ഗൂഡല്ലൂര്‍: ദേവര്‍ഷോലയിലെ ശിവന്‍ കോവിലില്‍ നടയിരുത്തിയ റോബോട്ടിക് ആന ക്ഷേത്രാചാരങ്ങള്‍ക്ക് കൊഴുപ്പേകും. പാലക്കാട്ടുകാരി സംഗീത അയ്യരാണ് 12 ലക്ഷം രൂപ വിലമതിക്കുന്ന റോബോട്ടിക് ആനയെ ക്ഷേത്രത്തിന് സമര്‍പ്പിച്ചത്. ഇതോടെ നീലഗിരിയില്‍ ആദ്യമായി റോബോട്ടിക് ആനയെ ചടങ്ങുകളില്‍ ഉപയോഗിക്കുന്ന ക്ഷേത്രമായി മാറിയിരിക്കുകയാണ് ശിവന്‍ കോവില്‍.

To advertise here,

ക്ഷേത്രകമ്മിറ്റിക്ക് കൈമാറിയ ആനറോബോട്ടിന് കാലുകളില്‍ ചക്രം ഘടിപ്പിച്ചിട്ടുള്ളതിനാല്‍ എഴുന്നള്ളത്തിനും മറ്റുമായി ഉപയോഗപ്പെടുത്താനാവും. കണ്ണുകള്‍ ചലിപ്പിക്കുന്ന ആന, തീര്‍ഥം തുമ്പിക്കൈയിലൂടെ ഭക്തര്‍ക്ക് നല്‍കും.

റോബോട്ടിക് ആനയെ ക്ഷേത്രത്തിന് സമര്‍പ്പിച്ച സംഗീത അയ്യര്‍ കാനഡയിലാണ്. ഏഷ്യന്‍ ആനകളെ സംരക്ഷിക്കുന്നതിനായി പൊരുതുന്ന മൃഗസംരക്ഷണ പ്രവര്‍ത്തക കൂടിയാണിവര്‍. ആനകള്‍ ജീവിക്കേണ്ടത് കാടുകളിലാണെന്നും അതിനാലാണ് താന്‍ ഇത്തരത്തിലുള്ള ഉദ്യമത്തിലേര്‍പ്പെട്ടതെന്നുമായിരുന്നു സംഗീത അയ്യരുടെ പ്രതികരണം. തമിഴ്‌നാട്ടില്‍ ആനകളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നുണ്ട്. അതിനാല്‍ ആനകളെ ശല്യംചെയ്യുന്നത് കുറവാണ്. നമ്മുടെ സംസ്‌കാരവും പാരമ്പര്യവും സംരക്ഷിക്കാന്‍ റോബോട്ടിക് ആനകളുടെ പതിപ്പുകള്‍ ഉപയോഗപ്പെടുത്തണമെന്നും സംഗീത അയ്യര്‍ പറഞ്ഞു. 

ക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ ക്ഷേത്ര കമ്മിറ്റി സെക്രട്ടറി  രങ്കസാമിയും ചെയര്‍മാന്‍ ബാലഗോപാലനും ചേര്‍ന്ന് റോബോട്ടിക് ആനയെ ഏറ്റുവാങ്ങി. എം.എല്‍.എ. പൊന്‍ജയശീലന്‍,  നഗരപഞ്ചായത്ത് അധ്യക്ഷ ബി. വല്ലി എന്നിവര്‍ സംസാരിച്ചു.