കൊച്ചി: റോബോട്ടിക് ആനയെ നടയിരുത്താനൊരുങ്ങി കേരള-തമിഴ്നാട് അതിര്‍ത്തി ഗ്രാമമായ ഗൂഡല്ലൂരിലെ ശ്രീ ശങ്കരന് കോവില്‍. നാളെ നടക്കുന്ന ചടങ്ങില്‍ ശ്രീ ശിവശങ്കര ഹരിഹരന് എന്ന റോബോട്ടിക് ആനയെ നടയിരുത്തുമെന്ന് കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചു. നേരത്തേ, തൃശൂര്‍ കല്ലേറ്റുംകര ഇരിഞ്ഞാടപ്പിള്ളി ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ 'ഇരിഞ്ഞാടപ്പിള്ളി രാമന്' എന്ന റോബോട്ടിക് ആനയെ നടയിരുത്തിയിട്ടുണ്ട്.
വോയ്സസ് ഫോര്‍ ഏഷ്യന്‍ എലിഫന്റ്സ് സൊസൈറ്റി എന്ന സംഘടനയാണ് ശ്രീ ശങ്കരന് കോവിലിന് റോബോട്ടിക്ക് ആനയെ സമര്‍പ്പിച്ചിരിക്കുന്നത്. വംശനാശ ഭീഷണി നേരിടുന്ന ഏഷ്യന്‍ ആനകളുടെ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനയാണിത്.
'കേരള-തമിഴ്നാട് അതിര്‍ത്തിയായതിനാല്‍ മലയാളികള്‍ നേതൃത്വം കൊടുക്കുന്ന കോവിലാണിത്,' ക്ഷേത്രം ട്രഷററായ അഡ്വ. സുധീഷ് കുമാര്‍ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. 'നേരത്തേ ജീവനുള്ള ആനയെ ഉപയോഗിച്ച് ഞങ്ങള്‍ ഉത്സവം നടത്തിയിട്ടുണ്ട്. വനമേഖലയായതിനാല്‍ ആനകളെ കൊണ്ടുവരുന്നതിന് സര്‍ക്കാരിന്റെ അനുമതി ആവശ്യമാണ്. മാത്രമല്ല, ആനകള്‍ക്കും മനുഷ്യര്‍ക്കുമുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ വേറെയും. ഈ സാഹചര്യത്തിലാണ് റോബോട്ടിക് ആനയെ ഉപയോഗിക്കാന്‍ തീരുമാനിച്ചത്.'
'പത്തടി ഉയരമുള്ള യഥാര്‍ത്ഥ കൊമ്പന്റെ വലിപ്പമുള്ള ആനയാണിത്. ഒമ്പത് ലക്ഷത്തോളം രൂപ ചെലവില്‍ 10 മാസമെടുത്താണ് ചാലക്കുടിയിലെ സ്ഥാപനം ആനയെ നിര്‍മിച്ചത്. ചെവിയും തലയുമാട്ടി യഥാര്‍ത്ഥ ആനയുടെ പ്രതീതി നല്കുന്ന കൊമ്പനില്‍ ഭക്തര്‍ക്കും തൃപ്തിയാണ്. നാളെ ഉദ്ഘാടനത്തിനു ശേഷം ജീവനുള്ള ആനയെ എങ്ങനെയാണോ നടയ്ക്കിരുത്തുന്നത്, ആ ആചാരങ്ങളെല്ലാം പാലിച്ചാകും റോബോട്ടിക് ആനയെയും നടയ്ക്കിരുത്തുക. ക്ഷേത്രോത്സവത്തിനും തിടമ്പേറ്റിയുള്ള പ്രദക്ഷണത്തിനുമെല്ലാം ആനയെ ഉപയോഗിക്കും', സുധീഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.
ആചാരങ്ങള്‍ കൈവിടാതെ ക്ഷേത്രോത്സവങ്ങളില്‍ ആനകളെ എത്തിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് വോയ്സസ് ഫോര്‍ ഏഷ്യന്‍ എലിഫന്റ്സ് സൊസൈറ്റി സ്ഥാപക സംഗീത അയ്യര്‍ പറഞ്ഞു. ആനകളുടെ സംരക്ഷണത്തിനൊപ്പം ഉത്സവങ്ങള്‍ക്കിടെ അവ ഇടയുന്നതു മൂലമുണ്ടാകുന്ന അപകടങ്ങളും റോബോട്ടിക് ആനകളുടെ ഉപയോഗത്തിലൂടെ ഒഴിവാക്കാനാകും. ആവശ്യപ്പെടുന്ന ഏത് ക്ഷേത്രത്തിനും തങ്ങള്‍ സ്വന്തം ചെലവില്‍ റോബോട്ടിക് ആനയെ നിര്‍മിച്ചുനല്‍കുമെന്നും അവര്‍ വ്യക്തമാക്കി.
Content Highlights: Robotic elephant for temple festival
Published: 02 Feb 2024, 07:50 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented