രക്ഷാബന്ധൻ ആഘോഷവുമായി ബന്ധപ്പെട്ട ജ്വല്ലറി പരസ്യത്തിലെ വസ്ത്രധാരണത്തിന്റെ പേരിൽ നേരിട്ട സൈബർ ആക്രമണങ്ങൾക്ക് മറുപടിയുമായി ബോളിവുഡ് നടി കൃതി സനോൺ. ആഘോഷങ്ങളുടെ യഥാർഥ സംസ്‌കാരവും പാരമ്പര്യവും നിലനിൽക്കുന്നത് ഒരാളുടെ വസ്ത്രധാരണത്തിലല്ല, മറിച്ച് ഹൃദയത്തിലാണെന്ന് താരം വ്യക്തമാക്കി. ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് സൈബർ അധിക്ഷേപങ്ങൾക്കെതിരെ കൃതി തുറന്നടിച്ചത്.

To advertise here,

സ്വകാര്യ ജ്വല്ലറി ബ്രാൻഡിന്റെ രക്ഷാബന്ധൻ പരസ്യ ചിത്രത്തിലാണ് ബ്രാലെറ്റ് മാതൃകയിലുള്ള ബ്ലൗസും കേപ്പും ഡ്രേപ്ഡ് സ്‌കർട്ടും ധരിച്ച് കൃതി സനോൺ എത്തിയത്. പരസ്യത്തിൽ താരം സഹോദരനും വളർത്തുനായയ്ക്കും രാഖി കെട്ടുന്നതുമാണ് കാണിക്കുന്നത്. എന്നാൽ, രക്ഷാബന്ധൻ പരസ്യത്തിൽ ഇത്തരമൊരു വസ്ത്രധാരണം അനുയോജ്യമല്ലെന്നും ഇത് സംസ്‌കാരത്തിന് നിരക്കാത്തതാണെന്നും ആരോപിച്ച് സോഷ്യൽ മീഡിയയിൽ ഒരു വിഭാഗം ആളുകൾ താരത്തിനെതിരെ വിമർശനം ഉന്നയിക്കുകയായിരുന്നു.

'ആഘോഷങ്ങളുടെ സത്ത നിങ്ങൾ ധരിക്കുന്ന വസ്ത്രങ്ങളിലല്ല, മറിച്ച് പാരമ്പര്യങ്ങളോട് നിങ്ങൾ വെച്ചുപുലർത്തുന്ന വികാരങ്ങളിലാണ്. രക്ഷാബന്ധൻ എന്നത് സംരക്ഷണത്തിന്റെ സ്‌നേഹബന്ധമാണ്. എന്റെ സഹോദരിയും ഞാനും പരസ്പരം രാഖി കെട്ടാറുണ്ട്. സഹോദരനെപ്പോലെ പരസ്പരം സംരക്ഷിക്കാൻ കഴിയുമെന്ന് ഞങ്ങൾക്കറിയാം. പരസ്പരം ആരോഗ്യത്തിനും സന്തോഷത്തിനും ആയുർദൈർഘ്യത്തിനും വേണ്ടി ഞങ്ങൾ പ്രാർഥിക്കുന്നു', നടി കുറിച്ചു.

'ഞങ്ങളെ സംബന്ധിച്ചിടത്തോളം ഈ പ്രാർഥനയും വാഗ്ദാനവും ഞങ്ങളുടെ വളർത്തുനായകൾക്കും കൂടിയുള്ളതാണ്. എല്ലാത്തിനുമുപരി, അവരും ഞങ്ങളുടെ കുടുംബമാണ്', വിമർശനങ്ങളോട് നടി പ്രതികരിച്ചു.

'സ്ത്രീകൾ എന്ത് ധരിക്കണമെന്ന് പറയുന്നത് നമ്മൾ എന്നാണ് അവസാനിപ്പിക്കുക? എത്‌നിക് ഫാഷനിൽ കാലക്രമേണ മാറ്റങ്ങളുണ്ടായിട്ടുണ്ട്. എന്നിട്ടും ഒരു സ്ത്രീക്ക് അവളുടെ സംസ്‌കാരത്തോടുള്ള ബഹുമാനം ഇപ്പോഴും അളക്കുന്നത് അവളുടെ വസ്ത്രങ്ങൾ വെച്ചാണ്! സംസ്‌കാരവും പാരമ്പര്യവും ഹൃദയത്തിലാണ്, അല്ലാതെ കഴുത്തിന്റെ ആകൃതിയിലോ വസ്ത്രത്തിലോ അല്ല!', അവർ കൂട്ടിച്ചേർത്തു.

പരസ്യത്തിലെ വസ്ത്രധാരണത്തിനെതിരെ കൃതിക്കെതിരെ വിമർശനവുമായി നടിയും ബി.ജെ.പി. എം.പിയുമായ കങ്കണ റണൗട്ട് ഉൾപ്പെടെ രംഗത്തെത്തിയിരുന്നു. മറ്റ് വസ്ത്രങ്ങൾ ഉണ്ടെന്നിരിക്കെ സഹോദരന് ബിക്കിനിയോ അടിവസ്ത്രമോ ധരിച്ചുകൊണ്ടാണോ ഒരാൾ രാഖി കെട്ടേണ്ടത് എന്നായിരുന്നു കങ്കണയുടെ ചോദ്യം. പരസ്യം അറപ്പുളവാക്കുന്നതാണെന്നും കങ്കണ കൂട്ടിച്ചേർത്തു. വസ്ത്രധാരണത്തിൽ അതിരുകൾ വേണമെന്ന് ഉപദേശിച്ച കങ്കണ, പരസ്യത്തിന്റെ ആശയം തികച്ചും അനുചിതമാണെന്ന് തുറന്നടിക്കുകയും ചെയ്തു.