ന്യൂഡല്‍ഹി: ചെങ്കോട്ടയ്ക്കടുത്ത് പൊട്ടിത്തെറിച്ച ഹ്യുണ്ടായ് ഐ20 കാറിന്റെ കൂടുതല്‍ വിവരങ്ങള്‍ അന്വേഷണ സംഘത്തിന്. ദിവസങ്ങള്‍ക്കു മുമ്പ് സ്‌ഫോടനക്കേസ് പ്രതി ഉമര്‍ ഉന്‍ നബിക്കായി ഹരിയാന ആസ്ഥാനമായുള്ള ഒരു കാര്‍ ഡീലറില്‍ നിന്ന് 1.70 ലക്ഷം രൂപയ്ക്ക് വാങ്ങിയതാണ് ഈ വാഹനം. ഒഎല്‍എക്‌സ് വഴിയാണ് വാഹനം വാങ്ങിയിരിക്കുന്നത്.
11 വര്‍ഷത്തിനിടെ അഞ്ചു തവണ ഈ വാഹനം കൈമാറ്റംചെയ്യപ്പെട്ടിട്ടുണ്ട്. ഉമര്‍ ഉന്‍ നബിയെ സഹായിച്ചെന്ന സംശയത്തില്‍ പോലീസ് നേരത്തേ കസ്റ്റഡിയിലെടുത്ത ആമിര്‍ റാഷിദാണ് ഈ കാര്‍ കൊണ്ടുവന്ന് ഉമറിന് കൈമാറിയത്. പുല്‍വാമയിലെ ജമ്മു കശ്മീര്‍ വൈദ്യുതി വികസന വകുപ്പില്‍ ജോലിചെയ്തിരുന്നയാളാണ് ആമിര്‍.
10,000 രൂപ കമ്മീഷന്‍ നല്‍കിയ ശേഷം ഒക്ടോബര്‍ 29-ന് ഹരിയാന ആസ്ഥാനമായുള്ള ഡീലറായ സോനുവില്‍നിന്ന് ഒഎല്‍എക്‌സ് വഴിയാണ് ആമിര്‍ കാര്‍ വാങ്ങിയതെന്ന് അധികൃതര്‍ പറഞ്ഞു. രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് (ആര്‍സി) കൈമാറ്റം പൂര്‍ത്തിയാക്കാന്‍ സോനുവിന് ഏകദേശം ഒരു മാസത്തെ സമയപരിധി നല്‍കിയിരുന്നു.
വാഹനം വാങ്ങാന്‍ ആമിര്‍ പുല്‍വാമ വിലാസം കാണിക്കുന്ന രേഖകളാണ് നല്‍കിയത്. പിന്നീട് അത് ഉമറിന് കൈമാറി. ഈ വാഹനമാണ് പിന്നീട് ചെങ്കോട്ടയില്‍ പൊട്ടിത്തെറിച്ചത്. HR 26 CE 7674 എന്ന രജിസ്‌ട്രേഷന്‍ നമ്പറിലുള്ള കാര്‍ 2013-ല്‍ നിര്‍മിച്ചതാണ്. നദീം എന്ന വ്യക്തിയാണ് ആദ്യം ഈ വാഹനം വാങ്ങിയത്. 2014 മാര്‍ച്ച് 18-ന് ഗുരുഗ്രാം ഷോറൂമില്‍ നിന്നാണ് വാഹനം വാങ്ങിയത്. പിന്നീട് ഇത് 2014-ല്‍ തന്നെ ഗുരുഗ്രാം സ്വദേശിയായ സല്‍മാന് വില്‍ക്കുകയും അദ്ദേഹത്തിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.
സ്‌ഫോടനത്തിന് ശേഷം പോലീസ് സല്‍മാനുമായി ബന്ധപ്പെട്ടപ്പോള്‍, ഓഖ്ല നിവാസിയായ ദേവേന്ദ്രയ്ക്ക് കാര്‍ വിറ്റതായി അദ്ദേഹം പറഞ്ഞു. താന്‍ അത് ഫരീദാബാദിലെ അമിത് പട്ടേല്‍ എന്ന വ്യക്തിക്ക് വിറ്റുവെന്ന് ദേവേന്ദ്രയും പറഞ്ഞു. പട്ടേലില്‍നിന്നാണ് ഒക്ടോബര്‍ 29-ന് ആമിര്‍ റാഷിദ് കാര്‍ വാങ്ങുന്നത്.
