മുംബൈ: ഓട്ടോറിക്ഷ ഓടിച്ച് ജീവിതം പുലര്‍ത്തിയിരുന്ന സാരിക മെസ്ത്രി എന്ന യുവതിക്ക് ഈ വര്‍ഷത്തെ രക്ഷബന്ധന്‍ ഏറെ പ്രത്യേകതകള്‍ നിറഞ്ഞതാണ്. സഹോദരതുല്യനായ ഒരു വ്യക്തിയേയും അദ്ദേഹത്തിന്റെ സമ്മാനമായി പുതിയൊരു ഓട്ടോറിക്ഷയുമാണ് ഈ യുവതിയെ തേടി എത്തിയിരിക്കുന്നത്. ജീവകാരുണ്യ പ്രവര്‍ത്തകനായ ഡോ.അനില്‍ കാശി മുറാര്‍ക്കയാണ് സാരികയ്ക്ക് സ്വന്തമായി ഓട്ടോറിക്ഷ വാങ്ങി നല്‍കിയത്. 

To advertise here,

മുംബൈയുടെ സമീപപ്രദേശമായ അംബോലി സ്വദേശിനിയാണ് സാരിക. ഓട്ടോ ഡ്രൈവര്‍ ആയിരുന്ന ഭര്‍ത്താവിന് ക്യാന്‍സര്‍ സ്ഥിരീകരിച്ചതോടെയാണ് വിട്ടുചെലവും മറ്റും നടത്തുന്നതിനായി സാരികയ്ക്ക് ഓട്ടോഡ്രൈവറാകേണ്ടി വന്നത്. ഒരു ദിവസം തന്റെ ഓട്ടോറിക്ഷയ്ക്ക് ലഭിച്ച സവാരിയിലൂടെയാണ് ജീവകാരുണ്യ പ്രവര്‍ത്തകനായ ഡോ. അനില്‍ കാശി മുറാര്‍ക്കയെ കാണുന്നത്. ഈ യാത്രയാണ് ജീവതത്തില്‍ വലിയ വഴിത്തിരിവായിരിക്കുന്നത്.

വാടകയ്ക്ക് എടുക്കുന്ന ഓട്ടോറിക്ഷയാണ് സാരിക ഓടിച്ചിരുന്നത്. എന്നാല്‍, ദൈനംദിന ചെലവുകളും വാഹനത്തിന്റെ വാടകയും എല്ലാ കഴിഞ്ഞ് തുച്ഛമായ പണം മാത്രമാണ് സാരികയ്ക്ക് മിച്ചം പിടിക്കാന്‍ സാധിച്ചത്. മുറാര്‍ക്കയുമായുള്ള യാത്രയിലെ സൗഹൃദ സംഭാഷണത്തില്‍ നിന്നാണ് സാരികയുടെ അവസ്ഥ അദ്ദേഹം തിരിച്ചറിഞ്ഞത്. താന്‍ സമ്പാദിക്കുന്ന ഓരോ രൂപയും കുടുംബത്തിനും ചെലവഴിക്കുകയും കുട്ടികള്‍ക്കായി സൂക്ഷിച്ച് വയ്ക്കുകയും ചെയ്യുകയെന്നാണ് തന്റെ ആഗ്രഹമെന്നാണ് സാരിക അദ്ദേഹത്തോട് പറഞ്ഞത്. 

യാത്ര അവസാനിച്ചെങ്കിലും ഇവര്‍ക്ക് സ്വന്തമായി ഒരു ഓട്ടോ വാങ്ങി നല്‍കണമെന്ന് മുറാര്‍ക്ക തീരുമാനിക്കുകയായിരുന്നു. ഇതേതുടര്‍ന്നാണ് അദ്ദേഹം പുതിയ ഒരു ഓട്ടോ വാങ്ങുകയും ഇക്കഴിഞ്ഞ ശനിയാഴ്ച അന്ധേരിയിലെ ലോഖണ്ഡ്‌വാലയില്‍ വെച്ച് സാരികയ്ക്ക് കൈമാറുകയും ചെയ്തത്. ജീവിതത്തില്‍ ഏറ്റവും വലിയ സന്തോഷം സ്വതന്ത്രമായി ജീവിക്കുകയെന്നതാണ്. ഈ സന്തോഷം സാരികയ്ക്ക് നല്‍കാനാണ് താന്‍ ലക്ഷ്യമിട്ടതെന്നാണ് മുറാര്‍ക്ക അറിയിച്ചത്. 

രക്ഷാബന്ധന്‍ ദിനത്തില്‍ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷവുമായി എത്തിയ മുറാര്‍ക്കയെ തന്റെ മൂത്ത സഹോദരനായാണ് കാണുന്നതെന്നും രാഖി കെട്ടി ഇത് വീണ്ടും ഉറപ്പിക്കുകയാണെന്നുമാണ് സാരിക പറഞ്ഞത്. ഈ ഉത്സവവേള എന്റെ ജീവിതത്തിന്റെ ഏറ്റവും വലിയ സ്വപ്‌നം സാക്ഷാത്കരിച്ചതിന്റെ സന്തോഷത്തിലാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പുതുതായി ലഭിച്ച ഓട്ടോയില്‍ മുറാര്‍ക്കയുമായി ചെറിയൊരു സവാരിയും സാരിക നടത്തി.

Image Source