
വിപ്ലവവീര്യത്തിന്റെ ഒരു ചുവപ്പന്‍ഗാനം. അതായിരുന്നു ഗുമ്മാഡി വിത്തല്‍ റാവു എന്ന ഗദ്ദര്‍. ഗായകനായും വിപ്ലവ കവിയായും നക്‌സല്‍ നേതാവായും അദ്ദേഹം തെലങ്കാനയിലെയും ആന്ധ്രയിലെയും ജനങ്ങള്‍ക്കിടയില്‍ ജീവിച്ചു. അദ്ദേഹം എഴുതിയതും പാടിയതുമായ വിപ്ലവഗീതങ്ങള്‍ അവിഭക്ത ആന്ധ്രാപ്രദേശിലെ ഉള്‍നാടന്‍ ഗ്രാമങ്ങളിലും പില്‍ക്കാലത്ത് ആന്ധ്രയിലെയും തെലങ്കാനയിലെയും വേദികളിലും അലയടിക്കുകയും അലയൊലികള്‍ സൃഷ്ടിക്കുകയും ചെയ്തു. ഗോത്രസംസ്‌കൃതിയുടെ വേഷഭൂഷാദികളോടെ കാലില്‍ ചിലങ്കയും കയ്യില്‍ മുളന്തണ്ടും ചുണ്ടില്‍ വിപ്ലവഗാനങ്ങളുമായി അരികുവത്കരിക്കപ്പെട്ടവര്‍ക്കായി ഗദ്ദര്‍ പാടി.
അങ്ങനെ ഗുമ്മാഡി വിത്തല്‍ റാവു ഗദ്ദര്‍ ആയി മാറി
ആന്ധ്രയിലെ മേധക് ജില്ലയിലെ തുപ്‌റാന്‍ എന്ന ഗ്രാമത്തിലെ ഒരു ദളിത് കുടുംബത്തില്‍ 1949-ലായിരുന്നു ഗദ്ദറിന്റെ ജനനം. അച്ഛന്‍ ശേഷയ്യ. അമ്മ ലാച്ചുവമ്മ. സ്‌കൂള്‍ പഠനത്തിനു ശേഷം എന്‍ജീനിയറിങ്ങിന് ചേര്‍ന്നെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടും വിപ്ലവാഭിമുഖ്യവും കാരണം പഠനം പൂര്‍ത്തിയാക്കിയില്ല. പിന്നീട് കാനറ ബാങ്കില്‍ ജോലി ലഭിച്ചെങ്കിലും പില്‍ക്കാലത്ത് ഉപേക്ഷിക്കുകയും മുഴുവന്‍സമയ വിപ്ലവ പ്രവര്‍ത്തകനാവുകയുമായിരുന്നു.
സ്വന്തം പേര് മാറ്റി ഗദ്ദര്‍ എന്ന പേര് സ്വീകരിക്കാനും ഒരു കാരണമുണ്ട്. സ്വാതന്ത്ര്യസമര കാലത്ത് ബ്രിട്ടീഷുകാര്‍ക്കെതിരേ വീറുറ്റ നിലപാട് സ്വീകരിച്ച, ഭഗത് സിങ് ഉള്‍പ്പെട്ട പഞ്ചാബിലെ ഗദ്ദര്‍ പാര്‍ട്ടിയോടുള്ള താല്‍പര്യമാണ് ഗുമ്മാഡി വിത്തല്‍ റാവുവിനെ ഗദ്ദര്‍ എന്ന പേര് സ്വീകരിക്കാന്‍ പ്രേരിപ്പിച്ചത്. സി.പി.ഐ. എം.എല്ലില്‍ അംഗമായിരുന്ന ഗദ്ദര്‍, സംഘടനയുടെ സാംസ്‌കാരിക വിഭാഗമായ ജനനാട്യമണ്ഡലിയുടെ സ്ഥാപകന്‍ കൂടിയായിരുന്നു.