സ്‌ഫോടനക്കേസ് പ്രതികള്‍ ഉപയോഗിച്ചെന്ന് കരുതുന്ന മൂന്ന് വാഹനങ്ങള്‍ കൂടി പോലീസ് കണ്ടെടുത്തിട്ടുണ്ട്. ചെങ്കോട്ടയില്‍ പൊട്ടിത്തെറിച്ച ഐ20 കാര്‍ കൂടാതെ തിങ്കളാഴ്ച ഒരു മാരുതി സുസുക്കി ഡിസയര്‍ കാറും പോലീസ് പിടിച്ചെടുത്തിരുന്നു. സ്വിഫ്റ്റ് ഡിസയര്‍ കാറിന്റെ ഉടമ അറസ്റ്റിലായ ഷഹീന്‍ ഷാഹിദാണ്. കാറില്‍നിന്ന് അസോള്‍ട്ട് റൈഫിളുകളും വെടിക്കോപ്പുകളും കണ്ടെടുത്തിരുന്നു. സ്‌ഫോടകവസ്തുക്കള്‍ സൂക്ഷിച്ചിരുന്ന മുറികള്‍ വാടകയ്‌ക്കെടുത്ത മുസമ്മിലും ഈ കാര്‍ ഉപയോഗിച്ചിരുന്നതായി അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്.
പിന്നീട് സ്‌ഫോടനക്കേസ് പ്രതി ഉമര്‍ ഉന്‍ നബിയുടെ ഉടമസ്ഥതയിലുള്ള ചുവന്ന ഇക്കോസ്പോര്‍ട്ട് കാര്‍ ബുധനാഴ്ച ഫരീദാബാദിലെ ഖണ്ഡവാലി ഗ്രാമത്തിലെ ഒരു ഫാംഹൗസില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ പോലീസ് കണ്ടെത്തിയിരുന്നു. DL 10 CK 0458 നമ്പര്‍ കാറായിരുന്നു ഇത്. അല്‍ ഫലാഹ് സര്‍വകലാശാലയില്‍നിന്ന് 15 കിലോമീറ്റര്‍ ദൂരത്തായാണ് കാര്‍ കണ്ടെത്തിയത്. ബോംബ് നിര്‍മാണത്തില്‍ ഉപയോഗിക്കുന്ന രാസവസ്തുവായ അമോണിയം നൈട്രേറ്റിന്റെ അംശം ഈ കാറില്‍ കണ്ടെത്തിയതായി അധികൃതര്‍ പറയുന്നു.
തുടര്‍ന്ന് വ്യാഴാഴ്ച സ്ഫോടനവുമായി ബന്ധമുള്ള നാലാമത്തെ കാറും കണ്ടെത്തി. മാരുതി സുസുക്കി ബ്രെസ കാറാണ് ഹരിയാനയിലെ ഫരീദാബാദിലെ അല്‍-ഫലാഹ് സര്‍വകലാശാലയില്‍ നിന്ന് പോലീസ് കണ്ടെത്തിയത്. സര്‍വകലാശാലയുടെ കാമ്പസില്‍ പാര്‍ക്ക് ചെയ്ത നിലയിലായിരുന്നു വാഹനം. കൃത്യം നടത്തിയതിനു ശേഷം പ്രതികള്‍ ഈ കാറില്‍ രക്ഷപ്പെടാനാണ് പദ്ധതിയിട്ടിരുന്നതെന്നാണ് അന്വേഷണ സംഘം നല്‍കുന്ന സൂചന.
Content Highlights: Investigate the Hyundai i20`s journey: bought for ₹1.7 Lakhs via OLX, passed through multiple owners before the Red Fort explosion. Details emerge.
Published: 13 Nov 2025, 06:11 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented