ന്യൂഡൽഹി: പാർലമെന്റിൽ രാഹുൽ ഗാന്ധി നിരന്തരം ആവർത്തിച്ച 16-ാം നമ്പറിന് പിന്നിലെന്ത് എന്നാണ് ഇപ്പോൾ ചർച്ചകൾ നീങ്ങുന്നത്. വൈകാതെ തന്നെ താൻ പറഞ്ഞ 16-ാം നമ്പറിന് പിന്നിൽ എന്താണെന്ന് വ്യക്തമാകുമെന്ന സൂചനയും രാഹുൽ ഗാന്ധി നൽകുകയുണ്ടായി. ഇതോടെയാണ് പലതരത്തിലുള്ള ചർച്ചകളും മുമ്പോട്ട് പോകുന്നത്. 16 എന്ന നമ്പർ എഴുതിയ കടലാസ് രാഹുൽ സഭയിൽ ഉയർത്തിക്കാട്ടുകയും ചെയ്തിരുന്നു.

To advertise here,

'പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗിക്കുന്നത് കഴിഞ്ഞ ദിവസം ഞാൻ ഇവിടെ ഇരുന്നുകൊണ്ട് നോക്കിക്കാണുകയായിരുന്നു. ഊർജ്ജം നഷ്ടപ്പെട്ട്, ഒന്നിലും താത്പര്യമില്ലാത്ത പോലെ... എല്ലാവർക്കും വ്യക്തമായി അറിയാം, ഈ ബില്ല് കൊണ്ടുവന്ന് പാസാക്കിയെടുക്കാൻ ശ്രമിച്ചത് തെറ്റായിപ്പോയി എന്ന്. അതൊരു പാനിക് ആക്ഷൻ കൂടിയായിരുന്നു. ഞാൻ എന്റെ ഫോൺ എടുത്തു തീയതി നോക്കി, 16. അപ്പോഴാണ് ഞാൻ ചിന്തിച്ചത്, ദൈവമേ, ഇതാണ് നമ്പർ, 16. കടങ്കഥയുടെ മുഴുവൻ ഉത്തരവും 16-ാം നമ്പറിലാണ്. എല്ലാം 16 എന്ന നമ്പറിൽ. ഇനി ആർക്കെങ്കിലും ഞാൻ എന്താണ് പറയുന്നതെന്ന് മനസ്സിലായെങ്കിൽ ദയവായി എനിക്ക് മെസ്സേജ് അയക്കൂ...'- രാഹുൽ ഗാന്ധി സഭയിൽ പറഞ്ഞു. എത്രയും പെട്ടെന്ന് തന്നെ 16-ാം നമ്പറിന് പിന്നിലുള്ള കാര്യം എല്ലാവർക്കും മനസ്സിലാകുമെന്നും അദ്ദേഹം പറഞ്ഞു.

പ്രസംഗത്തിന് പിന്നാലെ മാധ്യമങ്ങളും 16-ാം നമ്പറിനെക്കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം വ്യക്തമായ മറുപടി നൽകിയില്ല. അതൊരു സമസ്യയായിത്തന്നെ നിൽക്കട്ടെ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. നിങ്ങൾക്ക് എന്തെങ്കിലും അറിയാമെങ്കിൽ എനിക്ക് അയച്ചു നൽകൂ, ഞാൻ നോക്കാം എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

രാഹുലിന്റെ പ്രസംഗത്തിന് പിന്നാലെ '16 എപ്സ്റ്റീനുമായി ഏറെ സാമ്യം തോന്നുന്നു, അല്ലേ?' എന്ന് കോൺഗ്രസിന്റെ ഔദ്യോഗിക എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. രാഹുൽ ഗാന്ധിയുടെ പ്രസംഗത്തോടെയാണ് കുറിപ്പ്. നിരവധി പേർ ഇതുമായി ബന്ധപ്പെട്ട് എക്സിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.