട്രാക്കിലാണ് അന്ന് ഷക്കീല്‍ ഖാനെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. ഷക്കീല്‍ ഖാന്റെ ഭാര്യ നല്‍കിയ പരാതിയിലാണ് റമീസ് ഖാനെയും പോലീസ് പ്രതിചേര്‍ത്തത്. ഇതേവര്‍ഷം തന്നെ റമീസ് ഖാന്റെ പേരിലുള്ള 4.75 കോടി രൂപ വിലവരുന്ന ഭൂമി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പിടിച്ചെടുത്തിരുന്നു.
2024-ല്‍ ഉത്തര്‍പ്രദേശില്‍ ഗുണ്ടാനിയമനം പ്രകാരം റമീസ് ഖാന്‍ വീണ്ടും അറസ്റ്റിലായി. ഇക്കഴിഞ്ഞ ഏപ്രിലിലാണ് ജാമ്യംനേടി പുറത്തിറങ്ങിയത്. പിന്നീട് ഇയാളും ഭാര്യയും സുപ്രീംകോടതിയെ സമീപിച്ചു. തുടര്‍ന്ന് ഇരുവരെയും ഏതെങ്കിലും കേസില്‍ അറസ്റ്റ്‌ചെയ്യുന്നതിനോ വിചാരണ ആരംഭിക്കുന്നതിനോ മുന്‍പ് പ്രാദേശിക കോടതിയുടെ അനുമതി വേണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. ഈ ഉത്തരവിന് ശേഷം റമീസ് ഖാനെതിരേ പുതിയ കേസുകളൊന്നും രജിസ്റ്റര്‍ചെയ്തിട്ടില്ലെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
ബിഹാറിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ സഞ്ജയ് യാദവും റമീസും ആവശ്യപ്പെട്ടതനുസരിച്ചാണ് താന്‍ രാഷ്ട്രീയം വിടുന്നതെന്നും കുടുംബവുമായുള്ള ബന്ധം ഉപേക്ഷിക്കുന്നതെന്നുമാണ് ലാലുപ്രസാദ് യാദവിന്റെ മകള്‍ രോഹിണി ആചാര്യ കഴിഞ്ഞദിവസം പറഞ്ഞിരുന്നത്. എല്ലാ കുറ്റവും താന്‍ ഏറ്റെടുക്കുകയാണെന്നും അവര്‍ പറഞ്ഞിരുന്നു. എന്നാല്‍, റമീസും സഞ്ജയ് യാദവും എന്തുകൊണ്ടാണ് ഇങ്ങനെ ആവശ്യപ്പെട്ടതെന്നോ എന്താണ് പറഞ്ഞതെന്നോ രോഹിണി ആചാര്യ വ്യക്തമാക്കിയിരുന്നില്ല.
Content Highlights: Rohini Acharya quits politics citing Rameez Nemat Khan. Who is this key figure in Bihar`s political landscape? Get the full story and details.
Published: 16 Nov 2025, 10:33 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented