വില്ലേജ് കമ്മിറ്റി തിരഞ്ഞെടുപ്പില് തിപ്ര മോത നേടിയ വിജയത്തിന് പിന്നാലെയാണ് പ്രഖ്യാപനം

അഗർത്തല: ത്രിപുരയിലെ രാജകുടുംബാംഗവും തിപ്ര മോത മേധാവിയുമായ പ്രദ്യോത് കിഷോർ മണിക്യ ദേബ്ബർമ സജീവ രാഷ്ട്രീയം വിടുന്നു. അടുത്ത മാസം മുതൽ താൻ സജീവ രാഷ്ട്രീയത്തിലുണ്ടാകില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. എന്നാൽ ജനങ്ങളുടെ അവകാശങ്ങൾക്കായി തുടർന്നും ശബ്ദമുയർത്തുമെന്നും രാഷ്ട്രീയത്തിന് പുറത്തുനിന്ന് ജനങ്ങൾക്കൊപ്പം പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അടുത്തിടെ നടന്ന വില്ലേജ് കമ്മിറ്റി തിരഞ്ഞെടുപ്പിൽ തിപ്ര മോത നേടിയ വിജയത്തിന് പിന്നാലെയാണ് പ്രദ്യോത് ദേബ്ബർമയുടെ പ്രഖ്യാപനം. തിരഞ്ഞെടുപ്പ് വിജയത്തിൽ ആഘോഷിക്കേണ്ട സമയമല്ല ഇതെന്നും യഥാർഥ ആഘോഷം ത്രിപുര കരാർ പൂർണമായി നടപ്പാക്കുമ്പോഴായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിന് പിന്നാലെ നടത്തിയ ലൈവ് സെഷനിലായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സജീവ രാഷ്ട്രീയം വിടാനുള്ള തീരുമാനത്തിന് പിന്നിൽ ആരോഗ്യപരവും വ്യക്തിപരവുമായ കാരണങ്ങളാണെന്നും ദേബ്ബർമ വെളിപ്പെടുത്തി.
വില്ലേജ് കമ്മിറ്റി തിരഞ്ഞെടുപ്പിലെ വിജയം ഒരു രാഷ്ട്രീയ പാർട്ടിയുടേതല്ലെന്നും ഗ്രാമങ്ങളിലെ ജനങ്ങളുടേതാണെന്നും പ്രദ്യോത് ദേബ്ബർമ പറഞ്ഞു. വർഷങ്ങളായി വിവിധ കാരണങ്ങളാൽ തിരഞ്ഞെടുപ്പ് നടക്കാതെ പോയ ഗ്രാമങ്ങളിലെ ജനങ്ങൾക്കാണ് ഈ വിജയത്തിന്റെ അവകാശം. പുതുതായി തിരഞ്ഞെടുക്കപ്പെട്ട വില്ലേജ് കമ്മിറ്റി അധ്യക്ഷർ ഗ്രാമങ്ങളുടെ വികസനത്തിനായി സത്യസന്ധമായി പ്രവർത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ടിപ്ര മോതയുടെ തിരഞ്ഞെടുപ്പ് വിജയത്തെ അന്തിമ നേട്ടമായി കാണരുതെന്നും അദ്ദേഹം പാർട്ടി പ്രവർത്തകരോടായി പറഞ്ഞു. ജനങ്ങളുടെ അവകാശങ്ങൾ ത്രിപുര കരാറിലൂടെ ലഭ്യമാകുമ്പോഴാണ് യഥാർഥ ആഘോഷമെന്നും അദ്ദേഹം ആവർത്തിച്ചു. 2024 മാർച്ചിലാണ് കേന്ദ്ര സർക്കാരും ത്രിപുര സർക്കാരും തിപ്ര മോത നേതൃത്വവും തമ്മിൽ കരാർ ഒപ്പുവച്ചത്.
ത്രിപുര കരാർ നടപ്പാക്കുന്നതിൽ ഇനി കാലതാമസം ഉണ്ടാകരുതെന്നും പ്രദ്യോത് ദേബ്ബർമ ആവശ്യപ്പെട്ടു. കരാർ നടപ്പാക്കൽ ഒരു മാസത്തിനുള്ളിൽ ആരംഭിക്കുമെന്ന് നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും മുഖ്യമന്ത്രി മണിക് സാഹയും പറഞ്ഞിരുന്നതായി അദ്ദേഹം ഓർമിപ്പിച്ചു. സമയം അതിക്രമിച്ചുവെന്നും ഇനിയും വൈകുന്നത് ജനങ്ങളോട് ചെയ്യുന്ന അനീതിയും വഞ്ചനയുമാകുമെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങളുടെ അവകാശങ്ങൾ ഒരു പദവിക്കോ സ്ഥാനത്തിനോ വേണ്ടി വിട്ടുവീഴ്ച ചെയ്യരുതെന്നും തിപ്ര മോത നേതാക്കളോട് ദേബ്ബർമ മുന്നറിയിപ്പ് നൽകി. അത്തരമൊരു സാഹചര്യം ഉണ്ടായാൽ താൻ ജനങ്ങൾക്കൊപ്പം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. രഞ്ജിത് ദേബ്ബർമ, ബിജോയ് ഹ്വരങ്കൽ, സി.കെ. ജമാതിയ, പൂർണചന്ദ്ര ജമാതിയ, ഭബൻ രഞ്ജൻ റിയാങ് തുടങ്ങിയ മുതിർന്ന നേതാക്കൾ ഇനി രാഷ്ട്രീയ നേതൃത്വം ഏറ്റെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: Tipra Motha founder and Tripura royal Pradyot Kishore Manikya Debbarma announced his decision to step down from active electoral politics next month, citing health and personal reasons following a recent poll victory.
Published: 07 Oct 2026, 09:01 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented