
ബെംഗളൂരു: ചിന്നസ്വാമി സ്റ്റേഡിയത്തിലേക്ക് പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ ആളുകൾ എത്തിയതാണ് ദുരന്തത്തിന് ഇടയാക്കിയതെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ഇവിടെ 35,000 ആളുകളെ മാത്രമാണ് ഉൾക്കൊള്ളാനാകുന്നത്. എന്നാൽ എത്തിയത് രണ്ട് മുതൽ മൂന്ന് ലക്ഷത്തോളം പേരാണ്.
'ദുരന്തത്തെ ന്യായീകരിക്കുന്നില്ല. ഞങ്ങളുടെ സർക്കാർ ഇതിൽ രാഷ്ട്രീയം കളിക്കില്ല. ഞാൻ ഒരു മജിസ്‌ട്രേറ്റ് തലത്തിലുള്ള അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്, 15 ദിവസത്തെ സമയം നൽകിയിട്ടുണ്ട്. ആളുകൾ സ്റ്റേഡിയത്തിന്റെ ഗേറ്റുകൾ പോലും തകർത്തു. ഇത്രയും വലിയ ജനക്കൂട്ടം ആരും പ്രതീക്ഷിച്ചിരുന്നില്ല. നഗരത്തിൽ ലഭ്യമായ മുഴുവൻ പോലീസ് സേനയെയും വിന്യസിച്ചിരുന്നു. തീർച്ചയായും, ഈ ദുരന്തം സംഭവിക്കാൻ പാടില്ലാത്തതായിരുന്നു. ഇരകൾക്കൊപ്പമാണ് തങ്ങളെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ആളുകൾ വീഴുന്നത് കണ്ടു, രക്ഷിക്കാൻ ആരും തയ്യാറായില്ലെന്ന് ദൃക്‌സാക്ഷി
വലിയ ജനക്കൂട്ടമാണ് സ്‌റ്റേഡിയത്തിന് സമീപത്ത് എത്തിയതെന്നും പോലീസ് നിസ്സഹായരായെന്നും ദൃക്‌സാക്ഷി. പെൺകുട്ടികളടക്കമുള്ളവർ ഗേറ്റ് തള്ളി സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചു. മൂന്ന് പെൺകുട്ടികൾ താഴേക്ക് വീഴുന്നത് കണ്ടു.
പക്ഷേ ആരും രക്ഷിക്കാൻ തയ്യാറായില്ല. ഇത്രയും വലിയ ജനക്കൂട്ടമായതിനാൽ പോലീസും നിസ്സഹായരായിരുന്നു. '-സംഭവത്തിന് ദൃക്‌സാക്ഷിയായ മഹേഷ് പറഞ്ഞു.
സ്റ്റേഡിയത്തിലെ സീറ്റുകളെല്ലാം നിറഞ്ഞിരുന്നുവെന്നും അതിനാൽ പിന്നീട് വന്നവരെ കടത്തിവിട്ടില്ലെന്നും മറ്റൊരാൾ പറഞ്ഞു. സ്റ്റേഡിയത്തിൽ നിന്ന് തിരിച്ചിറങ്ങാനും പറ്റാത്ത അവസ്ഥയായിരുന്നു. ഗേറ്റ് ആളുകളെ കൊണ്ട് നിറഞ്ഞിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുറത്തെ ദുരന്തം സ്റ്റേഡിയത്തിനകത്ത് അറിഞ്ഞിരുന്നില്ലെന്ന് ഐപിഎൽ ചെയർമാൻ
വലിയ ദുരന്തത്തിനിടയിലും റോയൽ ചാലഞ്ചേഴ്‌സിന്റെ വിജയാഘോഷ പരിപാടി തുടർന്നത് വലിയ വിമർശനങ്ങൾക്കിടയാക്കി. എന്നാൽ, പുറത്തുനടന്ന ദുരന്തം അകത്തുണ്ടായിരുന്ന സംഘാടകർ അറിഞ്ഞില്ലെന്നാണ് ഐപിഎൽ ചെയർമാൻ അരുൺ ധുമൽ പറയുന്നത്.
'അവസ്ഥ മനസ്സിലാക്കിയപ്പോൾ ഞങ്ങൾ റോയൽ ചാലഞ്ചേഴ്‌സ് മാനേജ്മെന്റുമായി സംസാരിച്ചു. അവർ ചടങ്ങ് വേഗം അവസാനിപ്പിക്കുമെന്ന് ഉറപ്പ് നൽകി. ഇത് തീർച്ചയായും സങ്കടകരവും ദാരുണവുമാണ്.' അരുൺ ധുമൽ പറഞ്ഞു.
മരിച്ചവരിൽ 13-കാരി വിദ്യാർഥിനിയും
ചിന്നസ്വാമി സ്റ്റേഡിയത്തിനുമുൻപിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് മരിച്ചവരിൽ 13 വയസ്സുള്ള വിദ്യാർഥിനിയും. യലഹങ്ക ടൗൺ സ്വദേശിയായ ദിവ്യാൻഷിയാണ് ബൗറിങ് ആശുപത്രിയിൽ മരിച്ചത്.
അമ്മയോടൊപ്പം റോയൽ ചലഞ്ചേഴ്‌സിന്റെ ഐപിഎൽ കിരീടാഘോഷം കാണാനെത്തിയതായിരുന്നു ദിവ്യാൻഷി. ആശുപത്രി സന്ദർശിച്ച് വിവരങ്ങൾ ശേഖരിച്ച പ്രതിപക്ഷനേതാവ് ആർ. അശോകാണ് ഇക്കാര്യമറിയിച്ചത്. ദന്തഡോക്ടറായ ദിവ്യ, ഡന്റൽ വിദ്യാർഥിയായ കെ.ടി. ശ്രാവണൻ (20) എന്നിവരും മരിച്ചതായി അശോക അറിയിച്ചു. 35, 17, 25 എന്നിങ്ങനെ വയസ്സുള്ള മൂന്നുപേരും മരിച്ചവരിൽ ഉൾപ്പെടുന്നു.
Content Highlights: rcb winning parade chinnaswamy stadium tragedy
Published: 05 Jun 2025, 09:49 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented