ന്യൂഡൽഹി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ 'വിഷ്ണുവിന്റെ അവതാരം' എന്ന് വിശേഷിപ്പിച്ച് ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിങ് ടോബ്‌ഗേ. 'ആൻ അവതാർ ഫോർ ഔർ ടൈംസ്' എന്ന പേരിൽ ഓൺലൈനിൽ പങ്കുവെച്ച ലേഖനത്തിലായിരുന്നു വിശേഷണം. 2019 ജൂലൈയിൽ നടന്ന ഒരു സ്വകാര്യ കൂടിക്കാഴ്ചയിലാണ് താൻ ആദ്യമായി ഈ പരാമർശം നടത്തിയതെന്നും തുടർന്നുള്ള വർഷങ്ങളിലെ മോദിയുടെ ഭരണപരിഷ്കാരങ്ങളും പരിവർത്തന നയങ്ങളും നിരീക്ഷിച്ചതോടെ തന്റെ ആ നിഗമനം പൂർണ്ണമായും ശരിയാണെന്ന് ബോധ്യപ്പെട്ടതായും ടോബ്‌ഗേ വ്യക്തമാക്കി.
മോദിയുടെ ഭരണരീതിയെ ഹിമാലയൻ പാരമ്പര്യങ്ങളുമായും ബുദ്ധമത പൈതൃകങ്ങളുമായും ഭൂട്ടാൻ പ്രധാനമന്ത്രി ബന്ധപ്പെടുത്തി. ഏകദേശം 13 വർഷത്തോളം ഗുജറാത്തിനെ നയിച്ച മോദി, പിന്നീട് ഇന്ത്യയിലുടനീളം ദേശീയ അടിസ്ഥാന സൗകര്യ വികസനത്തിലും ഭരണനിർവ്വഹണത്തിലും വരുത്തിയത് വലിയ മാറ്റങ്ങളാണ്. വെറുമൊരു ദർശനം മുന്നോട്ടുവെക്കുന്നതിനേക്കാൾ, സാമൂഹികവും സാമ്പത്തികവുമായ ഘടനാപരമായ മാറ്റങ്ങൾ നടപ്പിലാക്കാൻ വലിയ സമർപ്പണം ആവശ്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
2014 ജൂണിൽ അധികാരം ഏറ്റെടുത്തതിന് തൊട്ടുപിന്നാലെ മോദി നടത്തിയ ആദ്യ വിദേശ സന്ദർശനം ഭൂട്ടാനിലേക്കായിരുന്നു. അവിടെവെച്ച് അദ്ദേഹം "B4B: ഭാരത് ഫോർ ഭൂട്ടാൻ, ഭൂട്ടാൻ ഫോർ ഭാരത്" എന്ന മുദ്രാവാക്യം മുന്നോട്ടുവെച്ചിരുന്നു. ഭൂട്ടാന്റെ 11-ാമത്, 12-ാമത് പഞ്ചവത്സര പദ്ധതികൾക്ക് ഇന്ത്യ സാമ്പത്തിക സഹായം നൽകുകയും അടിസ്ഥാന സൗകര്യങ്ങൾ, ഊർജ്ജ ശൃംഖല വികസനം എന്നിവയ്ക്ക് പിന്തുണ നൽകുകയും ചെയ്തു. ഭൂട്ടാന്റെ ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതിയായ 'ഓർഡർ ഓഫ് ദി ഡ്രൂക്ക് ഗ്യാൽപോ' ലഭിക്കുന്ന ആദ്യ വിദേശ നേതാവെന്ന നേട്ടവും നരേന്ദ്ര മോദി സ്വന്തമാക്കിയിരുന്നു. ഭൂട്ടാൻ രാജാവ് ജിഗ്മേ ഖേസർ നംഗ്യേൽ വാങ്ചുക്കാണ് ഈ ബഹുമതി സമ്മാനിച്ചത്.
'വികസിത് ഭാരത് 2047' ദർശനത്തെക്കുറിച്ച് സംസാരിച്ച ടോബ്‌ഗേ, ഇന്ത്യയുടെ വളർച്ച പ്രാദേശിക സ്ഥിരത ഉറപ്പാക്കുമെന്നും "വികസിത് ഭാരത് എന്നാൽ വികസിത് ഭൂട്ടാൻ" ആണെന്നും വ്യക്തമാക്കി. മുൻനിര നയരൂപീകരണങ്ങളിൽ നിന്ന് മാറി ജനങ്ങളുടെ കൂട്ടായ പങ്കാളിത്തം ഉറപ്പാക്കുന്ന 'സബ്കാ പ്രയാസ്'മോദിയുടെ ഏറ്റവും വലിയ നേട്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Published: 07 Oct 2026, 09:33 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented