ന്യൂഡൽഹി: മുൻ കരസേനാ മേധാവി ജനറൽ എം.എം. നരവനെയുടെ 'ഫോർ സ്റ്റാഴ്സ് ഓഫ് ഡെസ്റ്റിനി' എന്ന ആത്മകഥയുടെ ഹാർഡ്‌കവർ പതിപ്പ് രാഹുൽ ഗാന്ധി പാർലമെന്റിൽ പ്രദർശിപ്പിച്ച സംഭവത്തിൽ വിവാദം പുകയുന്നു.

To advertise here,

കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാത്തതിനാൽ ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത ഈ പുസ്തകം രാഹുൽ ഗാന്ധിയുടെ കൈകളിൽ എത്തിയത് ദുരൂഹമാണെന്ന് ഭരണപക്ഷം ആരോപിച്ചു. പ്രസിദ്ധീകരിക്കാത്ത ഒരു പുസ്തകത്തിന്റെ അച്ചടിച്ച കോപ്പി പാർലമെന്റിൽ എത്തിയത് സുരക്ഷാ ലംഘനമായാണ് അധികൃതർ വിലയിരുത്തുന്നത്. പുസ്തകം നിലവിലില്ലെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് വ്യക്തമാക്കിയ സാഹചര്യത്തിൽ, ഇതിന്റെ അനധികൃത വിതരണത്തെക്കുറിച്ച് ഡൽഹി പോലീസിന്റെ സ്പെഷ്യൽ സെൽ അന്വേഷണം ആരംഭിച്ചു.

പുസ്തകം ഇതുവരെ അച്ചടിക്കുകയോ ഡിജിറ്റൽ രൂപത്തിൽപോലും വിതരണം ചെയ്യുകയോ ചെയ്തിട്ടില്ലെന്ന് ഇതിന്റെ പ്രസാധകരായ ‘പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യ’ വ്യക്തമാക്കിയിട്ടുണ്ട്. ഈ പുസ്തകത്തിന്റെ സമ്പൂർണ പ്രസിദ്ധീകരണ അവകാശം തങ്ങൾക്കാണെന്നും എന്നാൽ അത് ഇതുവരെ പുറത്തിറക്കിയിട്ടില്ലെന്നുമാണ് കമ്പനിയുടെ വാദം. സാധാരണയായി പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട രചനകൾ പ്രസിദ്ധീകരിക്കുന്നതിന് പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി ആവശ്യമാണ്. 2020-നും 2024-നും ഇടയിൽ സമർപ്പിക്കപ്പെട്ട 35 പുസ്തകങ്ങൾക്ക് മന്ത്രാലയം അനുമതി നൽകിയപ്പോൾ, ജനറൽ നരവനെയുടെ പുസ്തകത്തിന് മാത്രമാണ് അനുമതി ലഭിക്കാതിരുന്നത്.

ഈ പുസ്തകത്തിലെ വിവാദമായ ചില ഭാഗങ്ങൾ 2023-ൽ വാർത്താ ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്തിരുന്നു. 'ദി കാരവൻ' മാഗസിനും ഈ കൃതിയുടെ ഉള്ളടക്കത്തെക്കുറിച്ച് റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരുന്നു. 

ഫെബ്രുവരി രണ്ടിന് നടന്ന ലോക്‌സഭാ ബജറ്റ് സമ്മേളനത്തിൽ, രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചർച്ചയിൽ രാഹുൽ ഗാന്ധി മനോജ് മുകുന്ദ് നരവനെയുടെ ഓർമക്കുറിപ്പുകൾ ലോക്സഭയിൽ വായിച്ചു. ദോക്‌ലാം വിഷയത്തിൽ കേന്ദ്രസർക്കാരിനുണ്ടായ വീഴ്ചയും ചൈന ഇന്ത്യൻ ഭൂപ്രദേശം കൈയേറി എന്നുമുള്ള വിമർശനങ്ങളാണ് രാഹുൽ ഉയർത്തിയത്. ഇതോടെയാണ് ഭരണപക്ഷത്തുനിന്ന് എതിർപ്പുകളുയർന്നത്.

ഇതുവരെ പ്രസിദ്ധീകരിക്കപ്പെടാത്ത ജനറൽ എം.എം. നരവനെയുടെ ഓർമ്മക്കുറിപ്പുകളിൽ കുട്ടിക്കാലം മുതൽ സൈനികസേവനത്തിന്‍റെ അവസാനകാലംവരെയുള്ള ഓർമകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.