ലഖ്നൗ: ലോക്സഭാ പ്രതിപക്ഷ നേതാവും മുൻ കോൺഗ്രസ് അധ്യക്ഷനുമായ രാഹുൽ ഗാന്ധി അയോധ്യയിലെ രാമക്ഷേത്രത്തിൽ സന്ദർശനം നടത്തിയേക്കുമെന്ന റിപ്പോർട്ടുകൾക്കിടയിൽ എതിർപ്പുമായി ഒരു വിഭാഗം സന്യാസിമാർ. 2024-ൽ ക്ഷേത്രത്തിന്റെ 'പ്രതിഷ്ഠാ ചടങ്ങ്' ഒരു രാഷ്ട്രീയ നാടകമായി അദ്ദേഹത്തിന്റെ പാർട്ടി വിശേഷിപ്പിച്ചതിനാൽ രാമക്ഷേത്രത്തിൽ പ്രവേശിക്കാൻ അനുവദിക്കരുതെന്നാണ് ആവശ്യം. രാഹുൽ ഗാന്ധി ഒരു ഹിന്ദു അല്ലെന്നും അതിനാൽ രാമക്ഷേത്രത്തിൽ പ്രവേശിക്കാൻ അനുവദിക്കരുതെന്നും ജ്യോതിർമഠ് ശങ്കരാചാര്യയും സന്യാസിയുമായ സ്വാമി അവിമുക്തേശ്വരാനന്ദ പറഞ്ഞു.

To advertise here,

ശ്രീ രാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റിനോട് രാഹുൽ ഗാന്ധിയെ രാമക്ഷേത്രത്തിൽ പ്രവേശിക്കാൻ അനുവദിക്കരുതെന്ന് അഭ്യർത്ഥിക്കുന്നു. ഹിന്ദുക്കളെ അധിക്ഷേപിക്കുന്ന ഒരാൾ അവിടെ പോകാൻ യോഗ്യനല്ലെന്നും അവിമുക്തേശ്വരാനന്ദ പറഞ്ഞു. കഴിഞ്ഞ വർഷം 'മനുസ്മൃതി'ക്കെതിരെ സംസാരിച്ചതിന്റെ പേരിൽ രാഹുൽ ഗാന്ധിയെ ഹൈന്ദവതയിൽനിന്ന് പുറത്താക്കുന്നു എന്ന് പ്രഖ്യാപിച്ച വ്യക്തിയാണ് അവിമുക്തേശ്വരാനന്ദ.

അയോധ്യയിൽ നിന്നുള്ള ഏതാനും സന്യാസിമാർ അവിമുക്തേശ്വരാനന്ദയുടെ ആവശ്യത്തെ പിന്തുണച്ചു. രാഹുൽ ഗാന്ധിയുടെ രാമക്ഷേത്ര സന്ദർശനം തന്ത്രമാണെന്ന് യുപിയിലെ സംസ്ഥാന ബിജെപി നേതാക്കൾ ആരോപിച്ചു.

അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഫോട്ടോ എടുക്കാനും രാഷ്ട്രീയലാഭം നേടാനും വേണ്ടിയുള്ളതാണെന്നും അവർ വിശേഷിപ്പിച്ചു. രാഹുൽ ഗാന്ധിയുടെ സന്ദർശനത്തെക്കുറിച്ച് കോൺഗ്രസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, പാർട്ടി എംപി തനുജ് പൂനിയ പറഞ്ഞത് രാഹുൽ ഗാന്ധിക്ക് സമീപഭാവിയിൽ രാമക്ഷേത്രത്തിൽ സന്ദർശനം നടത്താൻ സാധ്യതയുണ്ടെന്നാണ്.