ന്യൂഡൽഹി: യുഎസുമായി ബന്ധം വഷളാവുകയും ചൈനയോട് ഇന്ത്യ കൂടുതൽ അടുക്കുകയും ചെയ്യുന്നതിനിടെ ഇക്കാര്യങ്ങൾ വ്യക്തമാക്കി പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന്റെ പ്രസ്താവന. ലോകത്ത് സ്ഥിരം ശത്രുക്കളോ മിത്രങ്ങളോ ഇല്ല, സ്ഥിരം താൽപ്പര്യങ്ങൾ മാത്രമേയുള്ളൂ എന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പറഞ്ഞു.
ഇന്ത്യയുടെ നയവും തന്ത്രവും സ്വാശ്രയത്വവും ശക്തമണെന്നും ഏത് ആഗോള സമ്മർദ്ദത്തെയും അതിജീവിച്ച് രാജ്യം കൂടുതൽ ശക്തമായി ഉയർന്നുവരുമെന്നും ഇന്ത്യയ്ക്കെതിരെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചുമത്തിയ 50% തീരുവകളെ പരോക്ഷമായി പരാമർശിച്ചു രാജ്നാഥ് പറഞ്ഞു. നരേന്ദ്ര മോദി സർക്കാരിന് ഇന്ത്യയിലെ കർഷകരുടെയും ചെറുകിട വ്യാപാരികളുടെയും താൽപ്പര്യങ്ങൾ പരമപ്രധാനമാണെന്നും ഇക്കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു.
എൻഡിടിവി ഡിഫൻസ് സമ്മിറ്റ് 2025-നെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രതിരോധമന്ത്രി. ''സ്ഥിരം സുഹൃത്തുക്കളോ ശത്രുക്കളോ ഇല്ല, സ്ഥിരം താൽപ്പര്യങ്ങൾ മാത്രം. ഇന്ത്യ ആരെയും ശത്രുവായി കാണുന്നില്ല. ഞങ്ങളുടെ കർഷകരുടെയും സംരംഭകരുടെയും താൽപ്പര്യമാണ് ഞങ്ങൾക്ക് ഏറ്റവും പ്രധാനം. രാജ്യത്തിന്റെ ക്ഷേമത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും ഞങ്ങൾ തയ്യാറല്ല. എത്ര വലിയ സമ്മർദ്ദമുണ്ടായാലും ഇന്ത്യ അതിന്റെ കർഷകർ, ചെറുകിട വ്യവസായികൾ, കടയുടമകൾ, കന്നുകാലി വളർത്തുന്നവർ, സാധാരണ പൗരന്മാർ എന്നിവരുടെ താൽപ്പര്യങ്ങൾക്ക് ഏറ്റവും ഉയർന്ന മുൻഗണന നൽകുന്നത് തുടരും.''
''കൂടുതൽ മർദ്ദം പ്രയോഗിക്കുന്തോറും പാറ കൂടുതൽ ശക്തമാകുമെന്ന് നമ്മളെല്ലാവരും ഭൂമിശാസ്ത്രത്തിൽ പഠിക്കുന്നുണ്ട്. ഇന്ത്യയുടെ മേൽ എത്രത്തോളം സമ്മർദ്ദം ചെലുത്തുന്നുവോ അത്രയധികം അത് ശക്തമായ പാറയായി മാറുമെന്ന് ഉറപ്പാണ്.'' പ്രതിരോധ മന്ത്രി കൂട്ടിച്ചേർത്തു. നേരത്തെ അഹമ്മദാബാദിൽ നടന്ന റാലിയിൽ, ഇന്ത്യ ഒരു സമ്മർദ്ദത്തിനും വഴങ്ങില്ലെന്നും അതിനെ നേരിടാനുള്ള ശക്തി വർദ്ധിപ്പിക്കുമെന്നും പ്രധാനമന്ത്രി മോദി ട്രംപിന് പരോക്ഷമായ സന്ദേശം നൽകിയിരുന്നു.
''സാമ്പത്തിക സ്വാർത്ഥതാൽപ്പര്യങ്ങളാൽ നയിക്കപ്പെടുന്ന രാഷ്ട്രീയം ഇന്ന് ലോകത്ത് നടക്കുന്നത് നിങ്ങൾക്കെല്ലാവർക്കും കാണാൻ കഴിയും. അഹമ്മദാബാദിലെ ഈ മണ്ണിൽനിന്ന്, എന്റെ ചെറുകിട സംരംഭകരോടും കടയുടമകളോടും കർഷകരോടും കന്നുകാലി വളർത്തുന്നവരോടും ഞാൻ പറയാൻ ആഗ്രഹിക്കുന്നു, മോദിയെ സംബന്ധിച്ചിടത്തോളം നിങ്ങളുടെ താൽപ്പര്യമാണ് പ്രധാനം. ചെറുകിട സംരംഭകർക്കോ കർഷകർക്കോ കന്നുകാലി വളർത്തുന്നവർക്കോ ഒരു ദോഷവും വരാൻ എന്റെ സർക്കാർ അനുവദിക്കില്ല. എത്ര സമ്മർദ്ദമുണ്ടായാലും, അതിനെ നേരിടാനുള്ള ശക്തി നമ്മൾ വർദ്ധിപ്പിച്ചു കൊണ്ടേയിരിക്കും.'' പ്രധാനമന്ത്രി മോദി പറഞ്ഞു.
ഓഗസ്റ്റ് 31-ന് ഷാങ്ഹായി ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയിലേക്ക് നടത്തുന്ന സന്ദർശനം, ട്രംപിന്റെ തീരുവതന്ത്രങ്ങൾക്കിടയിൽ ഇന്ത്യ-ചൈന ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള ചുവടുവെപ്പായാണ് കാണുന്നത്. ഏഴ് വർഷത്തിനിടെ ചൈനയിലേക്കുള്ള മോദിയുടെ ആദ്യയാത്രയാണിത്. അതേസമയം, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് മാർച്ചിൽ ഇന്ത്യൻ രാഷ്ട്രപതി ദ്രൗപതി മുർമുവിന് ബന്ധം പുനഃസ്ഥാപിക്കാൻ ആവശ്യപ്പെട്ട് കത്ത് അയച്ചതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു.
Content Highlights: Rajnath Singh emphasizes India`s self-reliance and commitment to its people`s interests
Published: 30 Aug 2025, 02:17 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented