അയോധ്യ: തട്ടിപ്പുകൾ പുറത്ത് വന്നതിന് പിന്നാലെ അയോധ്യയിലെ രാമക്ഷേത്രത്തിൽ ലഭിക്കുന്ന കാണിക്കകൾ എണ്ണുന്നതിനുള്ള സംവിധാനത്തിൽ സുപ്രധാന മാറ്റങ്ങൾ വരുത്താൻ ഒരുങ്ങുന്നി ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ്. എണ്ണൽ പ്രക്രിയയിലെ സുരക്ഷ, നിരീക്ഷണം, ഉത്തരവാദിത്തം എന്നിവ കൂടുതൽ ശക്തിപ്പെടുത്തുന്നതിൽ ആയിരിക്കും ഈ മാറ്റങ്ങൾ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ക്ഷേത്രത്തിലെ കാണിക്ക വഞ്ചിയിൽ നിന്ന് വൻതോതിൽ പണവും ആഭരണങ്ങളും മോഷ്ടിക്കപ്പെട്ടതായി കണ്ടെത്തിയതിനെ തുടർന്നാണ് ട്രസ്റ്റ് അതീവ സുരക്ഷാ ക്രമീകരണങ്ങൾ നടപ്പിലാക്കുന്നത്.

To advertise here,

അന്വേഷണത്തിനായി ഉത്തർപ്രദേശ് സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം (SIT) നടത്തിയ കണ്ടെത്തലുകളാണ് ഈ അതീവ ജാഗ്രതാ നടപടികൾക്ക് കാരണമായത്. കാണിക്കാൻ എണ്ണുന്ന പ്രക്രിയയിലുടനീളം ട്രസ്റ്റിന്റെ മേൽനോട്ടം കൂടുതൽ ശക്തമാക്കും. ഇതിന്റെ വിവിധ ഘട്ടങ്ങളിൽ കർശനമായ നിരീക്ഷണം ഉറപ്പാക്കാനാണ് ട്രസ്റ്റ് പദ്ധതിയിടുന്നത്.

കാണിക്ക എണ്ണുന്നതിൽ ഏർപ്പെട്ടിരിക്കുന്ന ജീവനക്കാർ ധരിക്കുന്ന യൂണിഫോം മാറ്റാൻ ട്രസ്റ്റ് തീരുമാനിച്ചിട്ടുണ്ട്. ഇതിനകം തന്നെ പ്രാബല്യത്തിൽ വന്ന പുതിയ യൂണിഫോമുകളിൽ പോക്കറ്റുകൾ ഉണ്ടായിരിക്കില്ല. കാണിക്ക എണ്ണുന്ന സ്ഥലത്തുനിന്ന് പണമോ മറ്റ് വസ്തുക്കളോ പുറത്തേക്ക് കടത്താനുള്ള സാധ്യത പൂർണ്ണമായും ഒഴിവാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത് എന്ന് ക്ഷേത്ര ട്രസ്റ്റുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് സിഎൻഎൻ-ന്യൂസ്18 റിപ്പോർട്ട് ചെയ്തു.

ഇതുകൂടാതെ, കാണിക്ക എണ്ണൽ കേന്ദ്രത്തിന്റെ പ്രവേശന കവാടത്തിലും എക്‌സിറ്റ് പോയിന്റുകളിലും ജീവനക്കാരെ കർശനമായ ദേഹപരിശോധനയ്ക്ക് വിധേയരാക്കും. കാണിക്ക കൈകാര്യം ചെയ്യുന്ന ജീവനക്കാരുടെ നീക്കങ്ങളിൽ കൂടുതൽ നിയന്ത്രണം ഉറപ്പാക്കാനാണ് ഈ കർശനമായ സുരക്ഷാ പരിശോധനകൾ ഏർപ്പെടുത്തിയിരിക്കുന്നത്.

പണം എണ്ണുന്ന മുറിയിലെ സിസിടിവി ദൃശ്യങ്ങൾ സൂക്ഷിച്ചുവെക്കുന്ന കാലാവധി ഗണ്യമായി വർധിപ്പിക്കാനും ട്രസ്റ്റ് തീരുമാനിച്ചിട്ടുണ്ട്. മുൻപ് 45 ദിവസത്തേക്ക് സൂക്ഷിച്ചിരുന്ന ദൃശ്യങ്ങൾ ഇനി മുതൽ 180 ദിവസത്തേക്ക് സംഭരിച്ചുവെക്കും. കാണിക്കാൻ എണ്ണൽ കേന്ദ്രത്തിനുള്ളിലെ നിരീക്ഷണ സംവിധാനങ്ങളും ആധുനികവത്കരിക്കാൻ തീരുമാനമായിട്ടുണ്ട്.

നിലവിലുള്ള ഫിക്‌സഡ് സിസിടിവി ക്യാമറകൾക്ക് പകരം PTZ (Pan, Tilt, Zoom) ക്യാമറകൾ സ്ഥാപിക്കും. പുതിയ ക്യാമറകൾ വഴി എണ്ണൽ മുറിക്കുള്ളിലെ  പ്രവർത്തനങ്ങൾ സൂം ചെയ്ത് നിരീക്ഷിക്കാൻ അധികൃതർക്ക് സാധിക്കും, ഇത് ജീവനക്കാരുടെ ഓരോ നീക്കങ്ങളും കൂടുതൽ വ്യക്തമായി കാണാൻ സഹായിക്കും.

കാണിക്ക എണ്ണുന്ന ജോലികൾക്കായി കരാർ അടിസ്ഥാനത്തിലുള്ള (Contractual) ജീവനക്കാരെ ഉപയോഗിക്കുന്നത് പുനഃപരിശോധിക്കാൻ ട്രസ്റ്റ് എസ്ബിഐയോട് നിർദ്ദേശിച്ചതായും വിവരമുണ്ട്. ഈ അതീവ സുരക്ഷാ ജോലികൾക്കായി ബാങ്കിന്റെ സ്ഥിരം ജീവനക്കാരെ നിയമിക്കാനും അവർക്ക് മികച്ച പ്രതിഫലം നൽകാനും ട്രസ്റ്റ് എസ്ബിഐയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

മറ്റൊരു പ്രധാന മാറ്റം ക്ഷേത്രസമുച്ചയത്തിൽ നിന്ന് എസ്ബിഐ ശാഖയിലേക്ക് പണം കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ടതാണ്. പുതിയ സംവിധാനമനുസരിച്ച്, നോട്ടുകെട്ടുകൾ ഒരേ സമയം പൂർണ്ണമായി പാക്ക് ചെയ്ത് സുരക്ഷിതമാക്കിയ ശേഷമായിരിക്കും ക്ഷേത്രസമുച്ചയത്തിനുള്ളിൽ വെച്ചുതന്നെ എസ്ബിഐയുടെ വാഹനത്തിലേക്ക് കയറ്റുക.

ക്ഷേത്രവളപ്പിൽ നിന്ന് ബാങ്ക് ശാഖയിലേക്ക് പണം കൊണ്ടുപോകുന്നതിനിടയിൽ യാതൊരുവിധത്തിലുള്ള ചോർച്ചയോ അട്ടിമറിയോ ഉണ്ടാകാനുള്ള സാധ്യത ഇല്ലാതാക്കുകയാണ് ഈ മാറ്റത്തിലൂടെ ലക്ഷ്യമിടുന്നത്.

പുതിയ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറെ (CEO) തിരഞ്ഞെടുക്കുന്നതിനുള്ള നടപടികളുമായി രാമജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ് മുന്നോട്ട് പോകുന്നതിനിടയിലാണ് കാണിക്ക എണ്ണൽ പ്രക്രിയയിലെ ഈ പരിഷ്‌കരണം വരുന്നത്. സിഇഒയെ തിരഞ്ഞെടുക്കുന്നതിനുള്ള സെർച്ച് കമ്മിറ്റി ഇന്റർവ്യൂ നടപടികൾ പൂർത്തിയാക്കി കഴിഞ്ഞു. ഇതിന്റെ അവസാന റൗണ്ട് ഇന്റർവ്യൂകൾ ഓഗസ്റ്റ് 11, 12 തീയതികളിൽ അയോധ്യയിലെ രാമജന്മഭൂമി തീർത്ഥക്ഷേത്ര കാമ്പസിൽ വെച്ചാണ് നടന്നത്.

ജസ്റ്റിസ് (റിട്ട.) പർമോദ് കോലി, ലെഫ്റ്റനന്റ് ജനറൽ (റിട്ട.) വി.കെ. ചതുർവേദി (പിവിഎസ്എം, എവിഎസ്എം, എസ്എം), ആണവ ശാസ്ത്രജ്ഞൻ ഡോ. സുരേഷ് ഹാവ്റെ എന്നിവരടങ്ങുന്നതാണ് ഈ കമ്മിറ്റി. തിരഞ്ഞെടുപ്പ് പ്രക്രിയയിൽ ഒട്ടനവധി ഘട്ടങ്ങളിലായുള്ള സൂക്ഷ്മപരിശോധനകൾ ഉൾപ്പെട്ടിരുന്നു. തുടക്കത്തിൽ ആകെ 5,585 അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ 3,877 പേർ വിശദമായ ബയോഡാറ്റകൾ (CV) സമർപ്പിച്ചു.

സൂക്ഷ്മപരിശോധനയ്ക്ക് ശേഷം 1,580 ഉദ്യോഗാർത്ഥികളെ സമഗ്രമായി വിലയിരുത്തുകയും ഏകദേശം 111 പേരെ ഓൺലൈൻ അഭിമുഖങ്ങൾക്കായി തിരഞ്ഞെടുക്കുകയും ചെയ്തു. ഒടുവിൽ ഈ പട്ടിക ചുരുക്കി 16 ഉദ്യോഗാർത്ഥികളിലേക്ക് എത്തിക്കുകയും ഇവരെ അയോധ്യയിൽ നേരിട്ടുള്ള അഭിമുഖത്തിന് ക്ഷണിക്കുകയും ചെയ്തു. പ്രതിരോധം, ഉദ്യോഗസ്ഥവൃന്ദം (ബ്യൂറോക്രസി), കോർപ്പറേറ്റ്, വ്യവസായം, വിദ്യാഭ്യാസം, വിവരസാങ്കേതികവിദ്യ (ഐടി) എന്നീ മേഖലകളിൽ നിന്നുള്ള പ്രഗത്ഭരായ ഉദ്യോഗസ്ഥരാണ് ഈ ഉദ്യോഗാർത്ഥികളിൽ ഉൾപ്പെടുന്നത്.

ഉദ്യോഗാർത്ഥികളുടെ മാനേജ്മെന്റ് കഴിവുകൾ, വൻകിട പരിപാടികളും വലിയ ജീവനക്കാരുടെ നിരയെയും കൈകാര്യം ചെയ്യുന്നതിലെ പരിചയസമ്പത്ത്, നേതൃപാടവം, സാങ്കേതിക വൈദഗ്ദ്ധ്യം, ആശയവിനിമയ ശേഷി, ഭാവി വീക്ഷണം (വിഷൻ), തന്ത്രപരമായ ആസൂത്രണം (സ്ട്രാറ്റജിക് പ്ലാനിംഗ്) എന്നിവ വിലയിരുത്തിയാണ് അഭിമുഖം നടത്തിയത്. സെർച്ച് കമ്മിറ്റി ഇനി അന്തിമ ഉദ്യോഗാർത്ഥികളെ വിലയിരുത്തിയ ശേഷം മൂന്ന് പേരുകളടങ്ങിയ പാനൽ ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റിന് സമർപ്പിക്കും.

അന്തിമ നിയമനം ട്രസ്റ്റ് ഔദ്യോഗികമായി പ്രഖ്യാപിക്കും. ദിവസേന വൻതോതിൽ ഭക്തർ സന്ദർശിക്കുകയും കാണിക്ക അർപ്പിക്കുകയും ചെയ്യുന്ന രാമക്ഷേത്രത്തിലെ പ്രവർത്തനങ്ങളുടെ വ്യാപ്തി വർധിച്ച സാഹചര്യത്തിലാണ് കാണിക്ക എണ്ണൽ പ്രക്രിയ കൂടുതൽ ശക്തമാക്കാനുള്ള ട്രസ്റ്റിന്റെ പുതിയ നടപടികൾ വരുന്നത്.

കാണിക്ക എണ്ണുന്നത് മുതൽ പാക്ക് ചെയ്യുന്നതും, നിരീക്ഷിക്കുന്നതും, ബാങ്കിലേക്ക് കൊണ്ടുപോകുന്നതും ഉൾപ്പെടെയുള്ള മുഴുവൻ പ്രക്രിയകളും കൂടുതൽ സുരക്ഷിതവും സുതാര്യവും ഉത്തരവാദിത്തമുള്ളതുമാക്കുകയാണ് ഈ മാറ്റങ്ങളുടെ പ്രധാന ലക്ഷ്യം.