ന്യൂഡൽഹി: രക്ഷാബന്ധൻ പരസ്യത്തിലെ വസ്ത്രധാരണത്തിന്റെ പേരിൽ സൈബറാക്രമണം നേരിടുന്ന ബോളിവുഡ് നടി കൃതി സനോണ് പിന്തുണയുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഒരു സ്ത്രീ എന്ത് ധരിക്കുന്നു, എന്ത് ചെയ്യുന്നു, എവിടെ പോകുന്നു എന്നത് അവളുടെ വ്യക്തിപരമായ കാര്യമാണെന്ന് രാഹുൽ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. സ്ത്രീകൾ അവരുടെ സ്വാതന്ത്ര്യം വിനിയോഗിക്കുന്നതിന്റെ പേരിൽ അവളെ ട്രോളുന്നത് അവസാനിപ്പിക്കണമെന്നും രാഹുൽ പറഞ്ഞു.

To advertise here,

#SmashThePatriarchy (പുരുഷാധിപത്യത്തെ തകർക്കൂ) എന്ന ഹാഷ്ടാഗോടെയാണ് രാഹുൽ ഇൻസ്റ്റഗ്രാമിൽ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. കൃതി സനോൺ പങ്കുവെച്ച സ്റ്റോറിയും രാഹുൽ മെൻഷൻ ചെയ്തിട്ടുണ്ട്. പുണെയിൽ രാഹുൽ നടത്തിയ 'ഛാത്രോം കി ഗൂഞ്ച്' പരിപാടിയിൽ ഈ ഹാഷ്ടാഗ് രാഹുൽ ഉപയോഗിച്ചിരുന്നു.

രാഹുലിന് മറുപടിയെന്നോണം ബിജെപി ഇൻസ്റ്റഗ്രാം ഹാൻഡിലിൽ വിമർശന പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്. ‘പുരുഷാധിപത്യം തകർക്കൂ’ എന്ന ഹാഷ്ടാഗിനെതിരായ പോസ്റ്റ് ആണ് ബിജെപി ഔദ്യോഗിക ഹാൻഡിലിൽ പങ്കുവെച്ചത്. രാഹുലിന്റേതിന് സമാനമായ ഫോട്ടോയും പെൺകുട്ടിയുമാണ് ചിത്രത്തിൽ ഉള്ളത്. ഷാ ബാനോ, മുത്തലാഖ്, വനിതാ സംവരണ ബിൽ, കർണാടക മന്ത്രിസഭയിലെ വനിതകളുടെ അസാന്നിധ്യം തുടങ്ങിയവയാണ് പോസ്റ്റിൽ ചർച്ചയാക്കാൻ ശ്രമിക്കുന്നത്.

രക്ഷാബന്ധൻ ആഘോഷത്തിന്റെ പശ്ചാത്തലത്തിൽ ചിത്രീകരിച്ച ജ്വല്ലറി പരസ്യത്തിൽ കൃതി സനോൺ ധരിച്ച വസ്ത്രത്തെച്ചൊല്ലി സോഷ്യൽമീഡിയയിൽ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിനു പിന്നാലെ കൃതിയുടെ വസ്ത്രധാരണത്തെയും പരസ്യത്തിന്റെ രീതിയെയും പരിഹസിച്ച് ബി.ജെ.പി. എംപിയും നടിയുമായ കങ്കണ റണൗട്ട് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ രംഗത്തെത്തി. കൃതിയുടെ പേര് നേരിട്ട് പരാമർശിച്ചില്ലെങ്കിലും പരസ്യത്തെയും വസ്ത്രത്തെയും കൃത്യമായി ചൂണ്ടിക്കാണിച്ചായിരുന്നു കങ്കണയുടെ കുറിപ്പ്.

'സ്ത്രീയായിരിക്കാൻ ഏറ്റവും മികച്ച ഒരു കാലമാണിത്. നമ്മുടെ വാർഡ്രോബുകളിൽ വൈവിധ്യമാർന്ന വസ്ത്രങ്ങളുണ്ട്. ഇന്നത്തെ സ്ത്രീ ഒരു ആഗോള സ്ത്രീയാണ്. കോക്ടെയ്ൽ വസ്ത്രങ്ങൾ, ലെഹംഗ ചോളി, ജീൻസ്, സാരി, ബിക്കിനി, സൽവാർ കമ്മീസ് എന്നിങ്ങനെ എത്രയോ ഓപ്ഷനുകൾ ഇന്നു നമുക്ക് മുന്നിലുണ്ട്. അങ്ങനെയിരിക്കെ, ലഭ്യമായ എല്ലാ ഓപ്ഷനുകളും നിലനിൽക്കെ തന്റെ സഹോദരന് ബിക്കിനിയിലോ അടിവസ്ത്രത്തിലോ നിന്നുകൊണ്ടാണോ ഒരാൾ രാഖി കെട്ടുന്നത്? നിങ്ങളുടെ സ്‌റ്റൈലിങ് ഓപ്ഷനുകളൊക്കെ എവിടെപ്പോയി? ഹഹ, ഈ പരസ്യം അറപ്പ് ഉളവാക്കുന്ന ഒന്നായി തോന്നുന്നു', എന്നായിരുന്നു കങ്കണ കുറിച്ചത്.

ബിജെപി ഹാൻഡിലിൽ രാഹുൽ ഗാന്ധിയ്ക്കെതിരേ പോസ്റ്റ് ചെയ്ത ചിത്രങ്ങൾ കങ്കണ തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയാക്കുകയും ചെയ്തിട്ടുണ്ട്.

എന്നാൽ, ആഘോഷങ്ങളുടെ യഥാർഥ സംസ്‌കാരവും പാരമ്പര്യവും നിലനിൽക്കുന്നത് ഒരാളുടെ വസ്ത്രധാരണത്തിലല്ല, മറിച്ച് ഹൃദയത്തിലാണെന്ന് മറുപടിയുമായി കൃതി സനോൺ പിന്നീട് രംഗത്തെത്തി. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് സൈബർ അധിക്ഷേപങ്ങൾക്കെതിരെ കൃതി തുറന്നടിച്ചത്.

ജ്വല്ലറി ബ്രാൻഡിന്റെ രക്ഷാബന്ധൻ പരസ്യ ചിത്രത്തിലാണ് ബ്രാലെറ്റ് മാതൃകയിലുള്ള ബ്ലൗസും കേപ്പും ഡ്രേപ്ഡ് സ്‌കർട്ടും ധരിച്ച് കൃതി സനോൺ എത്തിയത്. പരസ്യത്തിൽ താരം സഹോദരനും വളർത്തുനായയ്ക്കും രാഖി കെട്ടുന്നതാണ് കാണിക്കുന്നത്.