ആ ചുവടുമാറ്റം
2017 ഏപ്രില്‍ 30-ന് മാതൃഭൂമി വാരാന്തപതിപ്പില്‍ പ്രസിദ്ധീകരിച്ച ഗദ്ദാറുമായുള്ള സതീഷ് കുമാര്‍ വിശാഖപട്ടണത്തിന്റെ അഭിമുഖത്തില്‍, വിപ്ലവ ഗായകനില്‍നിന്ന് പീപ്പിള്‍സ് വാര്‍ ഗ്രൂപ്പിലേക്കുള്ള ചുവടുമാറ്റം എങ്ങനെ ആയിരുന്നു എന്നൊരു ചോദ്യമുണ്ട്. അതിന് അദ്ദേഹം നല്‍കുന്ന മറുപടി ഇങ്ങനെയാണ്-
1967-ല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയായിരുന്ന കാലത്താണ് മഹാരാഷ്ട്രയില്‍ രൂപവത്കരിക്കപ്പെട്ട ദളിത് പാന്തര്‍ പ്രസ്ഥാനത്തില്‍ ഞാന്‍ ആകൃഷ്ടനാകുന്നത്. ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ദളിത് സാഹിത്യത്തിന്റെ പ്രാരംഭം മറാത്തി ഭാഷയിലായിരുന്നു. അംബേദ്കറിന്റെ ആദര്‍ശങ്ങളുടെ അടിസ്ഥാനത്തില്‍, പാര്‍ശ്വവത്കരിക്കപ്പെട്ട ഒരു ജനസമൂഹത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ് ദളിത് പാന്തര്‍ ലിറ്ററേച്ചറുകളിലൂടെ വായിച്ചറിഞ്ഞപ്പോള്‍ അത് എന്നെയും ആവേശം കൊള്ളിച്ചു. ഇതേസമയത്തു തന്നെയാണ് പശ്ചിമ ബംഗാളിലെ നക്‌സല്‍ബാരിയില്‍നിന്ന് അതുവരെ കേള്‍ക്കാത്ത ഒരു പുതിയ വിപ്ലവശബ്ദം കേള്‍ക്കുന്നത്. നക്‌സല്‍ബാരിയിലെ ഇടിമുഴക്കത്തിന്റെ അലയൊലികള്‍ ഏറ്റവും സ്വാധീനിച്ചത് കേരളത്തിലെയും ആന്ധ്രയിലെയും ചെറുപ്പക്കാരെ ആയിരുന്നു. നക്‌സല്‍ബാരിയില്‍നിന്ന് കടംകൊണ്ട ആവേശമായിരുന്നു പിന്നീട് ചരിത്രപ്രസിദ്ധമായ ശ്രീകാകുളം ഭൂസമരത്തിന് തുടക്കം കുറിച്ചത്. ആ സമരത്തിന് പിന്തുണ നല്‍കിക്കൊണ്ട് ഞാന്‍ എഴുതിയ വിപ്ലവഗാനങ്ങള്‍ ആന്ധ്രാപ്രദേശിലെ ആയിരക്കണക്കിന് ചെറുപ്പക്കാരെ ആവേശഭരിതരാക്കി. 70-കളുടെ തുടക്കത്തില്‍ ആയിരക്കണക്കിന് ചെറുപ്പക്കാരാണ് ആന്ധ്രയില്‍ പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. എന്റെ പാട്ടുകള്‍ രാജ്യദ്രോഹവും സര്‍ക്കാര്‍ വിരുദ്ധവും ചെറുപ്പക്കാരെ വഴിതെറ്റിക്കുന്നതുമാണെന്ന് ഭരണകൂടം വിധിയെഴുതി. എന്റെ പാട്ടുകള്‍ക്ക് അവര്‍ നിരോധനം ഏര്‍പ്പെടുത്തി. ഞാന്‍ നക്‌സലായി. കുറ്റവാളിയായി. അടിയന്തരവാസ്ഥ നിലവില്‍ വന്നതോടെ ഒളിവില്‍ പോവുകയല്ലാതെ മാര്‍ഗമൊന്നുമില്ലാതായി. പിന്നീട് അഞ്ചുവര്‍ഷത്തോളം ജീവിതം കാട്ടിലായിരുന്നു. എന്റെ പാട്ടുകളുടെ കേള്‍വിക്കാര്‍ കാട്ടിലെ ഗിരിജനങ്ങളും ആദിവാസികളുമായിരുന്നു. ഈ ഒളിവുജീവിതത്തിനിടെയിലാണ് മലയാളത്തിന്റെ പ്രിയപ്പെട്ട കവി കുമാരനാശാന്റെ പേരിലുള്ള 1978-ലെ ആശാന്‍ പുരസ്‌കാരം എനിക്ക് ലഭിക്കുന്നത്. ജാതിചിന്തകള്‍ക്കെതിരേ തന്റെ കാവ്യജീവിതത്തിലൂടെ പ്രതികരിച്ച ഒരു മഹാകവിയുടെ പേരിലുള്ള പുരസ്‌കാരം സ്വീകരിക്കാന്‍ കഴിയാതെ പോയതിന്റെ വേദന ഇന്നും എന്നെ പിന്തുടരുന്നുണ്ട്.
ആ വധശ്രമം, നട്ടെല്ലിലേറ്റ വെടിയുണ്ട
26 കൊല്ലം മുന്‍പ് 1997-ല്‍ ഒരു വധശ്രമത്തില്‍നിന്ന് രക്ഷപ്പെട്ട കഥയുമുണ്ട് ഗദ്ദറിന്. ഏപ്രില്‍ ആറിനായിരുന്നു ആ സംഭവം. തെലങ്കാനയിലെ ഗ്രാമങ്ങളില്‍നിന്ന് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടി നിരവധിയാളുകള്‍ ഗദ്ദറിനെ തേടിയെത്താറുണ്ടായിരുന്നു. അങ്ങനെ ആരെങ്കിലും ആകുമെന്നായിരുന്നു അദ്ദേഹവും കരുതിയത്. മുന്നില്‍ എത്തിയതിന് പിന്നാലെ വന്നയാള്‍ തോക്കെടുത്ത് വെടിയുതിര്‍ത്തു. അന്ന് ഗദ്ദറിന്റെ ദേഹത്ത് ആറ് വെടിയുണ്ടകളാണ് തുളച്ചു കയറിയിരുന്നത്. അതില്‍ അഞ്ചെണ്ണം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. നട്ടെല്ലില്‍ തുളച്ചുകയറിയ ഒരു വെടിയുണ്ട നീക്കം ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. അതുമായായിരുന്നു ഗദ്ദറിന്റെ പിന്നീടുള്ള ജീവിതം. ആരായിരുന്നു അക്രമിയെന്നോ എന്തായിരുന്നു ആക്രമണത്തിന് കാരണമെന്നോ പോലീസിന് ഇന്നുവരെ കണ്ടെത്താനായിട്ടില്ല.

2022ല്‍ കെ.എ. പോളിന്റെ പ്രജാശാന്തി പാര്‍ട്ടിയില്‍ അംഗത്വമെടുത്ത അദ്ദേഹം, കഴിഞ്ഞ മാസം ഗദ്ദര്‍ പ്രജാ പാര്‍ട്ടി എന്ന പേരില്‍ രാഷ്ട്രീയപ്പാര്‍ട്ടി പ്രഖ്യാപിച്ചിരുന്നു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു. 2018-ലെ തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായിരുന്നു അദ്ദേഹത്തിന്റെ പിന്തുണ.
Content Highlights: revolutionary balladeer gaddar passes away
Published: 06 Aug 2023, 08:35 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented