ലഖ്‌നൗ: അയോധ്യ രാമക്ഷേത്ര ട്രസ്റ്റുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ വിശദീകരണവുമായി മുൻ ജനറൽ സെക്രട്ടറി ചമ്പത് റായ്. ക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട എല്ലാ പ്രധാന തീരുമാനങ്ങളും എടുത്തത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി നൃപേന്ദ്ര മിശ്രയുടെ നേതൃത്വത്തിലുള്ള നിർമാണ സമിതിയാണെന്ന് അദ്ദേഹം തുറന്ന കത്തിൽ വ്യക്തമാക്കി.
രാമക്ഷേത്ര സംഭാവനക്കൊള്ളയെത്തുടർന്ന് ചമ്പത് റായിക്ക് ജനറൽ സെക്രട്ടറി സ്ഥാനം രാജിവെക്കേണ്ടിവന്നിരുന്നു. ചമ്പത് റായിക്കെതിരെ ആരോപണം ഉയർന്നിരുന്നുവെങ്കിലും ഉത്തർപ്രദേശ് സർക്കാർ നിയോഗിച്ച പ്രത്യേകാന്വേഷണ സംഘം (എസ്.ഐ.ടി.) ചമ്പത് റായിയെ കുറ്റവിമുക്തനാക്കിക്കൊണ്ട് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഇപ്പോൾ പുതിയ വെളിപ്പെടുത്തലുമായി അദ്ദേഹം രംഗത്തെത്തിയത്.
ക്ഷേത്രഭൂമി തിരിച്ചുപിടിക്കാൻ നടത്തിയ പോരാട്ടങ്ങളും ക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട കാര്യങ്ങളും ചമ്പത് റായ് കത്തിൽ വിശദീകരിക്കുന്നുണ്ട്. 'ശ്രീരാമ ജന്മഭൂമി ക്ഷേത്ര നിർമാണ കമ്മിറ്റിയിൽ മിശ്ര തനിക്ക് ഇഷ്ടപ്പെട്ട ആളുകളെ ഉൾപ്പെടുത്തി. ആറുവർഷത്തിനിടെ ഇവരിൽ ചിലർ ഒന്നോ രണ്ടോ തവണ മാത്രമേ അയോധ്യയിൽ എത്തിയിട്ടുള്ളൂ. മറ്റൊരാളിൽനിന്ന് സുരക്ഷയുമായി ബന്ധപ്പെട്ട നിർദേശങ്ങൾ മാത്രമേ തേടിയിട്ടുള്ളൂ. മൂന്നാമത്തെ അംഗം പതിവായി മിശ്രയുമായുള്ള മീറ്റിങ്ങുകളിൽ പങ്കെടുക്കാറുണ്ടായിരുന്നു. മാസത്തിലൊരു തവണ, അല്ലെങ്കിൽ 15 ദിവസം കൂടുമ്പോഴോ യോഗങ്ങൾ ചേർന്നിരുന്നുവെന്ന് ചമ്പത് റായ് പറഞ്ഞു.
ക്ഷേത്രനിർമാണ പുരോഗതി വിലയിരുത്താൻ നൃപേന്ദ്ര മിശ്ര കഴിഞ്ഞ ദിവസം അയോധ്യയിൽ എത്തിയിരുന്നു. ഇതേസമയം തന്നെയാണ് ഇദ്ദേഹത്തിന്റെ ഇടപെടലുകൾ സംശയത്തിന്റെ നിഴലിൽ നിർത്തിക്കൊണ്ട് ചമ്പത് റായിയുടെ കത്ത് പുറത്തുവരുന്നത്. ക്ഷേത്രത്തിന്റെ അനുബന്ധ കെട്ടിടങ്ങളുടെ നിർമാണം, രൂപകല്പന എന്നിവയ്ക്കായി നോയിഡയിലെ കമ്പനിയെ നിർദേശിച്ചത് നൃപേന്ദ്ര മിശ്രയായിരുന്നുവെന്നും കത്തിൽ പറയുന്നുണ്ട്.
ക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ കമ്മിറ്റി യോഗം ചേർന്നായിരുന്നു തീരുമാനമെടുത്തിരുന്നത്. എന്നാൽ, ഇതിൽ പലതും നൃപേന്ദ്ര മിശ്ര പിന്നീട് മാറ്റി. അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾക്കായിരുന്നു എപ്പോഴും മുൻഗണന. കമ്മിറ്റി അംഗങ്ങളുടെ അഭിപ്രായങ്ങളോ കമ്മിറ്റി തീരുമാനങ്ങളോ പലപ്പോഴും നടപ്പാക്കിയിരുന്നില്ലെന്നും ചമ്പത് റായ് ആരോപിച്ചു.
സംഭാവനക്കൊള്ളയിൽ കേസെടുത്തതിന് പിന്നാലെ ചമ്പത് റായിയും ട്രസ്റ്റ് അംഗം അനിൽ മിശ്രയും രാജിവെച്ചിരുന്നു. ചമ്പത് റായിക്ക് ക്ലീൻ ചിറ്റ് നൽകുന്ന എസ്.ഐ.ടി. റിപ്പോർട്ടാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. എന്നാൽ, നൃപേന്ദ്ര മിശ്രയ്‌ക്കെതിരായ ആരോപണങ്ങളാണ് ചമ്പത് റായ് ഇപ്പോൾ ഉന്നയിച്ചിരിക്കുന്നത്.
Content Highlights: Champat Rai claims Nripendra Misra altered key Ram temple construction decisions., SIT report previously cleared Champat Rai in the donation controversy., Misra allegedly prioritized his own choices and overridden committee decisions., Controversy surfaces as Nripendra Misra visits Ayodhya to review construction progress.
Published: 21 Aug 2026, 05:02 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented